71. അയ്യപ്പ നാമമുള്ളില്‍

http://www.youtube.com/watch?v=7oJIuwQwAXw


അയ്യപ്പ നാമമുള്ളില്‍

അയ്യപ്പ നാമമുള്ളില്‍ അനിശം മുഴങ്ങുമ്പോള്‍
അഴലുകള്‍ അകലുന്നു അകം നിറയുന്നു
സ്വാമിയേ ശരണം, ശരണമെന്നുരുകുമ്പോള്‍
വഴി കാട്ടുന്നൂ സ്വാമി ഗുരുവാകുന്നു

ഹരിഹരസംയുതം ദേവി പരിസേവിതം
ശബരിഗിരീശ്വര നിന്‍ തിരുനട സുരലോകം
ദ്വൈതമദ്വൈതങ്ങള്‍ തന്‍ പതിനെട്ടുപടി താണ്ടി
സ്വാമിയും ഭക്തനും ഒന്നായ്‌ മാറുന്നിടം
നാമ രൂപങ്ങള്‍ മായുന്നിടം

തത്ത്വമസീ മന്ത്രം... സ്വാമീ നിന്‍ നടയില്‍
പ്രത്യക്ഷ ഭാവത്തില്‍ പ്രണവ സ്വരം
നിത്യവുമെന്‍ നെഞ്ചില്‍ സ്പന്ദിതമാവതു
സത്യ സ്വരൂപാ നിന്‍ ശരണമന്ത്രം
സ്വാമിയേ അയ്യപ്പാ..ശരണമന്ത്രം

70. കാല്‍ വിരലുണ്ടു കിടപ്പൂ

കാല്‍ വിരലുണ്ടു കിടപ്പൂ

കാല്‍ വിരലുണ്ടു കിടപ്പൂ കണ്ണാ നീ
പ്രളയപയോധിയില്‍ ആലിലയില്‍
ശ്യാമള വര്‍ണ്ണനു മാത്രമോ ആലില
ത്തോണിയിലെന്നെയും കേറ്റുകില്ലേ?
ഗുരുവും വായുവും കൂട്ടിനുണ്ടെന്നാലും
തുണയായി ഞാന്‍ വന്നാല്‍ ചേര്‍ക്കില്ലേ?
കണ്ണാ...

സിദ്ധരും മുക്തരും മുനിവരരും വാഴ്ത്തും
തൃക്കാലിണകളിലെന്താവോ
കാല്‍ക്കല്‍ വീഴുന്നവര്‍ നിവൃതിയോടെയാ
കഴലിണ ചുംബിച്ചു മയങ്ങുന്നൂ
ഇത്രയ്ക്കു മധുരമോ നിന്‍ കാല്‍നഖകാന്തിയില്‍
ഇത്രപേര്‍ മയങ്ങാന്‍ എന്താവാം
കരാരവിന്ദേ പദാരവിന്ദം ചേര്‍ത്തു
നീയും കാല്‍ വിരലുണ്ണുന്നു

കാല്‍നഖമമര്‍ത്തിപ്പണ്ടു ത്രിവക്രയെ
സുന്ദരിയാക്കിച്ചമച്ചില്ലയോ
എന്നിട്ടും ശങ്കയോ ഗോപാല ബാലാ നിന്‍
നഖമുന തന്‍ മധു മാധുര്യം
ഇറ്റു മധുരമായാ മധുരിമ തന്‍
മുഗ്ധത ഞാനും നുകര്‍ന്നോട്ടെ
ആ സ്നിഗ്ധതയില്‍ ഞാനലിഞ്ഞോട്ടേ?

69. കണ്ണനെക്കാണാന്‍ മോഹം

കണ്ണനെക്കാണാന്‍ മോഹം


കണ്ണനെക്കാണാന്‍ മോഹം
ആ കഴലിണ തഴുകാന്‍ മോഹം
ഗുരുവായൂരിലെ കണ്ണന്റെ മുന്നില്‍
നിന്നു മുഴുകാന്‍ മോഹം
ചന്ദനം ചാര്‍ത്തിയ പൂമേനിയഴകില്‍
ഒന്നു തൊടാനൊരു മോഹം


കിങ്ങിണിചാര്‍ത്തിക്കാണുവാന്‍ മോഹം
കോലരക്കാലൊരു ചാന്തിടാന്‍ മോഹം
അണിവാകച്ചാര്‍ത്തുകഴിഞ്ഞൊരു കണ്ണന്റെ
കഴലിണ കാണാന്‍ എന്നുമേ മോഹം
ആര്‍ക്കും തൊടുവാനരുതാത്ത ദിവ്യമാം
മുത്തെന്നറിഞ്ഞിട്ടും മോഹം


ആര്‍ക്കും തിരിയാ രഹസ്യമാണെകിലും
ഗീതാ സരിത്തിനെയറിയാന്‍ മോഹം
പാലതില്‍ വെണ്ണപോല്‍ എല്ലാടവും നിറ-
സത്തെന്നറിഞ്ഞിട്ടും മോഹം

ജനി മൃതിമോക്ഷം കിട്ടിയാലും മന്നില്‍
ഈ മോഹമൊഴിയണമെന്നില്ല മോഹം

68. മാധവാ സുന്ദരാ മന മോഹനാ

മാധവാ സുന്ദരാ മന മോഹനാ


മാധവാ സുന്ദരാ മന മോഹനാ
രഞ്ജകാ മന രഞ്ജകാ മുരളീധരാ
കാളിയ മര്‍ദ്ദനാ കരുണാകരാ
നന്ദനാ യദുനന്ദനാ നന്ദലാലാ

ഗോപികാ ഗീതമോ മധുസൂദനാ...
നിനക്കായിരം ഗോപികള്‍തന്‍ മധുരോക്തിയോ

ഗോപസ്ത്രീകള്‍ തന്‍ പദ ധൂളിയോ 
നൂറു വേദാദി കര്‍മ്മാദി ശാസ്ത്രങ്ങളോ
ഏറെയിഷ്ടമെന്തെന്റെ വാസുദേവാ
നിനക്കേറെയിഷ്ടമെന്തെന്‍ മന മോഹനാ

പാവം കുചേലന്റെ കല്ലവിലോ

തുളസീ തീർത്ഥത്തിൻ നൈർമ്മല്യമോ 
ചെമ്പൈസ്വാമിതന്‍ സ്വരസാരമോ
പൂന്താനപ്പാനതന്‍ പനിനീരോ
നിനക്കായ്‌ തുടിക്കുമെന്‍ ഹൃത്താളമോ
നിറകണ്ണിലൂറുന്ന സാഫല്യമോ
ഏറെയിഷ്ടമെന്തെന്റെ വാസുദേവാ
നിനക്കേറെയിഷ്ടമെന്തെന്‍ മന മോഹനാ

67. വാതാലയേശന്റെ വാതില്‍ക്കല്‍

വാതാലയേശന്റെ വാതില്‍ക്കല്‍

വാതാലയേശന്റെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍
ഭവദുരിതം മറക്കും
ഞാനെന്‍ ഭവദുരിതം മറക്കും
വാകച്ചാര്‍ത്തിനെന്‍ കണ്ണനൊരുങ്ങുമ്പോള്‍
ചന്ദനഗന്ധം പരക്കും മനസ്സില്‍
നിര്‍വൃതി നീരണയും
ഉഷപ്പൂജയിലെ കണ്ണനെ കണ്ടാല്‍
മതിമറന്നുള്ളം തുടിക്കും എന്റെ
മതിമറന്നുള്ളം തുടിക്കും
വാതാലയേശന്റെ

