46. കൂട്ടുകാരന്‍



 കൂട്ടുകാരന്‍


ഇത്രമേലെന്തിഷ്ടമാവാന്‍ എന്നില്‍
അത്രമേലുണ്ടോ കറുപ്പ്‌?
കാര്‍വര്‍ണ്ണനല്ലേ നിനക്ക്‌ നല്ല
ചേലൊത്ത രാജകുമാരന്‍?

ശ്യാമന്റെകാലൊച്ചപോലെ നിന്‍
കാലടിയൊച്ചയും തോന്നി
കേള്‍ക്കുന്നതെല്ലാം കണ്ണന്‍ ഞാന്‍
കാണുന്നതാരുമേ കണ്ണന്‍

കാളിന്ദിയല്ലേ നിനക്ക്‌ ഈ
മൂവന്തിനേരത്തുകൂട്ട്‌
കാട്ടുകടമ്പിന്റെ ചോട്ടില്‍
കുറുമ്പേറും 'മരംകേറി' വന്നോ

മനസ്സില്‍ കടമ്പിന്റെ തുഞ്ചം
എന്നേ അവന്‍ കെറിയെന്നോ
പൂത്ത മരക്കൊമ്പു കാണാന്‍ ആ
കാല്‍പ്പൂവുമൊന്നിച്ചുകാണൂ

നീലാമ്പല്‍പ്പൂവിന്നുവേണ്ടി
ആറ്റില്‍ നീ ചാടിച്ചതാണോ
പട്ടു പീതാംബരം മുക്കി
കാറ്റില്‍ ഉണക്കീടുവാനോ

ചേറുള്ള പൊയ്കയിലല്ലേ നല്‍
നീലാമ്പല്‍പൂവുകള്‍ ഉള്ളൂ
കാളിന്ദിതന്‍ കാളകൂടം
മാറ്റുവാന്‍ മറ്റാര്‍ക്കു പറ്റും

ചേലൊത്തു മഞ്ഞയണിഞ്ഞൂ
കണ്ണനെപ്പോല്‍ മനക്കള്ളന്‍
കാര്‍വര്‍ണനുള്ളില്‍ നിനയ്ക്കും
ഞാനെന്ന ഗോപിക നീയാം



എല്ലാര്‍ക്കുമുള്ളിലീ ഞാനും നീയും
എന്നെന്നുമൊന്നെന്ന നേരില്‍
കാട്ടുകടമ്പിന്റെ ചോട്ടില്‍ നാം
കൂട്ടുകാരായ്‌ കൂട്ടിരിക്കാം




45. ഭുജഗേന്ദ്ര ശായിനം

ഭുജഗേന്ദ്ര ശായിനം


ഭുജഗേന്ദ്ര ശായിനം ലക്ഷ്മീ സേവിതം
ഗോവിന്ദനുള്ളില്‍ വസിതം
എന്നുള്ളവും
ദേവ ദേവേശസവിധം
നാരായണാ ഹരേ നാരായണാ നാമം
എന്നുള്ളില്‍ നിത്യ മുഖരം
പദ പങ്കജം ....
എന്നുള്ളില്‍ നിത്യ ഹരിതം


പാഴിലായ്‌ പോകാതെ കര്‍മ്മവും കാലവും
വാഴ്വിനു തുണയായിത്തീരാന്‍
കഴലിണപണിയും മനമൊന്നുണരാന്‍
മനസ്സിലുഷസ്സായൊരുദയം
എന്നുള്ളില്‍
എന്നുമാ ദിവ്യസവിതം


നേരിന്റെ നേര്‍വ്വഴി കാട്ടും നെരിപ്പോടിന്‍
തീയണയാത്ത പുണ്യം
വിദ്യക്കുമക്ഷരദീപത്തിനപ്പുറം
അക്ഷരാതീത പ്രഭാസം
ധര്‍മ്മാധര്‍മ്മ വിവേക പ്രഭയാം
ഓങ്കാരമാം നിത്യ സത്യം
ശുദ്ധ ബുദ്ധം
സത്യമീ മുക്ത സ്വരൂപം

44. നിഗമാഗമ സത്യ സാന്ദ്രസാരാമൃതം

നിഗമാഗമ സത്യ സാന്ദ്രസാരാമൃതം
നിഗമാഗമ സത്യ സാന്ദ്രസാരാമൃതം
നിരവദ്യസുന്ദരം ചിത്ര വിചിത്രം
ഭാഗവതപ്രോക്തം പൂര്‍ണ്ണാവതാരം
ഭാഗ്യജനാനാം ആനന്ദ ചിത്തം


ഗുരുവരുളായതും പ്രാണപ്പൊരുളും
പ്രത്യക്ഷമക്ഷര പരബ്രഹ്മവും നീ
അക്ഷരാതീതം അവ്യക്താകൃതം
അവ്യയമദ്വയം പൂര്‍ണ്ണമപൂര്‍ണ്ണം


