28 മാരിവില്ലുപോലെ മനതാരിലൊന്നു വന്നു

 From Bhakthapriya Magazine June 2010

27 പീലിത്തിരുമുടി പീതാംബരം

From the Bhakthapriya Magazine July 2009

26 വക്തവ്യമല്ലഹോ ചിദ് പുരുഷാനന്ദം

വക്തവ്യമല്ലഹോ

വക്തവ്യമല്ലഹോ ചില്‍പുരുഷാനന്ദ
മെങ്കിലും ഞാന്‍ പാടുന്നു
ക്ഷന്തവ്യമല്ലവയെങ്കിലും
നിന്നെയെന്‍ വാക്കിനാല്‍ ഞാന്‍ വര്‍ണ്ണിച്ചു
എന്നെ കാണിക്കയായ്‌ സമര്‍പ്പിച്ചു

കേശാദി പാദം ദിവ്യപ്രഭയെന്നു
കേവലന്‍ ഞാന്‍ പുകഴ്ത്തി, നിന്നെ
കാണാതെ കണ്ടെന്നു നിനച്ചു
ഉള്ളിലിരുന്നു നീ പുഞ്ചിരി തൂകുമ്പോള്‍
ഉള്ളം തുറന്നു ഞാന്‍ പാടീ വീണ്ടും
ഉയിരിനെ ഉണര്‍ത്തുന്ന പ്രഭ തേടി.

എങ്ങും തിരയാതെ തന്നെത്തിരഞ്ഞപ്പോള്‍
ഉള്ളിലെ ഉലയിലും കനല്‍തെളിഞ്ഞൂ
തിങ്ങുന്ന സംസാര വേപഥു പോലുമീ
തല്‍സ്വരൂപത്തില്‍ സുകൃതമായീ ഞാനും
തല്‍സ്വരൂപത്താല്‍ പവിത്രമായി

25 സന്മയനേ ചിന്മയനേ

സന്മയനേ ചിന്മയനേ

സന്മയനേ ചിന്മയനേ
മാമലയില്‍ വാഴും നായകനേ
മഹിഷീ മര്‍ദ്ദന കന്മഷ നാശന
മാമക രക്ഷകനയ്യപ്പനേ

ഷണ്മുഖ സോദരഭഗവാനേ
കലി ദോഷമകറ്റും ചിദ്‌ പൊരുളേ
ചിന്മുദ്രകാട്ടി വിരാജിക്കും താരക
ബ്രഹ്മമേ കണ്‍കണ്ട ദൈവതമേ

കായബലത്തോടെ ബോധബലം നല്‍കും
കാനനം താണ്ടി ഞാനെത്തുമ്പോള്‍
എന്‍പുണ്യ പാപച്ചുമടുകളെല്ലാമേ
നടയിലര്‍പ്പിക്കുവാനാകണമേ

വന്‍പുലിയേറിയ ദേവ ദേവാ
മമ മനസ കാനനമേറിയാലും
അവിടുള്ള കാട്ടു മൃഗമാകും ഞാനെന്ന
ഭാവത്തിന്‍ പുറമേറി വാണാലും

പ്രത്യക്ഷമൂര്‍ത്തിയായ്‌ ശബരിമലയിതില്‍
വാണരുളുന്ന പരം പൊരുളേ
കൈവല്യമേകുമാ ദര്‍ശന പുണ്യത്തി-
നാളാക്കിയെന്നെ നയിക്കേണമേ

24 സ്വാമീ ശരണം അയ്യപ്പാ

സ്വാമീ  ശരണം അയ്യപ്പാ

സ്വാമീ  ശരണം അയ്യപ്പാ
ശബരി ഗിരീശാ മണികണ്ഠാ
ശരണാഗതരാം അടിയങ്ങള്‍
ചരണം തേടി വരുന്നയ്യാ

പമ്പാ ഗണപതി സോദരനയ്യന്‍
പന്തള രാജ കുമാരന്‍ ദേവന്‍
പാപ വിനാശക ചിന്മയ രൂപന്‍
പാരിന്‍ പരമ പൊരുളാം അയ്യന്‍

ഹരിഹര തനയന്‍ മാമല വാസന്‍
കര്‍പ്പൂര പ്രിയ ജ്യോതി സ്വരൂപന്‍
ശരണം തരുവോന്‍ മമ മണികണ്ഠന്‍
വരമായെന്നും ചരണം ശരണം

23 തിരുസന്നിധാനം

തിരുസന്നിധാനം  Audio


തിരു സന്നിധാനം


തിരു സന്നിധാനം തിരുസന്നിധാനം
ഹൃദയാഭിരാമന്റെ സന്നിധാനം
ചിന്മുദ്രയേന്തീ...
ചിന്മുദ്രയേന്തിയൊരയ്യപ്പ ചരണം
ഭക്തകോടികള്‍ക്കും പരമപദം
സര്‍വ്വ സിദ്ധിപ്രദായകം സന്നിധാനം

അയ്യപ്പന്മാരൊത്തു വിരിവെച്ചു പമ്പയില്‍
മൃഷ്ടാന്നമായൊരു സദ്യയുണ്ടു
സദ്യോദയം ഗുരുസ്വാമിയില്‍ നിന്നുമാ
ചില്‍പുരുഷന്‍ തന്‍ കഥകള്‍ കേട്ടു
അരവണപ്പായസം അളവോടെയുണ്ടു-
മുള്‍ത്താരുമൊരല്‍പ്പം പവിത്രമാക്കി
സന്നിധാനത്തിന്‍ വിശുദ്ധി കൊണ്ടയ്യനാം
അയ്യപ്പനാമാധികാരിയായി ഞാന്‍
അയ്യപ്പ നാമാധികാരിയായി

ഹരി വരാസനം വിശ്വമോഹനം...