കാനനഛായയും കാര്‍മുകിലും എന്നില്‍
കണ്ണന്റെ രൂപമാവും
മാനസമന്ദിരമാതിരരാവുപോല്‍
സാദരമണിഞ്ഞൊരുങ്ങും
ഞാനൊരു ഗോപികയായ്‌ ചമയും
 തിരുനട വൃന്ദാവനമാവും
വാതാലയേശന്റെ

കാടിന്റെ രോമാഞ്ചമെല്ലാമണിയുന്ന
പൂക്കടമ്പിന്‍ ചോട്ടില്‍
കണ്ണന്റെ കന്നായി മാറിയെന്നാലോ
കോലക്കുഴല്‍ കേള്‍ക്കാം
അമൃതുപോല്‍ നല്‍നറും പാല്‍ ചുരത്താം
ഭക്തര്‍ തന്‍ ജന്മസാഫല്യമാകുന്നൊരീ
നടയില്‍ വന്നൊന്നു നിന്നാല്‍
മായമൊക്കെ കളയാം മനസ്സിന്റെ
മോഹമൊക്കെത്തീര്‍ക്കാം
നാകങ്ങള്‍തോല്‍ക്കുന്ന ശ്രീഗുരുവായൂരില്‍
അഭയം തേടിയെന്നാല്‍
നടതുറക്കുമ്പോളെന്‍ കണ്ണനെ കണ്ടാല്‍
കാണാന്‍ മറ്റൊന്നുമില്ല

66. ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുമ്പോള്‍

ഗുരുവായൂരില്‍ തൊഴുതു നില്‍ ക്കുമ്പോള്‍

ഗുരുവായൂരില്‍ തൊഴുതു നില്‍ ക്കുമ്പോള്‍
ജപമായി നാവില്‍ നിന്‍ സഹസ്രനാമം
ആയിരം നാമത്താല്‍ എങ്ങിനെ വാഴ്ത്തും
ശതകോടിസൂര്യപ്രഭയാണു നീ
ലീലാവിലാസങ്ങള്‍ എങ്ങിനെയറിയും
ധ്യാന സ്വരൂപമെനിക്കപ്രാപ്യം

ചന്ദനച്ചാര്‍ത്തണിഞ്ഞാ ദിവ്യരൂപമെന്നു-
ള്ളില്‍ നിറയ്ക്കാന്‍ വെമ്പല്‍ പൂണ്ടും
കേശാദി പാദമെന്‍  കണ്ണില്‍ നിറയ്ക്കാന്‍
പലവുരു തിരക്കില്‍ എത്തി നോക്കിയും
നടയ്ക്കലെത്തുമ്പോള്‍ എന്തേ കണ്ണാ
കണ്ണുകള്‍ താനെ അടഞ്ഞുപോയീ.. എന്റെ
കണ്ണുകളെന്തേ അടഞ്ഞു പോയി
ശ്രീകോവില്‍ ചുറ്റി പ്രദക്ഷിണം വെയ്ക്കുമ്പോള്‍
ആ മുഖമോര്‍മ്മയില്‍ മറഞ്ഞും പോയീ

കാണിക്കയിട്ടിടാന്‍ ഇന്നും മറന്നു ഞാന്‍
എന്നിലെ ഞാനെന്ന ഭാവം
എന്നിനിക്കാണും കണ്ണാ.. എന്നിനിയാകുമീ
കാണിക്കയാമഹം നല്‍കാന്‍
അല്ലെങ്കില്‍ കണ്ണാ എടുത്താലുമെന്നഹം
നിന്റേതുമാത്രമല്ലേ കണ്ണാ ഇതും
നിന്‍ കൃപ മാത്രമല്ലേ

65. ശ്രീ ഗുരുവായൂ പുരമതി രമണീയം

ശ്രീ ഗുരുവായൂ പുരമതി രമണീയം


ശ്രീ ഗുരുവായൂ പുരമതി രമണീയം
ഭൂലോകവൈകുണ്ഠം ശ്രീകൃഷ്ണ സാന്നിദ്ധ്യം
ഭക്തപരായണം നാരായണനാമം
നിത്യം മുഴങ്ങും ഗേഹമിതതിപുണ്യം

തംബുരു ശ്രുതിയൊത്ത സ്വരമൊന്നിടറിയപ്പോള്‍
തുമ്പമകറ്റി ചെമ്പയ്ക്കു സ്വരമായി
ഏകാദശീ പുണ്യ സാന്നിദ്ധ്യമായിന്നും
ചെമ്പൈസംഗീത സദിരുമിന്നതി പുണ്യം

അദ്വൈതസാരസര്‍വ്വം ജ്ഞാനപ്പാനയായി
പൂന്താനഭക്തിയേവം മുക്തിനിദാനമായി
ഭക്തി വിഭക്തി സര്‍വ്വം നര നാരായണീയം
വന്ദിത ചരണയുഗം അതിരുചിരാഭലോലം

ചന്ദന ചര്‍ച്ചിതം രൂപമതിമംഗളം
തുളസീദള പരിവേഷിതം അംഗോപാംഗം
പുഞ്ചിരി കളിയാടും കൃഷ്ണശില മോഹനം
കൃഷ്ണനാമം മുഴങ്ങും നഭസ്സുമിന്നഭിരാമം

64. പാഹി ജഗജ്ജനനി..

പാഹി ജഗജ്ജനനി..
 പാഹി ജഗജ്ജനനി.. അമ്മേ
പാഹി ജഗജ്ജനനി
പരമാനന്ദ ദായിനി നാരായണി
അക്ഷര മാലയാല്‍ കോര്‍ത്തിടാം
ഞാനെന്റെ അശ്രുകണമാകും
അക്ഷതനൈവേദ്യം

വിദ്യാവിശേഷ ബുദ്ധിപ്രദായനി
വീണാപ്രവീണ വാദ്യവിനോദിനി
നിഗമാഗമ സൂത്ര സവിശേഷമലംകൃത
സുകൃതാദികാരിണി കാലാതിവര്‍ത്തിനീ

വാസന്ത പഞ്ചമി നാളിലുമെന്നുമെന്നും
സാരസ്വതമന്ത്ര ആരതിയായ്‌ മനം
അന്തരമന്തരേ അക്ഷരമെന്നിലെ
അക്ഷരാതീതപ്പൊരുളായരുളണേ
ചിത്തത്തിലാ ദിവ്യ പ്രഭയാം ഭാസുര
ദീപ്തിയതെല്ലാം വിദ്യയായ്‌ തെളിയണേ

63. വില്വ പത്രങ്ങളാല്‍ വിണ്ണവര്‍ പൂജിക്കും

വില്വ പത്രങ്ങളാല്‍ വിണ്ണവര്‍ പൂജിക്കും
ഓം നമഃ ശിവായ...
വില്വ പത്രങ്ങളാല്‍ വിണ്ണവര്‍ പൂജിക്കും
വില്വാദ്രി നാഥാ പ്രണാമം
കാമാരിയെങ്കിലും മാതാ മഹേശ്വരിതന്‍
മഹിമയെഴും നാഥാ വന്ദനം
സാഷ്ടാംഗ ദണ്ഡ നമസ്കാരം