ഹരിപദമനുപദമുള്ളില്‍ ലസിതം
ഇഹപര, പരാപരവിദ്യാവിനുതം
താരാഗണവും തൃണകൃമിജാലവും
ദൃക്‌്‌ദൃശ്യ സാരസര്‍വ്വം പവനപുരേശന്‍


ഇഹമാത്മാവാം ഗുരുവിന്‍ സവിധേ
ദേഹഗേഹാദിയില്‍ വസിതം പ്രാണന്‍
സത്താം പരം പൊരുള്‍ ഗുരുപവനപുരേ
ഉദ്ധരേതാത്മാനാം ഗുരുവായുള്ളില്‍

43. കണ്ണാടി

കണ്ണാടി

കണ്ണനൊരു കണ്ണാടി പോലെ
കണ്ണിണക്കോണിലെ കൃഷ്ണമണികളില്‍
കണ്ണനെ കാണുന്നു ഞാനും


കണ്ണന്റെ വായിലെ മണ്ണിന്റെ വിസ്മയം
അമ്മ യശോദയ്ക്കതെന്നപോലെ
വിണ്ണവര്‍ക്കെന്നപോല്‍ മണ്ണിന്റെ മക്കള്‍ക്കും
കണ്ണാടി നോക്കുന്ന കണ്ണുകള്‍ക്കും
എണ്ണമില്ലാത്തതാം വിസ്തരം അത്ഭുതം
കൃഷ്ണ നീയല്ലയോ ചൂഡാമണി


കിണ്ണത്തില്‍ നല്‍നറും വെണ്ണ നിറച്ചമ്മ
കണ്ണനെ വിളിക്കുന്ന പോലെ തന്നെ
എണ്ണമില്ലാത്ത വിഭൂതികള്‍ നീട്ടിയാ
കണ്ണനും നമ്മെ വിളിക്കുന്നു.
വേണമെന്നുണ്ടെകില്‍ ആവോളമുണ്ടിടാം
കണ്ണിണകോണിലാ നിഴല്‍ പേറി
കണ്ണാ നീയല്ലയോ കൃഷ്ണമണി


കാറ്റില്‍ ജലത്തില്‍ നഭസ്സില്‍
കാട്ടുതീയിലും ഭൂമിയിലുമെല്ലാം
കണ്ണനാം കണ്ണാടി തന്നില്‍ മുഖം നോക്കി
എണ്ണാം വിഭൂതിയോരോന്നായ്‌
സപ്തര്‍ഷിവൃന്ദവും സൂര്യചന്ദ്രന്മാരും
ഐശ്വര്യസമ്പല്‍സമൃദ്ധികളും
കാര്‍മുകിലാവട്ടെ കാളിയനാവട്ടെ
കാളകൂടം തന്നെയാട്ടെ
കാട്ടുകടമ്പിന്റെ ആത്മഹര്‍ഷം പോലെ
എണ്ണിടാമെന്റെ സൌഭാഗ്യം
കൃഷ്ണാ നീയല്ലയോ ചിന്താമണി

42 നവനീത സുകൃതാമൃതം

നവനീത സുകൃതാമൃതം












നവനീത സുകൃതാമൃതം
കണ്ണന്‍ നവനീതസുകൃതാമൃതം


തിളപൊങ്ങിയാറിയ പാലില്‍ ഉറവീണു
ഭവസാഗരപ്പൊലിമ നിമിഷത്തിലിരുളായി
മൌനത്തിനേകാന്ത രാത്രിയിലിരുള്‍പോലും
കനിവേകി ജ്ഞാനത്തിന്‍ തൈരുമുറകൂടി


മനസ്സുകടഞ്ഞതു വേപഥുകൊണ്ടാവാം
വേറിട്ടു നില്‍ക്കുന്ന വേദനകൊണ്ടാവാം
കുറവൊന്നുമില്ലാത്ത ഉണ്മതനുണര്‍വ്വാവാം
നറുവെണ്ണ കിട്ടുവാന്‍ കടഞ്ഞതുമാരാവാം?


നറുവെണ്ണ കക്കുന്നു നവനീതമുണ്ണുന്നു
കൈശോരകമനീയം കാലടിവയ്ക്കുന്നു
ഭക്തമനസ്സിലെ കാളിയ ഫണമെല്ലാം
സക്തികള്‍ വേരോടെ കടപുഴക്കുന്നു


നരരൂപമനുപമം നാരായണം അഖിലം
നവരസ നിഷ്യന്തം ആനന്ദമനിതരം
നാനാ രൂപഗുണസംബന്ധമനുപേക്ഷം
സഗുണ ഗുണവീത നവ നവമനുഭവം