ശബരിഗിരീശ്വര നിന്‍ നാമമല്ലാതെന്‍
നാവിന്റെ തുമ്പിലിന്നൊന്നുമില്ല
അവിടുത്തെ കര്‍പ്പൂര പ്രഭയുള്ളില്‍ തെളിയുന്നു
അടിയന്റെ മാനസം സന്നിധാനം
പാരിതില്‍ നാക സൌഭാഗ്യം വിളയുന്ന
തിരുനടയല്ലയോ സന്നിധാനം
സകല ചിന്താദികള്‍ തീരുന്നിടം
ജന്മ സുകൃത
പൂങ്കാവനം സന്നിധാനം
എന്നും വിമല പൂങ്കാവനം സന്നിധാനം

22 സാമീപ്യം സാരൂപ്യം, സായൂജ്യം

Audio Rendering

സാമീപ്യം, സാരൂപ്യം സായൂജ്യം

അയ്യപ്പനയ്യാ അയ്യപ്പനയ്യാ
ആശ്രിത വത്സല നയ്യാ
ആനന്ദ ജ്യോതി പ്രഭാവ സ്വരൂപാ
അദ്വൈത മൂര്‍ത്തിയാം അയ്യാ

അയ്യപ്പനയ്യാ അയ്യപ്പനയ്യാ

മണ്ഡലമായാല്‍ മന്മനമാകും
മന്ദിരമെല്ലാമണിഞ്ഞൊരുങ്ങും
മണികണ്ഠനയ്യന്‍ മനസ്സില്‍ നിറയും
മനമൊരു മലയിലെത്തും ശബരി
മലയിലെന്‍ മനസ്സുമെത്തും

അയ്യപ്പനയ്യാ അയ്യപ്പനയ്യാ

ശരണമന്ത്രങ്ങള്‍ ഉള്ളില്‍ നിറയും
സകലദുഖങ്ങളുമകലും ഞാന്‍
അയ്യന്റെ സാമീപ്യമറിയും
ധര്‍മ്മശാസ്താവിന്‍ സവിധം തേടും
സാന്ദ്രാനന്ദമറിയും ഞാനും
അയ്യനായ്‌ സാരൂപ്യമണിയും

അയ്യപ്പനയ്യാ അയ്യപ്പനയ്യാ

ഇരുമുടിക്കെട്ടുമായ്‌ മലയില്‍
ശരണം പണിഞ്ഞെത്തുമടിയന്‍
നെയ്യാഭിഷിക്തം ദിവ്യം
ധന്യമയ്യപ്പ ദര്‍ശനം തേടും
സന്നിധാനത്തിലെന്നയ്യനെക്കാണും
ജന്മസായൂജ്യമടയും ഞാന്‍
നരജന്മ സായൂജ്യമടയും

അയ്യപ്പനയ്യാ അയ്യപ്പനയ്യാ

21 മലയില്‍ മകരജ്യോതി

മലയില്‍ മകരജ്യോതി


അയ്യനേ അയ്യപ്പനേ ശാസ്താവേ ശരണം
അയ്യനേ അയ്യപ്പനേ ശരണം നീ മാത്രം
സ്വാമീ ശരണം നീ മാത്രം

മലയില്‍ മകരജ്യോതി പരത്തും
ആനന്ദപ്പൊരുളേ - സ്വാമീ
മനസ്സില്‍ പ്രേമപ്പൊരുളു നിറയ്ക്കും
അദ്വൈതക്കനിയേ - സ്വാമീ
ഉണരും പ്രണവപ്പൊരുളില്‍ വിശ്വം
നിറയും ഹരിഹരനേ - സ്വാമീ
ഇരുമുടി താങ്ങിയ ഭക്തമനസ്സിനു
ശരണം നീ മാത്രം സ്വാമീ
ശരണം നീ മാത്രം

ഉയര്‍ന്നുയര്‍ന്നു വരുന്നു കാട്ടില്‍
ശരണഘോഷങ്ങള്‍ -  സ്വാമീ
അകന്നകന്നു പോയ്‌ അഴലുകളെല്ലാം
അയ്യന്‍ തിരുനടയില്‍ - സ്വാമീ
വാനില്‍ ഉയരെ പറന്നു ചുറ്റും
പരുന്തു പോലെന്നും - സ്വാമീ
ആമയമില്ലാതാ തിരുനടയില്‍
അടിയനുമെത്തേണം - സ്വാമീ
അടിയനുമെത്തേണം

പതിനെട്ടാം പടികേറിയിറങ്ങി
ഭക്ത മന കോടി- സ്വാമീ
നെയ്യഭിഷേകം ചെയ്തു വിളങ്ങി
അയ്യന്‍ തിരുമേനി - സ്വാമീ
നെയ്യഭിഷേകം കണ്ടു കുളുര്‍ന്നു
കണ്ണുമകക്കണും - സ്വാമീ
തത്ത്വമസിക്കൊരു പ്രത്യക്ഷം നീ
ആത്മപരം ജ്യോതി - സ്വാമീ
മാമല വാഴും അയ്യന്‍ പോലെ
ഞാനുമൊരയ്യപ്പന്‍ - സ്വാമീ
ആത്മപരം ജ്യോതി

20 മന്ദിരമെന്‍ മനം

മന്ദിരമെന്‍ മനം

മന്ദിരമെന്‍ മനം
മാമലവാസന്റെ സന്നിഭമാണിന്നെന്റെ മനം
സുന്ദരമെന്‍ തനു
ഹരിഹരതനയന്റെ സാരൂപ്യമാണു
ഞാന്‍ മാലയിട്ടാല്‍
ശബരീ മല കേറാന്‍ മാലയിട്ടാല്‍

വന്‍ പുലി വാഴും കാനനമെങ്കിലും
അയ്യപ്പനുണ്ടെന്നാല്‍ വനം മന്ദിരം
പാപ പുണ്യങ്ങള്‍ തന്‍ ദ്വന്ദമുണ്ടെങ്കിലും
ശരണം പണിഞ്ഞാല്‍ മനം മന്ദിരം
സ്വാമി ശരണം പണിഞ്ഞാല്‍ മനം മന്ദിരം

കാനന നീലിമയൊക്കെയും അയ്യന്റെ
കാമനയ്ക്കൊത്തങ്ങു നില്‍ക്കുന്നു
വാനവും ഭൂമിയുമൊക്കവേ അയ്യന്റെ
കാലിണ പണിയാന്‍ കാക്കുന്നു
അയ്യപ്പകോടികള്‍ ചേര്‍ന്നു വിളിക്കുന്നൂ
ശരണം അയ്യപ്പാ ശരണം സ്വാമി
ശരണം അയ്യപ്പാ ശരണം