കാളിക്കു ദാസനാം കവി പണ്ടു പാടീ
പാര്‍വ്വതീ പ: രമേശ്വരൌ
പാര്‍വ്വതീപരമേശ നാമങ്ങള്‍ക്കുള്ളിലും
ലക്ഷ്മീ സമേതം വൈകുണ്ഠ നാഥന്‍
ആദി ഗുരുവായ ശങ്കരനും തേടി
ശങ്കര നാരായണ സദ്‌ ദര്‍ശനം
വില്വ പത്രങ്ങളും തുളസിക്കതിരും
ശ്രീലകമുള്ളിലലങ്കാരം.. അവിടെ
ശങ്കര നാരായണ സത്യ ദര്‍ശനം

അര്‍ദ്ധനാരീശ്വര നിന്നുടല്‍ പാതിയില്‍
സര്‍വ്വചരാചര പ്രാണന്‍
പ്രകൃതിയും മായയും ഒരു മറവാക്കി നിന്‍
നടരാജ നടനം തുടരുമ്പോള്‍
താണ്ഡവ നൃത്തത്തിന്‍ താളക്രമമാണീ

അണ്ഡകടാഹത്തിന്‍ ഹൃദ്‌ സ്പന്ദനം

62 മനസാ സ്മരാമി

മനസാ സ്മരാമി
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി
ബാലം മുകുന്ദം ശിരസാ നമാമി

മനസാ സ്മരാമി സദാ മുഖാരവിന്ദം
മുകുന്ദ മുഖാരവിന്ദം
ശിരസാ നമാമി മുദാ പാദാരവിന്ദം
യദു നന്ദന പാദാരവിന്ദം
ഭജരേ യദു നന്ദകുമാരം...

നിഗമാഗമ സാരാമൃത ഗേഹം
ചിത്തവിലാസം ചിന്മയ രൂപം
മായാ മാനവ രൂപധാരിണം
നിത്യ നിരാമയ നിര്‍ഗുണ ഭാവം
ഭജരേ യദു നന്ദകുമാരം...

ഏതെന്‍ സഗുണാരാധക ദേവം
അവ്യയമഭയം ഗോപകുമാരം
നിത്യ വിരാജിത മമ മനവാസം
വ്യാധിത്രയ ദൂരീകൃത സുകൃതം
ഭജരേ യദു നന്ദകുമാരം...

സര്‍വ്വാലംകൃത പീത ധാരിണം
വംശിവാദകം മാനസ ചോരം
നവനീതാമൃത ഗന്ധ പൂരിതം
ശ്രീ ഗുരുവായുര്‍പുര വിലാസിതം
ഭജരേ യദു നന്ദകുമാരം....

61. ഭഗവന്തം കൃഷ്ണം

ഭഗവന്തം കൃഷ്ണം

ഭഗവന്തം കൃഷ്ണം
ചേതോഹരമാണാ രൂപം
ചേതനയില്‍ കളിയാടീടുന്നൊരു
പീലിക്കതിരാണാ ഭാവം

അംബരമാകാശമണ്ഡകടാഹമിതെല്ലാ
മവിടുത്തെ ദിവ്യ പ്രഭാവം
അതിലൊരു നാന്മുഖ പ്രതിഭയാലല്ലോ
പ്രപഞ്ചസൃഷ്ടി പ്രതിഭാസം
വിശ്വം നിറഞ്ഞും ഭരിച്ചും വിളങ്ങും
വിഷ്‌ണുവല്ലോ വിരാട്‌ പുരുഷന്‍

പരമാണുതാണ്ഡവ ധ്രുതതാളം
പ്രപഞ്ചജീവന ഡമരു രവം
ആ സംഹാരതാളത്തിലാനന്ദ നൃത്തമാടും
വിശ്വൈകമൂര്‍ത്തിയല്ലോ പരമേശന്‍

നേരിന്റെ നേരറിഞ്ഞറിവുണര്‍വ്വാകുവാന്‍
സകലേശാ നീയരുളേണം
പ്രപഞ്ച സത്യ പ്രഭയിലലിയാന്‍ വെമ്പും
തിരിനാളമല്ലോ ഞാന്‍

60. കണ്ണനെ കാണുമ്പോള്‍

കണ്ണനെ കാണുമ്പോള്‍
കണ്ണനെ കാണുമ്പോളെന്തു തോന്നീ ?
       കായാമ്പൂവിതളെന്നുതോന്നി
മായാമയനാം കണ്ണനെക്കണ്ടപ്പോള്‍
      കരിമുകിലെന്തോ കുറുമ്പുചൊല്ലി

മംഗളമധുരിമയോടെ പ്രിയരാധ
കണ്ണന്റെ കാതിലന്നെന്തുചൊല്ലീ?
     വെണ്ണിലാപ്പൊയ്കയില്‍ സഖീമാരുമായി നീ
     നര്‍ത്തനമാടുവാന്‍ വരുമോ കണ്ണാ ?

യമുനതന്‍ പുളിനത്തിലാരാത്രിയെന്തിനേ
പൂനിലാവോടിയൊളിച്ചുപോയി ?
    കണ്ണന്റെ രാസവിലാസങ്ങള്‍ കണ്ടിട്ട്‌
    പൂനിലാച്ചന്ദ്രിക നാണിച്ചുപോയ്‌

ആരാത്രിയെന്തിനേ പൂങ്കുയില്‍ക്കൂട്ടങ്ങള്‍
പാടാതെ കാതോര്‍ത്തു കാത്തിരുന്നൂ?
    കണ്ണന്റെ പുല്ലാങ്കുഴല്‍പ്പാട്ടുകേള്‍ക്കുവാന്‍
    മന്ത്രസ്വനം ധ്യാനിച്ചിരിക്കയാവാം

കളകളമൊഴുകുമാ കാട്ടാറുമെന്തിനേ
കണ്ണനെകാത്തുകാത്തന്നു കൊഞ്ചി ?
    മായാമയനവന്‍ പാടുന്ന പാട്ടിന്നു
    താളംപിടിക്കാന്‍ കൊതിക്കയാവാം

കണ്ണനെക്കാണാഞ്ഞിട്ടെന്തുതോന്നി?
ഒന്നുമേ തോന്നാനില്ലെന്നു തോന്നി
   മായക്കണ്ണനെന്‍ കണ്മുന്നിലില്ലെങ്കില്‍
   ഞാനില്ല ജീവതരംഗമില്ല

59. സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍

സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍

സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍ കണ്ടൂ
കണ്ണാ നിന്‍ രൂപം
മോഹന സങ്കല്‍പ്പസൌന്ദര്യമൊത്തൊരാ
കൈവല്യകേദാരം

പീലിത്തിരുമുടി തെല്ലഴിഞ്ഞും
മയില്‍പ്പീലിയിലാകവേ പൊടിയണിഞ്ഞും
കാടിന്റെ നോവുകളെല്ലാമകറ്റുന്ന
കോലക്കുഴലിന്റെ സാന്ത്വനമായ്‌

കൂട്ടരുമൊത്തുള്ള തുള്ളിത്തിമിര്‍ക്കലും
കാട്ടിലൊന്നിച്ചുള്ള ഭോജനവും
ഏട്ടന്‍ ബലരാമനോടൊത്തൊരു നാട്യവും
ഭാഗവതാമൃതസൌന്ദര്യമായ്‌

