20 മന്ദിരമെന്‍ മനം

മന്ദിരമെന്‍ മനം

മന്ദിരമെന്‍ മനം
മാമലവാസന്റെ സന്നിഭമാണിന്നെന്റെ മനം
സുന്ദരമെന്‍ തനു
ഹരിഹരതനയന്റെ സാരൂപ്യമാണു
ഞാന്‍ മാലയിട്ടാല്‍
ശബരീ മല കേറാന്‍ മാലയിട്ടാല്‍

വന്‍ പുലി വാഴും കാനനമെങ്കിലും
അയ്യപ്പനുണ്ടെന്നാല്‍ വനം മന്ദിരം
പാപ പുണ്യങ്ങള്‍ തന്‍ ദ്വന്ദമുണ്ടെങ്കിലും
ശരണം പണിഞ്ഞാല്‍ മനം മന്ദിരം
സ്വാമി ശരണം പണിഞ്ഞാല്‍ മനം മന്ദിരം

കാനന നീലിമയൊക്കെയും അയ്യന്റെ
കാമനയ്ക്കൊത്തങ്ങു നില്‍ക്കുന്നു
വാനവും ഭൂമിയുമൊക്കവേ അയ്യന്റെ
കാലിണ പണിയാന്‍ കാക്കുന്നു
അയ്യപ്പകോടികള്‍ ചേര്‍ന്നു വിളിക്കുന്നൂ
ശരണം അയ്യപ്പാ ശരണം സ്വാമി
ശരണം അയ്യപ്പാ ശരണം

കാനനം മന്ദിരമാക്കിയെടുത്തപോല്‍
എന്‍ മനം ഇന്നൊരു കോവിലായി
വന്യ മൃഗങ്ങള്‍ തന്‍ ഹുങ്കാരമല്ലുള്ളില്‍
ശരണ മന്ത്ര ധ്വനിയാം ഓംകാരം
ദീപജോതിയില്‍ ഒരു കിരണം എന്‍
ഹൃദ്‌ കമലത്തില്‍ പതിക്കേ
അയ്യപ്പ നാമമെന്നുള്ളില്‍ മുഴങ്ങീ
ഓങ്കാരമായി നാം ഒന്നായി
തത്ത്വമസിയെന്ന ഗുരുവാക്യമയ്യപ്പന്‍
പ്രത്യക്ഷ മാത്രപ്പൊരുളാക്കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