കാനനം മന്ദിരമാക്കിയെടുത്തപോല്‍
എന്‍ മനം ഇന്നൊരു കോവിലായി
വന്യ മൃഗങ്ങള്‍ തന്‍ ഹുങ്കാരമല്ലുള്ളില്‍
ശരണ മന്ത്ര ധ്വനിയാം ഓംകാരം
ദീപജോതിയില്‍ ഒരു കിരണം എന്‍
ഹൃദ്‌ കമലത്തില്‍ പതിക്കേ
അയ്യപ്പ നാമമെന്നുള്ളില്‍ മുഴങ്ങീ
ഓങ്കാരമായി നാം ഒന്നായി
തത്ത്വമസിയെന്ന ഗുരുവാക്യമയ്യപ്പന്‍
പ്രത്യക്ഷ മാത്രപ്പൊരുളാക്കി

19 പൊന്മല പൊന്മല

പൊന്‍മല പൊന്‍മല പുണ്യമല

പൊന്‍ മല പൊന്‍ മല പുണ്യമല
ധര്‍മ്മ ശാസ്താവിരിക്കും ശബരിമല
സ്വാമി ശരണമെന്നൊത്തുവിളിച്ചാല്‍
വീളിപ്പുറത്തെത്തുമെന്നയ്യപ്പന്‍

താരക ബ്രഹ്മമാണയ്യപ്പന്‍
പാരിന്നാരാദ്ധ്യ ദൈവതമയ്യപ്പന്‍
ധര്‍മ്മ ശാസ്താവിന്‍ അവതാരം
സര്‍വ്വ ധര്‍മ്മ തത്ത്വത്തിന്‍ കേദാരം

മഹിഷിയെയടക്കീ മദമടക്കി
മാളികപ്പുറത്തമ്മയായ്‌ കുടിയിരുത്തി
വന്‍പുലി വാഹനമേറി വന്നയ്യപ്പന്‍
അന്‍പോടരുളുന്നു പൊന്‍ മലയില്‍

ഭക്തകണ്ഠങ്ങളില്‍ അയ്യപ്പനാമം
ചിത്തത്തില്‍ മണികണ്ഠ തൃപ്പാദ പദ്മം
ജീവിത കാനന പാതയിലെന്നും
പാദബലം തരും ആ ദിവ നാമം

കര്‍പ്പൂര ദീപപ്രഭ ചാര്‍ത്തി
തിരുവാഭരണത്താല്‍ അലങ്കരിച്ചും
നെയ്യഭിഷേകത്താല്‍ അകം നിറഞ്ഞയ്യപ്പന്‍
ചിന്മുദ്ര കാട്ടി വിളങ്ങുന്നു

ആരിയങ്കാവിലെ ആരാദ്ധ്യ ദേവന്‍
അച്ചന്‍ കോവിലില്‍ അരചനാമയ്യന്‍
ആര്‍ത്ത പരായണന്‍ അദ്വൈതമൂര്‍ത്തി
ശബരീ ശൈ ലത്തില്‍ കലിയുഗവരദന്‍

18 സ്വാമി ശരണം പാടും

സ്വാമിശരണം പാടും 


സ്വാമിശരണം പാടും വ്രതശുദ്ധമായ മനസ്സില്‍
ഉടുക്കുപാട്ടിന്‍ തുണയായൊരു തുടിയായ്‌ ശരണം
സ്വാമിതന്‍ പ്രസാദം ശരണംവിളി ഘോഷം
അയ്യപ്പ പൂങ്കാവനത്തില്‍ വരദാഭയ ദര്‍ശനം
വരദാഭയ ദര്‍ശനം

പമ്പയില്‍ നീരാടിയെത്തി ഗണേശ ചരണം പൂകി
കാനന പാതകള്‍ കണ്ടും കാട്ടുപൂഞ്ചോലകള്‍ കേട്ടും
അയ്യപ്പ പൂങ്കാവനത്തില്‍ ഞാനാദ്യമായി എത്തി
ആരുടെ സുകൃതപുണ്യം ആര്‍ജ്ജിത ജന്മസുകൃതം
ആരുടെ സുകൃതപുണ്യം ആര്‍ജ്ജിത ജന്മസുകൃതം

നീലിമലകേറാന്‍ ശരംകുത്തി തൊഴുകാന്‍
കനിയുക വേണം പ്രഭോ കന്നിയയ്യപ്പന്‍ ഞാന്‍
കനിയുക വേണം പ്രഭോ കന്നിയയ്യപ്പന്‍ ഞാന്‍
ഇരുമുടിക്കെട്ടിലെ ഉരുക്കിയ നെയ്യുപോല്‍
ഉണര്‍വാകണം ഉള്ളില്‍ നിറവാകണം
ശരണവഴിയാകണം മനമോടും പാതകള്‍
ശരണവഴിയാകണം മനമോടും പാതകള്‍

17 ഓംകാരവടിവെടുത്ത്

ഓംകാരവടിവെടുത്ത്


ഓങ്കാരവടിവെടുത്താകാരമാക്കിയ
ശങ്കരപുത്രം ഗണേശം
വീര വിഘ്നേശ്വരാനനം വന്ദ്യം
സര്‍വ്വ സിദ്ധിവിനായകം ദേവം

തുമ്പ മാര്‍ന്നവിടുത്തെ നടയില്‍ നിന്നിവനും
ഏത്തമിട്ടീടുമ്പോഴും
കൊമ്പിലുടക്കിയെന്‍ വമ്പുകളെല്ലാം
നീ തന്നെ കോര്‍ത്തെടുക്കേ
തുമ്പിക്കരത്തിനാലമ്പോടു ചേര്‍ത്തെന്റെ
തുമ്പങ്ങള്‍ മാറ്റേണമേ

അമ്പോ ഭയപ്പാടു തീര്‍ത്തെന്റെ ശംഭോ
തുമ്പങ്ങള്‍ തീര്‍ത്തിടണേ
നിന്മുന്നിലുടയുന്നതേങ്ങപോലെന്നിലെ
ഞാനും തകര്‍ന്നിടട്ടെ
വിഘ്നങ്ങള്‍ നീങ്ങിടട്ടെ