രജനീ യമുനാ പുളിനങ്ങളെല്ലാം
നീലനിലാവു നിറഞ്ഞു നില്‍ക്കേ
രാസകേളീലയഭാവങ്ങളെല്ലാം
രാധയില്‍ രാഗനിറം ചാര്‍ത്തി നിന്നു
മാധവനൊരു സ്വപ്നച്ചിമിഴില്‍ മറഞ്ഞു
ഞാനുമെന്‍ കണ്ണനെക്കാണാതലഞ്ഞു

സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍ കണ്ണാ
കാണണം നിന്‍ രൂപം
മോഹന സങ്കല്‍പ്പ സൌന്ദര്യമൊത്തൊരാ
കൈവല്യകേദാരം

58. ഗേയമതൊന്നേ നാരായണനാമം

ഗേയമതൊന്നേ നാരായണനാമം

ഗേയമതൊന്നേ നാരായണനാമം
ധ്യേയമതൊന്നേ നാരായണം..
നരായണാ എന്ന നാമ മന്ത്രം
മന്നില്‍ നാനാ ദു:ഖ നിവാരകം
നര ഹരി രൂപ സ്മരണമെന്നുള്ളില്‍
ഈശാവാസ്യ സുദര്‍ശനം

തൂണില്‍ തുരുമ്പില്‍ പുല്‍ക്കൊടിയില്‍
പ്രണവ സുനാദത്തിന്‍ നിര്‍ഝരി
പ്രത്യക്ഷ രൂപമായ്‌ താവക ചൈതന്യ
ധാരയില്‍ ഞാനുമൊരു വൈഖരി
നിത്യമനന്ത നഭസ്സില്‍ നിറയുമൊ-
രോങ്കാര മന്ത്ര സ്വരമഞ്ജരി
എന്‍ സപ്തസ്വര നീരാഞ്ജലി

ആയിരം രാഗങ്ങളാല്‍ വര്‍ണ്ണിച്ചുവെന്നാലും
ആകുമോ നിന്‍ മഹിമാ കഥനം
ആയിരം നാമങ്ങള്‍ നിത്യം ജപിച്ചാലും
തീരുമോ മാനസ താപത്രയം
കലിമലമകറ്റും നാരായണ മന്ത്ര
സ്മരണയിതാകട്ടെ എന്‍ സാധകം

57. ആഞ്ഞമല്ലല്ലോ

ആഞ്ഞമല്ലല്ലോ ഞാന്‍... 

ആഞ്ഞമല്ലല്ലോ ഞാനെന്നകതാരിനുള്ളില്‍
കണ്ണനെക്കണ്ടുണരാന്‍
സാന്ദ്രാനന്ദം പാടി പുകഴ്ത്തിയ
ചെമ്പെയുമല്ലല്ലോ ഞാന്‍.
കണ്ണാ.....

ഭക്തയാം മഞ്ജുള നിത്യവും കണ്ടതും
കാര്‍മുകില്‍ വര്‍ണ്ണനെയല്ലോ
ആ തിരുമാറിലണിഞ്ഞുവിലസുന്ന
വനമാലയായതവള്‍
കണ്ണന്റെ ഗോപികയായതവള്‍


കണ്ണന്റെ ശിരസ്സിലെ വേപഥുപോക്കാന്‍
ഗോപികതന്‍ പദധൂളി
ദ്വാരകാനാഥന്റെ പൈദാഹമകറ്റാന്‍
വിയര്‍പ്പില്‍ കുതിര്‍ന്നോരവില്‍പ്പൊതി
ഭക്തിനിറച്ചെന്തു നീട്ടിയാലും കണ്ണന്‍
കൈനീട്ടി വാങ്ങുന്നൂ...  ആ
മലര്‍ക്കന്യാമണവാളനൊക്കെയുമാവാം

56. അപ്രതീക്ഷിതം

അപ്രതീക്ഷിതം

അപ്രതീക്ഷിതം സുപ്രസന്നമീ സുപ്രസാദ സങ്കീര്‍ത്തനം
അപ്രമേയ നിന്നാത്മ ചൈതന്യമാകവേ ഭുവി പൂരിതം
സര്‍വ്വസാഗര മന്തരീക്ഷ ധ്യോവിലും ക്ഷീര പഥത്തിലും
സത്യമാനന്ദ ചിന്തയാലുന്നതം നിന്‍ സ്മരണയും

അര്‍ക്ക ചന്ദ്രാതിയൊക്കെയും നിന്‍പ്രഭാപൂര നിര്‍ഭരം
നിര്‍മ്മലാനന്ദ സ്നേഹമൊക്കെയും നിര്‍മ്മമത നിറഞ്ഞതാം
നമ്മിലാകവേ പൂത്തുനില്‍പ്പൂ വിശുദ്ധി കൈക്കൊണ്ട പൂവുകള്‍
കാവുതോറും പറന്നു പാടി നടക്കയാണീ ചെറു പക്ഷിയും

താവകാനന്ദ മൂര്‍ഝയില്‍ ഞാനുമാക്കണി കണ്ടുണര്‍ ന്നുവോ
കേവലം മര്‍ത്ത്യ രൂപമെന്നതുമേവം ഞാനും മറന്നുവോ
ആത്മചൈതന്യ ധാരയിലൊരു കാല്‍പ്പനീക കവിതപോല്‍
നിത്യമാനന്ദ ചിന്തയില്‍ മനം എന്നുമെന്നുണര്‍ന്നേല്‍ ക്കുമോ

ദേഹബുദ്ധിയില്‍ ഞാനവിടുത്തെ ദാസനായി കൃതാര്‍ദ്ധനായ്‌
ജീവഭാവത്തില്‍ താവകാത്മാവിന്‍ ഭാഗമായ്‌ ഞാന്‍ വിലോലനായ്‌
ആത്മഭാവേന ഞാനവിടുത്തെ സത്തയില്‍ വിലയിക്കവേ
ഞാനും ചൈതന്യധാരയും എന്നുമേകമാം സത്തതൊന്നല്ലോ

55. ആന മുഖനേ ശ്രീ ഗണനായക

ആന മുഖനേ ശ്രീ ഗണനായക


ആന മുഖനേ ശ്രീ ഗണനായക
പാഹിമാം വിഘ്നേശ്വരാ
പരിപാലയാം ലംബോധരാ

വേദാദിവന്ദ്യ പ്രഭോ തവ ബുദ്ധിയില്‍
വേദാന്ത വിദ്യയവിദ്യയുമെല്ലാം
ഏകദന്തമാം എഴുത്താണിയാല്‍ തീര്‍ത്തു
വേദാതിപൂര്‍ണ്ണം കാവ്യമനേകം.....
അക്ഷരാതീതം ജ്ഞാനപ്പഴം മമ
കല്‍പ്പനാതീതം ചരണയുഗം

പരമേശ്വരതനയാ പരിപാലയ
പാഹിമാം പരം പൊരുളേ ഗണനായക
ദുര്‍ഘടസംസാര പദ്ധതി മദ്ധ്യേ
വിഘ്നേശ്വരാ തുമ്പിക്കയ്യാണവലംബനം

54. രാമാ ശ്രീ രഘുരാമാ

രാമാ ശ്രീ രഘുരാമാ
രാമാ ശ്രീ രഘുരാമാ
പൂര്‍ണ്ണദിവാകര ശോഭിത ധാമാ
ദാശരഥീ രഘു രാമാ രാമാ..

രാമാ അത്മാഭിരാമാ
യോഗവാസിഷ്ട പ്രകീര്‍ത്തിത ധാമാ
മാമുനിസേവിത രാമാ രാമാ..

രാമാ ധനുര്‍ദ്ധര വീരാ
കാമാരി ചാപ വിഭഞ്ജക രാമാ
സീതാ വല്ലഭ രാമാ രാമാ..

രാമാ ഹൃദയാഭിരാമാ
കാനന വാസ നിയോഗിത രാമാ
ലക്ഷ്മണ ഗീതാ രാമാ രാമാ..

ഭക്തപരായണ ധാമാ
ഹനുമത സേവിതനദ്വയ രാമാ
ശബരീ പാലക രാമാ രാമാ..

രാമാ ഉമാപതിസ്സേവ്യാ
ത്രിപുരാന്തകപ്രിയ, രാവണ ഹന്താ
പാഹി ജഗല്‍പ്പതേ രാമാ രാമാ..

രാമാ പട്ടാഭി രാമാ
രാമരാജ്യ സ്ഥിതി സ്ഥാപിത രാജാ
രാമാ ശ്രീരാമചന്ദ്രാ രാമാ..

53. പ്രണവാധാര പ്രഭ

പ്രണവാധാര പ്രഭ
അറിയാതെയെന്നുടെ അകതാരിനുള്ളില്‍
അനവരതമുണരുന്നു പ്രണവ ധ്വനി
അകമലര്‍കൊണ്ടു ഞാന്‍ അനുദിനം അര്‍ച്ചിപ്പൂ
അവിടുത്തെ ദിവ്യമാം ചില്‍സ്വരൂപം
അതില്‍ ദര്‍ശിതമാകുമോ തല്‍സ്വരൂപം?
എന്നില്‍ അറിവിന്റെ നിറമാല നിറവാകുമോ?

ആധാരശിലയില്‍ ഞാനുറപ്പിച്ചതാ
ണവിടുത്തെ ദിവ്യമാം രൂപ ഭംഗി
അഞ്ജന ശിലയില്‍ അവതീര്‍ണ്ണയാം നീ
അക്ഷരബ്രഹ്മ പൊരുളല്ലയോ?
അക്ഷരാതീതമാം ഉണ്മയല്ലോ
പ്രണവത്തിന്‍ പ്രത്യക്ഷ ലക്ഷ്യമായ്‌ മേവിയ
സാധനയ്ക്കാധാരവും നീയല്ലയോ?

പ്രതിദിനവുമവിടുത്തെ തിരുവെഴുന്നള്ളത്തി-
ന്നറിവോടെയെടുക്കാം പൊന്‍ തിടമ്പ്‌
അനുപദമെന്നുള്ളില്‍ അനുരണനം ചെയ്യും
പ്രണവം പ്രാണന്റെ നിജ സ്പന്ദനമായ്‌
അറിവായുണര്‍വ്വായി ഉര്‍വ്വരമാകുന്നൊ
രുണ്മയ്ക്കു മുണ്മയായ്‌ തെളിയേണമേ
എന്നകതാരുമവിടുത്തെ പ്രഭചൂഴണേ

52. അന്‍പേ ശിവം


അന്‍പേ ശിവം
അന്‍പേ ശിവം, അന്‍പേ ശിവം
അന്‍പേ ശിവം ശങ്കരം
അന്‍പേ ശിവം, അന്‍പേ ശിവം
അന്‍പേ ശിവം സുന്ദരം

ആനന്ദമായ്‌ അല്‍ഭുതമായയായ്‌
ചിദാനന്ദമായ്‌ ചിന്മയ ഭാവമായ്‌
നവ്യാനുഭൂതിതന്‍ ഉത്തുംഗശൃംഗത്തില്‍
പ്രണവത്തിലുണരുന്ന ചില്‍സ്വരൂപം
അന്‍പേ ശിവം, അന്‍പേ ശിവം
അന്‍പേ ശിവം ശങ്കരം
അന്‍പേ ശിവം സുന്ദരം

ഓങ്കാര സാന്ദ്രദം സച്ചിദാനന്ദം
സാകാരം അക്ഷരം അവ്യയമാനം
നിരാകാര ബ്രഹ്മം നിരീഹം നിദാനം
സംസാര കര്‍മ്മാദി വീതം പവിത്രം
അന്‍പേ ശിവം, അന്‍പേ ശിവം
അന്‍പേ ശിവം ശങ്കരം

അന്‍പേ ശിവം സുന്ദരം

51. വാര്‍ മഴവില്ലിന്നേഴുനിറം

വാര്‍ മഴവില്ലിന്നേഴുനിറം


വാര്‍ മഴവില്ലിന്നേഴുനിറം ആ
കാര്‍മുകില്‍ വര്‍ണ്ണനുമേഴഴക്‌
കാലില്‍ ചിലമ്പിന്നേഴു ജതി ആ
കോലക്കുഴലിലിന്നേഴു സ്വരം
രാഗ മാലികാ പ്രപഞ്ച ലയം

ഏഴു നിറങ്ങളും ചേര്‍ന്നാല്‍ ധവളിമ
ഏഴു സ്വരങ്ങളില്‍ പാട്ടിന്‍ സരിഗമ
രാഗപരാഗം തൂവാന്‍ കണ്ണന്റെ
കോലക്കുഴലിന്‍ നാദ മധുരിമ
രാഗ സുധാ രസ ലാസ്യ ലയം

മോഹന രാഗത്തിന്‍ മോഹിതവലയം
ലീലാനടനത്തിന്‍ ലയ ലാസ്യ ഭാവം
രാധാ മാധവ ലയമധുരിമയില്‍
പൂത്തുലഞ്ഞതു നീലക്കടമ്പോ
ഹര്‍ഷപുളകത്തിന്‍ പുതു മലരോ

50. ആധാരശ്രുതി

ആധാരശ്രുതി
https://www.youtube.com/watch?v=goA5P9-uNso#t=32


ആധാരശ്രുതിയായെന്നില്‍
എപ്പോഴും നിറവല്ലോ
കോലക്കുഴല്‍ വഴിയും രാഗരസം
കണ്ണന്റെ വേണുവിലൂറും നാദലയം
ആധാരശിലയായി നിത്യമുള്ളിലുണ്ടല്ലോ
കാര്‍മുകില്‍ വര്‍ണ്ണന്റെ രൂപഭംഗി
കോമളം ശ്യാമളമാ തിരുമേനി

രാധാ പ്രണയം കണ്ണന്റെ പാട്ടുപോല്‍
ശ്രുതിശുദ്ധം ഹാ.. ലയ ഭരിതം
രാധയ്ക്കു തന്നുള്ളില്‍ നിത്യവും ധാരയായ്‌
പെയ്തിറങ്ങുന്നൂ രാഗരസം
യമുനയില്‍ കണ്ണനൊപ്പം നീന്തിത്തുടിക്കുമ്പോള്‍
അപ്പൊഴും അവള്‍ കേള്‍പ്പതാലാപനം
മധുരമധുരമാമാലാപനം