ശങ്കരനന്ദന ഷണ്മുഖസോദര വിഘ്ന വിനായകനേ
സിദ്ധിവിനായകനേ സിദ്ധിവിനായകനേ
വേദവിശാരദ വ്യാസമുനീവര മാനസ വാഹകനേ
മൂഷിക വാഹനനേ മൂഷിക വാഹനനേ
വാദ്യവിശാരദ നന്ദീദേവനുമടി പണിയുന്നവനേ
നാദനിരാമയ രൂപത്തില്‍ പല ഭാവമെടുത്തവനേ
സച്ചിന്മയനേ സങ്കട നാശകനോങ്കാരപ്പൊരുളേ
പമ്പാ ഗണപതിയേ പമ്പാ ഗണപതിയേ

16 നാലാണാശ്രമങ്ങള്‍

നാലാണാശ്രമങ്ങള്‍


നാലാണാശ്രമങ്ങള്‍ നാലിലുമയ്യന്‍
തുണയായി വന്നാല്‍ സുകൃതം
ജന്മ സാഫല്യം ശബരിമലയതു
നലം പെരുമയ്യപ്പ സന്നിധാനം
ചിത്തേ വിളങ്ങും ശ്രീ പദമല്ലോ
പാദബലം തരുമാധാരം
ചുണ്ടിലിണങ്ങും നാമമതല്ലോ
ശാന്തിയണയ്ക്കും സന്ദേശം

കുളത്തൂ പുഴയില്‍ ബ്രഹ്മചാരിയായ്‌
മണികണ്ഠനയ്യന്‍ വിളങ്ങുന്നൂ
ആരിയങ്കാവില്‍ ഗാര്‍ഹസ്ത്യ‍ത്തിന്‍
രക്ഷകനായതും അയ്യപ്പന്‍
അച്ചങ്കോവിലില്‍ അരചനായയ്യന്‍
വാനപ്രസ്ഥമനുഷ്ടിപ്പൂ

അദ്വൈതമൂര്‍ത്തിയാം പൂര്‍ണ്ണാവതാരം
ശബരിമലയിതിലവതീര്‍ണ്ണം
പരശുരാമ പ്രതിഷ്ഠിതമയ്യന്‍
ധര്‍മ്മ ശാസ്താവാമഖിലേശന്‍
ജ്ഞാനമുദ്രാങ്കിതം ധ്യാനസ്വരൂപം
സംന്യാസഭാവത്തിലയ്യപ്പന്‍
നാലിലുമാശ്രയമയ്യപ്പ സവിധം
നലം പെരുമയ്യപ്പ സന്നിധാനം

15 കാലാതിവര്‍ത്തിയായ് കാനനത്തില്‍

കാലാതിവര്‍ത്തിയായ്‌ കാനനത്തില്‍

കാലാതിവര്‍ത്തിയായ്‌ കാനനത്തില്‍ വാഴും
കാരുണ്യമൂര്‍ത്തിയെന്‍ കൈവല്യം
കാനനഛായയിലാനന്ദസുന്ദരം
അയ്യപ്പസ്വാമിതന്‍ ദേവാലയം എന്‍
അയ്യപ്പസ്വാമിതന്‍ ദേവാലയം

ജന്മജന്മാന്ദര സുകൃതമീ ജന്മം
മന്നിലീ മാനുഷ ജന്മം
കോടിജന്മത്തിന്റെ സുകൃതമീ
മന്നില്‍ മണികണ്ഠസ്വാമി ദര്‍ശനം

കെട്ടു മുറുക്കിയ പാപപുണ്യങ്ങളും
ഭക്തകോടികള്‍തന്‍ വൃതശുദ്ധിയും
കന്നിയയ്യപ്പനാമെന്റെ ശരക്കോലും
നടയിലുടയുന്ന നെയ്തേങ്ങയും
അഹമാമിരുട്ടിന്നു വെളിച്ചമല്ലോ
അവിടുത്തെയലിവിന്‍ നിദാനമല്ലോ
എന്നും വിളങ്ങണം ശരണമന്ത്രം നാവില്‍
നിലവിളക്കാവണം എന്‍ ഹൃദയം

മഹിഷീമര്‍ദ്ദന നീയെന്റെയുള്ളിലെ
കാമാദി വൈരങ്ങള്‍ തീര്‍ത്തരുളൂ
ബാഹ്യരൂപം പോല്‍ ഉള്ളിലും നീയെന്നെ
സ്വാമിനാമത്തിനര്‍ഹനാക്കൂ എന്നെ
അയ്യപ്പസ്വാമി ദാസനാക്കൂ

14 പഞ്ചഭൂതങ്ങളില്‍ പഞ്ച ലിംഗങ്ങള്‍

പഞ്ചഭൂതങ്ങളില്‍ പഞ്ചലിംഗങ്ങള്‍

പഞ്ചഭൂതങ്ങളില്‍ പഞ്ചലിംഗങ്ങള്‍
സഞ്ചിത കര്‍മ്മത്തിനു പഞ്ചേന്ദ്രിയം
പഞ്ചാക്ഷരീമന്ത്രപ്പൊരുളായൊളിയായ്‌
പഞ്ചബാണാരിയാം പരമേശ്വരന്‍

കാഞ്ചീപുരത്തില്‍ ഭൂമിലിംഗം
കാളഹസ്തിയിലോ വായുലിംഗം
അഗ്നി ലിംഗത്തിനാല്‍ അതിവിശുദ്ധം
തിരുവണ്ണാമല ശിവലോകം
തിരുവാനിക്കരയില്‍ തീര്‍ത്ഥജലലിംഗം
ചിദംബരമാകാശലിംഗം
ആകാശമദ്വൈതമത്ഭുത ലിംഗം

അഞ്ചിതള്‍പ്പൂവുപോലന്തരംഗത്തില്‍
ദേവ മഹാദേവ നിന്‍ ദര്‍ശനം
പഞ്ചപ്രാണനും 
ചേര്‍ന്നന്നാ ണവിടുത്തെ
തുംഗ തുടി താള മേളം
ഡമരുതന്‍ തുംഗ തുടിതാളമേളം

13 പ്രണവാധാര പ്രഭ

പ്രണവാധാരപ്രഭ


അറിയാതെയെന്നുടെ അകതാരിനുള്ളില്‍
അനവരതമുണരുന്നു പ്രണവ ധ്വനി
അകമലര്‍കൊണ്ടു ഞാന്‍ അനുദിനം അര്‍ച്ചിപ്പൂ
അവിടുത്തെ ദിവ്യമാം ചില്‍സ്വരൂപം
അതില്‍ ദര്‍ശിതമാകുമോ തല്‍സ്വരൂപം?
എന്നില്‍ അറിവിന്റെ നിറമാല നിറവാകുമോ?