ഹരി ഹരിയെന്‍ മനം പാടുന്നതെല്ലാം
ഹരികാംബോജിയില്‍ പ്രണവ രവം

പ്രാണനില്‍ നിസ്തന്ദ്രം ശ്രുതിയായീ പ്രണവം
ആനന്ദവേണുനാദം സുകൃതലയം
രാധയിലെന്നപോല്‍ എന്നിലും നിന്‍ രൂപം
ജീവന്റെ ആധാര ശിലയായീ - അതു
ഹരി ഹരിനാമ ജപമല്ലോ

49. വേലെടുത്തെന്നുള്ളില്‍

വേലെടുത്തെന്നുള്ളില്‍ 

വേലെടുത്തെന്നുള്ളില്‍ വിളയാടി നില്‍ക്കുന്നു 
വേലായുധ സ്വാമി കാര്‍ത്തികേയന്‍
മാമയിലേറിയും മലയിതിലമര്‍ന്നും
ഉലകം കാക്കുന്നു സേനാപതി
വേദന തീര്‍ക്കുവാന്‍ വേദപാരംഗതന്‍
സാമോദമരുളുന്നു പളനിതന്നില്‍
എന്നെ കാത്തിരിക്കുന്നൂ വേലായുധന്‍

ആണ്ടിയായ്‌ പണ്ടാര ഭാണ്ഡങ്ങള്‍ താങ്ങിയും
ജീവിതക്കാവടിയാടിയാടിയും
പാതകള്‍ താണ്ടി ഞാന്‍ വന്നണയുന്നേരം
കാത്തുകൊള്ളും എന്നെ വള്ളി കാന്തന്‍
കാമാദിയായുള്ളോരാറു വൈരങ്ങളെ
വേരോടറുത്തു തരും ആറുമുഖന്‍
ഒരു നുള്ളു ചാരവും പഞ്ചാമൃതവും
എനിക്കായ്‌ കരുതും തിരുമുരുകന്‍
എനിക്കെന്നെന്നുമാശ്രയം വേലായുധന്‍

ഏട്ടന്‍ ജയിച്ചു കാണാന്‍ ജ്ഞാനപ്പഴത്തിനെ
പോട്ടെന്നു വച്ചതീ മയില്‍ വാഹനന്‍
ജ്ഞാന വിജ്ഞാനത്തിന്‍ തത്ത്വപ്പരം പൊരുള്‍
താതന്നു കാതിലോതിക്കൊടുത്തൂ കന്തന്‍
നെറ്റിക്കണ്ണുടയോന്റെ ധ്യാന സപര്യതന്‍
സാകല്യ മൂര്‍ത്തിയീ ഷണ്മുഖനാഥന്‍
നെറ്റിമേലിട്ടൂള്ള ഭസ്മക്കുറിപോലെ
പ്രത്യക്ഷ ദൈവതം ശ്രീ മുരുകന്‍ 

എന്‍ പ്രത്യക്ഷ ദൈവതം വേലായുധന്‍

48. ഗോലോക വൃന്ദാവനം












ഗോലോക വൃന്ദാവനം

ഗോലോക വൃന്ദാവനം ഈ
ഭൂലോക വൈകുണ്ഠം
ശ്രീ ഗുരുവായൂരെന്നും മനസ്സിലെ
ഗോലോകവൃന്ദാവനം


ഊര്‍ത്ഥമൂലം മഞ്ജുളാല്‍ ഉലയുന്നു
കാടിന്റെ രോമാഞ്ചം പൂക്കടമ്പേല്‍ക്കുന്നു
ഗീതാസാരത്തില്‍ ഗോലോകമുണരുന്നു
ശ്രീ ഗുരുവായൂരില്‍ നാകങ്ങള്‍ തോല്‍ക്കുന്നു


ഉഷപ്പൂജയിലെ കണ്ണനെ കാണാന്‍
മതിമറന്നെന്നുള്ളമാകെ തുടിക്കവേ
നടതുറക്കുമ്പോളെന്‍ കണ്ണനെ കണ്ടെന്നാല്‍
കാണാന്‍ മറ്റൊന്നുമില്ല മന്നില്‍
കാണാന്‍ മറ്റൊന്നുമില്ല

47. ഹരി ഗോവിന്ദം




















ഹരി ഗോവിന്ദം
ഗോകുലബാലം ഹരി ഗോവിന്ദം
ഗോവര്‍ദ്ധനഗിരിധാരി മുകുന്ദം
ഗോപീഹൃദയാവര്‍ജ്ജക ഗാത്രം
താപനിവാരക ഭാസുര രൂപം

ആത്മാനാത്മ വിവേകവിശേഷം
ആര്‍ജ്ജിത കര്‍മ്മഫലാദിവിദൂരം
അര്‍ജ്ജുന മാനസവീതവിഷാദം
ഗീതാമൃത മധുധാരാ സുകൃതം

മണിഗണനാദാലംകൃത വസനം
വനമാലാധര സുന്ദര ദേഹം
സ്വേദമണീപരിശോഭിത ഫാലം
നവനീതാമൃത പൂരിത വക്ത്രം

ആഗമനിഗമ പ്രകീര്‍ത്തിതരൂപം
ആത്മസ്വരൂപമനാദിമധ്യാന്തം
അനന്ദപ്രദ കൈശോരവേഷം
ആത്മാനന്ദ വിലോലവിശേഷം

46. കൂട്ടുകാരന്‍



 കൂട്ടുകാരന്‍


ഇത്രമേലെന്തിഷ്ടമാവാന്‍ എന്നില്‍
അത്രമേലുണ്ടോ കറുപ്പ്‌?
കാര്‍വര്‍ണ്ണനല്ലേ നിനക്ക്‌ നല്ല
ചേലൊത്ത രാജകുമാരന്‍?

ശ്യാമന്റെകാലൊച്ചപോലെ നിന്‍
കാലടിയൊച്ചയും തോന്നി
കേള്‍ക്കുന്നതെല്ലാം കണ്ണന്‍ ഞാന്‍
കാണുന്നതാരുമേ കണ്ണന്‍

കാളിന്ദിയല്ലേ നിനക്ക്‌ ഈ
മൂവന്തിനേരത്തുകൂട്ട്‌
കാട്ടുകടമ്പിന്റെ ചോട്ടില്‍
കുറുമ്പേറും 'മരംകേറി' വന്നോ

മനസ്സില്‍ കടമ്പിന്റെ തുഞ്ചം
എന്നേ അവന്‍ കെറിയെന്നോ
പൂത്ത മരക്കൊമ്പു കാണാന്‍ ആ
കാല്‍പ്പൂവുമൊന്നിച്ചുകാണൂ

നീലാമ്പല്‍പ്പൂവിന്നുവേണ്ടി
ആറ്റില്‍ നീ ചാടിച്ചതാണോ
പട്ടു പീതാംബരം മുക്കി
കാറ്റില്‍ ഉണക്കീടുവാനോ

ചേറുള്ള പൊയ്കയിലല്ലേ നല്‍
നീലാമ്പല്‍പൂവുകള്‍ ഉള്ളൂ
കാളിന്ദിതന്‍ കാളകൂടം
മാറ്റുവാന്‍ മറ്റാര്‍ക്കു പറ്റും

ചേലൊത്തു മഞ്ഞയണിഞ്ഞൂ
കണ്ണനെപ്പോല്‍ മനക്കള്ളന്‍
കാര്‍വര്‍ണനുള്ളില്‍ നിനയ്ക്കും
ഞാനെന്ന ഗോപിക നീയാം