ആധാരശിലയില്‍ ഞാനുറപ്പിച്ചതാ
ണവിടുത്തെ ദിവ്യമാം രൂപ ഭംഗി
അഞ്ജന ശിലയില്‍ അവതീര്‍ണ്ണയാം നീ
അക്ഷരബ്രഹ്മ പൊരുളല്ലയോ?
അക്ഷരാതീതമാം ഉണ്മയല്ലോ
പ്രണവത്തിന്‍ പ്രതക്ഷ ലക്ഷ്യമായ്‌ മേവിയ
സാധനയ്ക്കാധാരവും നീയല്ലയോ?

പ്രതിദിനവുമവിടുത്തെ തിരുവെഴുന്നള്ളത്തി-
ന്നറിവോടെയെടുക്കാം പൊന്‍ തിടമ്പ്‌
അനുപദമെന്നുള്ളില്‍ അനുരണനം ചെയ്യും
പ്രണവം പ്രാണന്റെ നിജ സ്പന്ദനമായ്‌
അറിവായുണര്‍വ്വായി ഉര്‍വ്വരമാകുന്നൊ-
രുണ്മയ്ക്കു മുണ്മയായ്‌ തെളിയേണമേ
എന്നകതാരുമവിടുത്തെ പ്രഭചൂഴണേ


12 ഇരുമുടിയാണെന്‍ സമ്പാദ്യം

ഇരുമുടിയാണെന്‍ സമ്പാദ്യം

ഇരുമുടിയാണെന്‍ സമ്പാദ്യം
ശരണം വിളിയെന്‍ പാഥേയം
ഇഹപര സുകൃതത്തിന്നാധാരം
എന്‍ അയ്യന്‍ നല്‍കും ശരണലയം
സ്വാമി അയ്യന്‍ നല്‍കും ശരണലയം
സ്വാമിയേ ശരണം സ്വാമിയേ ശരണം
സ്വാമിയേ ശരണം അയ്യപ്പാ...

അഹമാം നെയ്യു നിറച്ചൂ തേങ്ങയില്‍
അറിവില്ലായ്മതന്‍ അഹങ്കാരവും
മോഹ ശതത്തിന്‍ മലര്‍പ്പൊതിയും പേറി
ആറുപേര്‍ നിന്നു വിളയാടിയോരുള്ളത്തെ
അവിടുത്തെ പടികളില്‍ അടിയറവെക്കുവാന്‍
താങ്ങിത്തളര്‍ന്നുവരുന്നൊരു കന്നി ഞാന്‍
സ്വാമിയേ ശരണം സ്വാമിയേ ശരണം
സ്വാമിയേ ശരണം അയ്യപ്പാ.

കഴലിണ താണ്ടി വരുന്നേരം
അഹമാണെന്നുടെ കാണിയ്ക്ക
അഴലുകള്‍ നടയിലുടഞ്ഞേ പോകാന്‍
അയ്യനാണഭയം അനവരതം
എനിക്കെന്റെ സ്വാമിയാണെല്ലാമെന്നുമെന്നും
സ്വാമിയേ ശരണം സ്വാമിയേ ശരണം
സ്വാമിയേ ശരണം അയ്യപ്പാ

അറിവിന്റെ അക്ഷതം അക്ഷരമായെന്നില്‍
ഉറവയായൊഴുകണേ ഭഗവാനേ നിന്‍
നാമവും പേറി ഞാന്‍ പടികയറുമ്പോള്‍
'തത്വമസി' യെന്നുള്ളില്‍ നിറവാകണേ
ആ ശരണമന്ത്രം ഉള്ളില്‍ ഉറവാകണേ
സ്വാമിയേ ശരണം സ്വാമിയേ ശരണം
സ്വാമിയേ ശരണം അയ്യപ്പാ


11 കലിയുഗവരദനെ കാണുവാന്‍


Audio rendering by Sukumar
കലിയുഗ വരദനെ കാണുവാന്‍


കലിയുഗ വരദനെ കാണുവാന്‍ കൈവല്യം
കലിയുഗത്തിന്‍ ജന്മ സാഫല്യം
കരുണ വഴിയുമാ ചിന്മുദ്രകണ്ടാല്‍
കൈവരുമല്ലോ പുണ്യോദയം എന്‍
നരജന്മ സാഫല്യ സൂര്യോദയം

കെട്ടുകള്‍ രണ്ടുണ്ട്‌ പടികള്‍ പതിനെട്ടുണ്ട്‌
പരശതം പാപങ്ങള്‍ കൂടെയുണ്ട്‌
പരം പൊരുളേ നിന്നെ ശരണം വിളിച്ചതിന്‍
പുണ്യഫലങ്ങളും കെട്ടിലുണ്ട്‌
പടി പതിനെട്ടിലായ്‌ പാപ പുണ്യങ്ങള്‍ തന്‍
കെട്ടുകള്‍ ഞാനൊന്നഴിച്ചു വച്ചൂ
നാവിലെ ശരണമാം തേന്‍ കണം മാത്രം
അടിയനുപുണ്യം അനവരതം അയ്യാ
അടിയനുപുണ്യം അനവരതം
അതിനുനിന്‍ കാരുണ്യം കര്‍പ്പൂര പ്രഭയായി
മനതാരിലെന്നും നിറയേണമേ... നാമം
ശരണമായ്‌ എന്നും തുണയാകണേ