എല്ലാര്‍ക്കുമുള്ളിലീ ഞാനും നീയും
എന്നെന്നുമൊന്നെന്ന നേരില്‍
കാട്ടുകടമ്പിന്റെ ചോട്ടില്‍ നാം
കൂട്ടുകാരായ്‌ കൂട്ടിരിക്കാം




45. ഭുജഗേന്ദ്ര ശായിനം

ഭുജഗേന്ദ്ര ശായിനം


ഭുജഗേന്ദ്ര ശായിനം ലക്ഷ്മീ സേവിതം
ഗോവിന്ദനുള്ളില്‍ വസിതം
എന്നുള്ളവും
ദേവ ദേവേശസവിധം
നാരായണാ ഹരേ നാരായണാ നാമം
എന്നുള്ളില്‍ നിത്യ മുഖരം
പദ പങ്കജം ....
എന്നുള്ളില്‍ നിത്യ ഹരിതം


പാഴിലായ്‌ പോകാതെ കര്‍മ്മവും കാലവും
വാഴ്വിനു തുണയായിത്തീരാന്‍
കഴലിണപണിയും മനമൊന്നുണരാന്‍
മനസ്സിലുഷസ്സായൊരുദയം
എന്നുള്ളില്‍
എന്നുമാ ദിവ്യസവിതം


നേരിന്റെ നേര്‍വ്വഴി കാട്ടും നെരിപ്പോടിന്‍
തീയണയാത്ത പുണ്യം
വിദ്യക്കുമക്ഷരദീപത്തിനപ്പുറം
അക്ഷരാതീത പ്രഭാസം
ധര്‍മ്മാധര്‍മ്മ വിവേക പ്രഭയാം
ഓങ്കാരമാം നിത്യ സത്യം
ശുദ്ധ ബുദ്ധം
സത്യമീ മുക്ത സ്വരൂപം

44. നിഗമാഗമ സത്യ സാന്ദ്രസാരാമൃതം

നിഗമാഗമ സത്യ സാന്ദ്രസാരാമൃതം
നിഗമാഗമ സത്യ സാന്ദ്രസാരാമൃതം
നിരവദ്യസുന്ദരം ചിത്ര വിചിത്രം
ഭാഗവതപ്രോക്തം പൂര്‍ണ്ണാവതാരം
ഭാഗ്യജനാനാം ആനന്ദ ചിത്തം


ഗുരുവരുളായതും പ്രാണപ്പൊരുളും
പ്രത്യക്ഷമക്ഷര പരബ്രഹ്മവും നീ
അക്ഷരാതീതം അവ്യക്താകൃതം
അവ്യയമദ്വയം പൂര്‍ണ്ണമപൂര്‍ണ്ണം


ഹരിപദമനുപദമുള്ളില്‍ ലസിതം
ഇഹപര, പരാപരവിദ്യാവിനുതം
താരാഗണവും തൃണകൃമിജാലവും
ദൃക്‌്‌ദൃശ്യ സാരസര്‍വ്വം പവനപുരേശന്‍


ഇഹമാത്മാവാം ഗുരുവിന്‍ സവിധേ
ദേഹഗേഹാദിയില്‍ വസിതം പ്രാണന്‍
സത്താം പരം പൊരുള്‍ ഗുരുപവനപുരേ
ഉദ്ധരേതാത്മാനാം ഗുരുവായുള്ളില്‍

43. കണ്ണാടി

കണ്ണാടി

കണ്ണനൊരു കണ്ണാടി പോലെ
കണ്ണിണക്കോണിലെ കൃഷ്ണമണികളില്‍
കണ്ണനെ കാണുന്നു ഞാനും


കണ്ണന്റെ വായിലെ മണ്ണിന്റെ വിസ്മയം
അമ്മ യശോദയ്ക്കതെന്നപോലെ
വിണ്ണവര്‍ക്കെന്നപോല്‍ മണ്ണിന്റെ മക്കള്‍ക്കും
കണ്ണാടി നോക്കുന്ന കണ്ണുകള്‍ക്കും
എണ്ണമില്ലാത്തതാം വിസ്തരം അത്ഭുതം
കൃഷ്ണ നീയല്ലയോ ചൂഡാമണി


കിണ്ണത്തില്‍ നല്‍നറും വെണ്ണ നിറച്ചമ്മ
കണ്ണനെ വിളിക്കുന്ന പോലെ തന്നെ
എണ്ണമില്ലാത്ത വിഭൂതികള്‍ നീട്ടിയാ
കണ്ണനും നമ്മെ വിളിക്കുന്നു.
വേണമെന്നുണ്ടെകില്‍ ആവോളമുണ്ടിടാം
കണ്ണിണകോണിലാ നിഴല്‍ പേറി
കണ്ണാ നീയല്ലയോ കൃഷ്ണമണി


കാറ്റില്‍ ജലത്തില്‍ നഭസ്സില്‍
കാട്ടുതീയിലും ഭൂമിയിലുമെല്ലാം
കണ്ണനാം കണ്ണാടി തന്നില്‍ മുഖം നോക്കി
എണ്ണാം വിഭൂതിയോരോന്നായ്‌
സപ്തര്‍ഷിവൃന്ദവും സൂര്യചന്ദ്രന്മാരും
ഐശ്വര്യസമ്പല്‍സമൃദ്ധികളും
കാര്‍മുകിലാവട്ടെ കാളിയനാവട്ടെ
കാളകൂടം തന്നെയാട്ടെ
കാട്ടുകടമ്പിന്റെ ആത്മഹര്‍ഷം പോലെ
എണ്ണിടാമെന്റെ സൌഭാഗ്യം
കൃഷ്ണാ നീയല്ലയോ ചിന്താമണി

42 നവനീത സുകൃതാമൃതം

നവനീത സുകൃതാമൃതം












നവനീത സുകൃതാമൃതം
കണ്ണന്‍ നവനീതസുകൃതാമൃതം


തിളപൊങ്ങിയാറിയ പാലില്‍ ഉറവീണു
ഭവസാഗരപ്പൊലിമ നിമിഷത്തിലിരുളായി
മൌനത്തിനേകാന്ത രാത്രിയിലിരുള്‍പോലും
കനിവേകി ജ്ഞാനത്തിന്‍ തൈരുമുറകൂടി


മനസ്സുകടഞ്ഞതു വേപഥുകൊണ്ടാവാം
വേറിട്ടു നില്‍ക്കുന്ന വേദനകൊണ്ടാവാം
കുറവൊന്നുമില്ലാത്ത ഉണ്മതനുണര്‍വ്വാവാം
നറുവെണ്ണ കിട്ടുവാന്‍ കടഞ്ഞതുമാരാവാം?