നെയ്യു നിറച്ചും ഇരുമുടി താങ്ങിയും
വന്നതു ഞാനാം ഞാനെങ്കില്‍
നടയിലുടഞ്ഞു ചിതറിയതൊക്കെയെന്‍
അഹമാം അഴലിന്‍ നെയ്തേങ്ങ
മാളികപ്പുറത്തൊരു മഞ്ഞള്‍ക്കുരുതിയായ്‌
മനതാരിലടിയും വൈരങ്ങള്‍
നാവിലെ ശരണമാം തേന്‍ കണം മാത്രം
അടിയനുപുണ്യം അനവരതം അയ്യാ
അടിയനുപുണ്യം അനവരതം
അതിനുനിന്‍ കാരുണ്യം കര്‍പ്പൂര പ്രഭയായി
മനതാരിലെന്നും നിറയേണമേ... നാമം
ശരണമായ്‌ എന്നും തുണയാകണേ

10 അയ്യപ്പസ്വാമി ശരണം



അയ്യപ്പ സ്വാമി ശരണം

അയ്യപ്പ സ്വാമി ശരണം
മാമല വാസന്‍ അഭയം
ശരണം വിളിക്കുമെന്‍ കണ്ഠത്തിലെന്നും
മണികണ്ഠസ്വാമി വസിതം - സത്യ
ശരണഘോഷത്തിന്‍ ലയനം

വ്രത പരിശീലന കാലം -അതു
കൃതമാം സല്‍പുണ്യ കര്‍മ്മ ഫലം
എന്‍ ലോല മനസ്സിലുമനുരണനം
സത്ചിദാനന്ദമാം പ്രണവമന്ത്രം
തത്ത്വമസീ മഹാവാക്യ ലക്ഷ്യം
ഓം ഓം ഓം

പഞ്ചേന്ദ്രിയങ്ങള്‍ക്കും പരമപദം തേടാന്‍
സഞ്ചിത കര്‍മ്മം നിന്‍ കാല്‍ക്കല്‍ വയ്ക്കാന്‍
അഹമൊഴിഞ്ഞഭിമാന ഭാരമൊഴിഞ്ഞു ഞാന്‍
ഇഹപര സുകൃതത്തിന്നുരുവായി
ശരണമന്ത്രത്തില്‍ ലയമായി
ഓം ഓം ഓം

9 താരക ബ്രഹ്മമേ


താരക ബ്രഹ്മമേ
താരക ബ്രഹ്മമേ പാരിന്നിരുള്‍ നീക്കും
സാരസ്വത മന്ത്രമേ നിന്‍
ചൈതന്യ പ്രഭയില്‍ മുങ്ങിയാല്‍ ഏവനും
നിത്യ സൌഗന്ധിക ദിവ്യസൂനം
ചിന്മുദ്ര കാട്ടിയനുഗ്രഹിച്ചാലും
പാഹി പരം പൊരുളേ എന്‍
സത്യവേദാന്തമേ

നെയ്യഭിഷേകം നിറവായി മുന്നില്‍
കര്‍പ്പൂരാരതി പ്രഭയായി
ശ്രീലകമുള്ളില്‍ നെയ്ത്തിരിനാളങ്ങള്‍
നിന്നു വിളങ്ങുമ്പോള്‍ ഉണര്‍വ്വായീ
ഉര്‍വ്വരമാകും മാനസമെല്ലാം
ദര്‍ശനമാത്രയില്‍ തരളിതമായ്‌

മകരവിളക്കിന്‍ മാസ്മരദൃശ്യത്തില്‍
തെളിയുന്നതാരുടെ ദിവ്യപ്രഭ
ആയിരം സൂര്യപ്രഭയോടെ നില്‍ക്കുമാ
ജ്യോതിസ്വരൂപന്റെ പ്രത്യക്ഷം
ആയിരമായിരം ഹൃദയങ്ങളാവഹിച്ച
ജ്ഞാനപ്രകാശം നീയയ്യാ
ചുറ്റും പറന്നാ ദീപം വലം വയ്ക്കും
കൃഷ്ണപ്പരുന്താണെന്‍ ഹൃദന്തം

8 സ്വാമി ശരണം അയ്യനേ

സ്വാമി ശരണം അയ്യനേ

സ്വാമി ശരണം അയ്യനേ ശരണം ശരണം അയ്യനേ
ശബരീ ഗിരി വാസാ ശാസ്താവേ ദൈവമേ

വില്ലാളി വീരനേ വീരമണി കണ്ഠനേ
ഹരിഹര പുത്രനേ ഭവ താപവിനാശകനേ
ശബരീ മാമല വാസനേ അയ്യപ്പനേ
കലിയുഗവരദ ധര്‍മ്മ ശാസ്താവാം അയ്യനേ

വേദാന്ത വേദനേ അഭയ പ്രദായകനേ
മാളികപ്പുറത്തിന്നും കണി കണ്ട ദൈവമേ
രണ്ടെന്നും ഒന്നെന്ന തത്ത്വത്തിന്നുടയോനേ
തത്ത്വമസ്യാദി മഹാ വാക്യത്തിന്‍ പ്രതീകമേ

പതിനെട്ടു ശാസ്ത്രങ്ങള്‍ പതിനെട്ടു പടികളിലും
ഇരുമുടിക്കെട്ടില്‍ പാപപുണ്യത്തിന്‍ ദ്വന്ദങ്ങളും
അയ്യപ്പ സ്വാമി തന്നെ മുന്നിലും പിന്നിലും
അയ്യപ്പ ജോതി ഭക്ത മനസ്സിലും നഭസ്സിലും

7 സ്വാമിക്കു സ്വാമിയേ ഭക്തന്‍


Audio Rendering & Video by Sukumar



സ്വാമിക്കു സ്വാമിയേ ഭക്തന്‍
അയ്യപ്പസ്വാമിക്കു സ്വാമിയേ ഭക്തന്‍
ഭക്തിക്കു ശക്തിയേ ശരണം വിളി
ഭയാസക്തിക്കു മുക്തിയേ ശരണാഗതി
അയ്യപ്പ സ്വാമി ചരണാഗതി

വൃശ്ചികപ്പുലരിയില്‍ മാലയിട്ടന്‍പോടെ
തൃപ്പദം പൂകുന്നു ഭക്തന്‍
പതിനെട്ടു പദങ്ങളില്‍ പരമമാം തൃപ്പടി
കയറിയിരിക്കുന്നു സ്വാമി
ശബരീമല വാഴും ശാസ്താ

മണ്ഡലപ്പുലരികള്‍ ശരണഘോഷങ്ങളില്‍
മുഖരിതമാവുന്ന കാലം..
മനോ വിണ്ഡലമാകവേ അയ്യപ്പ സ്വാമിതന്‍
മുദ്ര പതിയുന്ന കാലം
കലിമലം പോക്കുവാന്‍ കരിമല കേറെന്നു
ഗുരുസ്വാമിയരുളും നേരം
മാലകറ്റീടാന്‍ മാലിന്യം തീര്‍ക്കാന്‍
മാലയിട്ടീടുന്നു ഞാനും സ്വാമീ
മാലയിട്ടീടുന്നു ഞാനും

ഇരുമുടിക്കെട്ടില്‍ നിറച്ച നെയ്ത്തേങ്ങയും
സുകൃത ദുഷ്കൃതങ്ങളുമെല്ലാം
തിരുനടയില്‍ വയ്ക്കാനടിവച്ചു നീങ്ങുമ്പോള്‍
എന്നെയും സ്വാമിയാക്കുന്നു
മാലോകര്‍ എന്നെയും സ്വാമിയാക്കുന്നു
നെയ്ത്തേങ്ങ പൊട്ടിയെന്നഹമെല്ലാമുടയുമ്പോള്‍
ഞാനും സ്വാമിയാകുന്നു അയ്യപ്പ
സ്വാമിതന്‍ ഭക്തനാകുന്നു

6 അകത്തിരുന്നാരോ ശരണം വിളിക്കുന്നു

അകത്തിരുന്നാരോ ശരണം വിളിക്കുന്നു 


അകത്തിരുന്നാരോ ശരണം വിളിക്കുന്നു
അയ്യപ്പ സ്വാമിയോ ഞാനോ
പുറത്തിരുന്നന്‍പോടെ കാലമാം മാന്ത്രികന്‍
മണ്ഡലക്കുളിരണിയിക്കുന്നു
വൃശ്ചികപ്പുറമേറി വ്രതം നോല്‍ക്കുന്നു
മുറ തെറ്റാതെ ശരണം മുഴക്കുന്നു

ശരണമന്ത്രങ്ങള്‍ അനുസ്യൂതമെന്നില്‍
പ്രണവമോ ശ്വാസനിശ്വാസമോ
അയ്യപ്പ ദര്‍ശന സായൂജ്യ ചിന്തകള്‍
ഉള്‍ത്താരിനുള്ളില്‍ കുളിരോ
വാനില്‍ നിറദീപമംബിളിമലരോ

വൃശ്ചികക്കുളിരിലാ ദിവ്യ ജ്യോതിസ്സിന്‍
കിരണമൊന്നുള്ളില്‍ തെളിഞ്ഞോ
പശ്ചിമ ദിക്കില്‍ തെളിഞ്ഞുവോ ദീപം
സന്ധ്യക്കു സൂര്യന്‍ പോയ്മറയുന്നതു
മലയ്ക്കുപോയ്‌ അയ്യനെ കാണാനോ ദിനം
പടി പൂജ ചെയ്തു മടങ്ങാനോ

പത്തിന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും
ചിത്തവും ബുദ്ധ്യഹങ്കാരങ്ങളും
ഹരിഹരതനയന്റെ തിരുമുന്നില്‍ ഞാന്‍ കേറും
പതിനെട്ടു പടികളാണല്ലോ
മലകേറി പടി കേറി പടി പിറകോട്ടിറങ്ങി
മടങ്ങുമ്പോള്‍ ഞാന്‍ ധന്യധന്യന്‍
അഹമൊടുങ്ങുമ്പോള്‍ ഞാന്‍ സ്വാമി ഭക്തന്‍

5 അപ്രതീക്ഷിതം


അപ്രതീക്ഷിതം 
അപ്രതീക്ഷിതം സുപ്രസന്നമീ സുപ്രസാദ സങ്കീര്‍ത്തനം
അപ്രമേയ നിന്നാത്മ ചൈതന്യമാകവേ ഭുവി പൂരിതം
സര്‍വ്വസാഗര മന്തരീക്ഷ ധ്യോവിലും ക്ഷീര പഥത്തിലും
സത്യമാനന്ദ ചിന്തയാലുന്നതം നിന്‍ സ്മരണയും

അര്‍ക്ക ചന്ദ്രാതിയൊക്കെയും നിന്‍പ്രഭാപൂര നിര്‍ഭരം
നിര്‍മ്മലാനന്ദ സ്നേഹമൊക്കെയും നിര്‍മ്മമത നിറഞ്ഞതാം
നമ്മിലാകവേ പൂത്തുനില്‍പൂ വിശുദ്ധി കൈക്കൊണ്ട പൂവുകള്‍
കാവുതോറും പറന്നു പാടി നടക്കയാണീ ചെറു പക്ഷിയും

താവകാനന്ദ മൂര്‍ഝയില്‍ ഞാനുമാക്കണി കണ്ടുണര്‍ ന്നുവോ
കേവലം മര്‍ത്ത്യ രൂപമെന്നതുമേവം ഞാനും മറന്നുവോ
ആത്മചൈതന്യ ധാരയിലൊരു കാല്‍പ്പനീക കവിതപോല്‍
നിത്യമാനന്ദ ചിന്തയില്‍ മനം എന്നുമെന്നുണര്‍ന്നേല്‍ ക്കുമോ

ദേഹബുദ്ധിയില്‍ ഞാനവിടുത്തെ ദാസനായി കൃതാര്‍ത്ഥനായ്‌
ജീവഭാവത്തില്‍ താവകാത്മാവിന്‍ ഭാഗമായ്‌ ഞാന്‍ വിലോലനായ്‌
ആത്മഭാവേന ഞാനവിടുത്തെ സത്തയില്‍ വിലയിക്കവേ
ഞാനും ചൈതന്യധാരയും എന്നുമേകമാം സത്തതൊന്നല്ലോ

4 ഏകാദശി നാള്‍

Bhakthapriya Dec 2008 Sukumar
ഏകാദശി  നാള്‍ 


3 ശ്രീ ധര്‍മ്മ ശാസ്താരം

Audio by Sankaran namboothiri


ശ്രീധര്‍മ്മ ശാസ്താരം

പല്ലവി
ശ്രീധര്‍മ്മ ശാസ്താരം പ്രണമാമി സതതം
നികിലഭുവനാധാരം ശരണപ്രദം ശിവം

അനുപല്ലവി
സകലപരിതുഷ്ടി സിദ്ധിപ്രദം ശ്രിയം
വികല മന:ക്ലേശ ദുരിത പ്രശമനം

ചരണം-1
പുണ്യപാപ ദൌ വാസനാ ഹരണം
ആപദ്‌ ബാന്ധവ ദര്‍ശന സുകൃതം
കാലാദിവര്‍ത്തിതം ധ്യാന പ്രസക്തം
കലിമലഹരണം ശാസ്താ ചരണം

ചരണം-2
നിഗമതരു പരിപക്വ വിമലഫലവിതരണം
മനമുകുരമുദിതപരമദ്വൈതഭാസ്വരം
വനനികരവാസിതം ചിന്മുദ്രാധരണം
ശബരിഗിരീശവര ത്വല്‍പദ മേ ശരണം

2 അകതാരിലും ദൂരെ മലമേട്ടിലും

അകതാരിലും ദൂരെ മലമേട്ടിലും 


അയ്യനേ ശരണം മാമല വാസനേ ശരണം
അയ്യനേ അഭയം ശബരീ ശൈ ലമേ ലക്ഷ്യം

അകതാരിലും ദൂരെ മലമേട്ടിലും
അനിവരതം ചൊരിയുന്ന ദിവ്യ പ്രഭ
അവനിയില്‍ അയ്യന്റെ ചിന്മുദ്ര സാക്ഷിയായ്‌
അടിയനുമാ പ്രഭയില്‍ ഒരുകിരണം
അയ്യപ്പ തൃപ്പാദ പത്മത്തില്‍ ഒരു പൂ ദളം

മലയില്‍ മകരജ്യോതി പരത്തും ആനന്ദപ്പൊരുളേ
മനസ്സില്‍ പ്രേമപ്പൊരുളു നിറയ്ക്കും അദ്വൈതപ്പൊരുളേ

മകരജ്യോതിതന്‍ മഹിമയ്ക്കു മാറ്റേകി
മനതാരില്‍ തെളിയുന്നു നെയ്‌വിളക്ക്‌
തിരുസന്നിധാനത്തില്‍ കര്‍പ്പൂരാഴിപോല്‍
ഹൃദയത്തിലാളുന്നു ചില്‍ പ്രകാശം
പരമ പവിത്രമാ ജ്യോതിസ്വരൂപത്തില്‍
നിറയുന്നതും പ്രണവ പൊരുളല്ലോ

പതിനെട്ടു കെട്ടേറ്റിയ ഗുരുസ്വാമിയിലും
ശരക്കോലേന്തിയ കന്നിയിലും
അയ്യനെ വലംവയ്ക്കും കൃഷ്ണപ്പരുന്തിലും
അഖില ചരാചര പ്രാണനിലും
എങ്ങും വിളങ്ങുന്ന ദിവ്യ പ്രഭയില്‍ ഞാന്‍
എന്നുമൊരയ്യപ്പ ജ്യോതിയല്ലോ
പ്രണവാധാരപ്പൊരുളല്ലോ

1 മണികണ്o സ്വാമിതന്‍ മണിമന്ദിരം കണ്ടു

Manikanthaswamithan Manimandiram  
Audio rendering by Sukumar
മണികണ്ഠസ്വാമിതന്‍ മണിമന്ദിരം

മണികണ്ഠസ്വാമിതന്‍ മണിമന്ദിരം കണ്ടു
മതി വന്നു മമ മനസ്സും അമൃതോപമം
അകതാരില്‍ അയ്യന്റെ ചിന്മുദ്ര നിറയുന്നു
അറിയുന്നു മമ ജന്മ പുണ്യോദയം

ഇഹപര സുകൃതം, ദുഷ്കൃതമെല്ലാം
ഇരുമുടിയില്‍ നിറച്ചെത്തുമ്പോള്‍
പതിനെട്ടു പടികളില്‍ ഓരോന്നിലും
നിന്‍ മഹിമാദീപ്തി പ്രകാശിപ്പൂ
പത്തു പടികളില്‍ കാണിക്കയിട്ടു
പത്തിന്ദൃയങ്ങളെ 'ഞാന്‍' തന്നെ
പഞ്ചഭൂതങ്ങള്‍ പുഞ്ചിരിച്ചൂ എന്നെ
സഞ്ചിത മാര്‍ഗ്ഗം കാണിച്ചൂ

കന്നിയയ്യപ്പനായ്‌ ചിത്തവും ബുദ്ധിയും
ശ്രീഭൂതനാഥനില്‍ അര്‍പ്പിക്കാന്‍
പിന്നെയും ബാക്കിയാം എന്നിലെ 'ഞാനു'മാ
തിരുനട തന്നിലുടച്ചുവാര്‍ക്കാന്‍
മറ്റില്ലൊരാശ്രയം കണ്ഠേ വിറകൊണ്ട
സദ്ഗുരുസ്വാമി മന്ത്രം ശരണ മന്ത്രം
പ്രണവാധാരമാം സച്ചിദാനന്ദത്തിന്‍
പ്രത്യക്ഷരൂപമാം പരമപദം

കാനനവാസന്റെ കാരുണ്യപൂരം
കര്‍പ്പൂരാഴിയില്‍ ഞാന്‍ കണ്ടു
തത്ത്വമസീ മന്ത്രമെഴുതിയ കോവിലില്‍
തത്ത്വസ്വരൂപനെ ദര്‍ശിച്ചു
ആത്മസ്വരൂപം അമൃതസ്വരൂപത്തില്‍
സ്വാത്മനി ചേര്‍ന്നു വിളങ്ങുമ്പോള്‍
മമ മനസ്സേകമാം സച്ചിദാനന്ദത്തിന്‍
പൊന്‍കണി കണ്ടു ലയിക്കുന്നു