നറുവെണ്ണ കക്കുന്നു നവനീതമുണ്ണുന്നു
കൈശോരകമനീയം കാലടിവയ്ക്കുന്നു
ഭക്തമനസ്സിലെ കാളിയ ഫണമെല്ലാം
സക്തികള്‍ വേരോടെ കടപുഴക്കുന്നു


നരരൂപമനുപമം നാരായണം അഖിലം
നവരസ നിഷ്യന്തം ആനന്ദമനിതരം
നാനാ രൂപഗുണസംബന്ധമനുപേക്ഷം
സഗുണ ഗുണവീത നവ നവമനുഭവം

41 മണികണ്ഠ സ്വാമിതന്‍ മണിമന്ദിരം

മണികണ്ഠ സ്വാമിതന്‍ മണിമന്ദിരം


മണികണ്ഠ സ്വാമിതന്‍ മണിമന്ദിരം കണ്ടു
മനസ്സാകെ വപുസ്സാകെ നിറഞ്ഞ നേരം
മാളികപ്പുറത്തുള്ളോരമ്മതന്‍ മുന്നില്‍
കാണിക്കയും വെച്ചു പിരിഞ്ഞ നേരം
മാമലകേറിയ കന്നി അയ്യപ്പനാം
പകലോനും പടിപൂജ നടത്തുന്നേരം
ധന്യനായ്‌ ഗദ്‌ ഗദകണ്ഠനായ്‌ ഞാനെന്റെ
മണികണ്ഠാ മ്റ്റെല്ലാം മറന്നുപോയീ

നാവോറു പാടി നാഗത്താനെ വാഴ്ത്തി
കാലദോഷമകറ്റാന്‍ മഞ്ഞള്‍ പൂശി
കാലവും കാവലായ്‌ നില്‍ക്കുമീ മലയില്‍
കാണിക്കവയ്ച്ചതിന്നെന്റെ ഉള്ളം
അടിമലരില്‍ മലരായി അര്‍ച്ചിച്ചതെല്ലാം
ഒരുപിടിയവില്‍ചേര്‍ത്തു നേദ്യമാക്കി
മണികണ്ഠന്‍ മടിയിലിട്ടമൃതാക്കി മാറ്റുമ്പോള്‍
പൈദാഹമെല്ലാം തീര്‍ന്നൊഴിയും

മുന്‍പേ ഞാന്‍ കണ്ടൊരഭിഷേക ദര്‍ശനം
ഹരിഹരപുത്രന്റെ വരപ്രസാദം
എന്നുള്ളിലുള്ളതും നിന്നുള്ളിലുള്ളതും
ശബരിഗിരീശന്റെ ചിന്മുദ്ര
കറുപ്പുടുത്താലും കാവിയുടുത്താലും
എല്ലാരുമെല്ലാരും അയ്യപ്പന്‍
കലിമലമെല്ലാമൊടുങ്ങുവാനവിടുത്തെ
തിരുവടിമാത്രം ശരണം ശരണം

40 മാമയില്‍വാഹന മദനകളേബര

















മാമയില്‍ വാഹന മദനകളേബര

മാമയില്‍ വാഹന മദനകളേബര
മഹിയില്‍ നിന്‍ മഹിമ വിശേഷം
ഈ മഹിയില്‍ നിന്‍ മഹിമ വിശേഷം
ദേവസേനയ്ക്കും അഥിപന്‍ നീ
നിന്‍ വേലാലുലകം ഭദ്രം

വള്ളിമണാളനെന്നുള്ളമറിഞ്ഞവന്‍
അറിവിനെയുണര്‍വാക്കുന്നോന്‍
അച്ഛനുവേദപ്പൊരുളറിവേകിയ
അറുമുഖനറിവിന്നുടയോന്‍
താരക നിഗ്രഹ മാമവ രക്ഷക
പളനിയിലമരും പരമന്‍
നറു ഭസ്മക്കുറിയാല്‍ സുഭഗന്‍

നിത്യനിരാമയ ശുദ്ധസ്വരൂപന്‍
സത്യവേലായുധപ്പെരുമാള്‍
മുക്താംബരധരനംബികതനയന്‍
ഭക്തഹൃദയാഭിരാമന്‍ ബാല
സുബ്രഹ്മണ്യം നമാമി
ബാല സുബ്രഹ്മണ്യം നമാമി

39 ശബരി ഗിരീശ പ്രസാദം


ആചന്ദ്ര താര പ്രകാശം

ആചന്ദ്ര താര പ്രകാശം
ദിവ്യമയ്യപ്പ രൂപം മനസ്സില്‍ വിരിഞ്ഞാല്‍
ശബരിഗിരീശ പ്രസാദം
സ്വാമി ശബരിഗിരീശപ്രസാദം

കെട്ടും വിരിയും കൊണ്ടേ - മലയില്‍
അയ്യപ്പസ്വാമിയെ കണ്ടൂ
പാപച്ചുമടുമിറക്കീ -ദിവ്യ
കാരുണ്യമുള്ളും നിറച്ചൂ
ഭക്തപ്രിയ മുക്തിപ്രദ പാപഹരനയ്യന്‍
ആശ്രിതവത്സലനയ്യന്‍ -എന്നും
ആമയം തീര്‍ക്കും ദേവന്‍

മേലെ മാളികപ്പുറവും -താഴെ
ഭസ്മക്കുളവും കണ്ടൂ
വിരിവെച്ചു സദ്യയുമുണ്ടു-ഭുക്തി
മോഹസഹസ്രമൊടുക്കീ
കലികാല ദുരിതത്തിനേകാശ്രയമയ്യന്‍
പരമപ്രകാശം ദേവന്‍- പാരിന്‍
കണികണ്ട കൈവല്യമയ്യന്‍

38 ശക്തി വടിവേലനെന്നും

ശക്തി വടി വേലനെന്നും

ശക്തി വടി വേലനെന്നും
മുക്തി തരും ബാലനെന്നും
സക്തി പോക്കും പൊരുളെന്നും
പുകളേറും മുരുകന്‍

ശക്തി വടി വേലനെന്നും

മാമയിലേറി വന്നീ
മായയെ നീക്കുമയ്യന്‍
താതനായോതിയല്ലോ
വേദപ്പൊരുള്‍
വേലേന്തി നില്‍ക്കുമയ്യന്‍
ഉലകം കാക്കുമയ്യന്‍
വിഘ്നനമകറ്റും
വിനായക സോദരന്‍

മാമലയേറി നില്‍ക്കും
അയ്യപ്പസ്വാമിയേപ്പോല്‍
ആപത്ബാന്ധവനീ
കലിയുഗവരദനയ്യന്‍
ഷണ്മുഖാ നീയുള്ളില്‍
നിറഞ്ഞെന്നാല്‍
ഷഡ്‌ വൈരികള്‍
എല്ലാം പോയ്മറയും

വേലേന്തി നില്‍ക്കുമയ്യന്‍
ഉലകം കാക്കുമയ്യന്‍
വിഘ്നനമകറ്റും
വിനായക സോദരന്‍

ന്നും

37 വരമേകണം

വരമേകണം ദിവ്യ മനമാകണം

വരമേകണം ദിവ്യ മനമാകണം
നിന്‍ കരുണയ്ക്കു വിളയാടാന്‍ ഇടമാവണം
ഇടറാതെ നിറയുന്ന കൃപയാവണം കണ്ണാ
അകതാരിലെപ്പൊഴും നീയാകണം
ഗുരുവായൂരപ്പാ നീ കനിവേകണം

സ്വരമാകവേ കാവ്യ രസമാകണം
കാവ്യ രസമൊക്കെവേ ദിവ്യ പ്രഭ ചൂടണം
തടയാതെ വിരല്‍ത്തുമ്പില്‍ വാക്കെത്തണം
ആ വരികളില്‍ കാര്‍വര്‍ണ്ണനൊളിയാകണം
ലീലാ നടനത്തിന്‍ ലയം തോന്നണം
ഇടക്കയില്‍ താനേ ശ്രുതി ചേരണം
അതില്‍ ഗീതാഗോവിന്ദ മധുവൂറണം

എന്നും വലത്തിരുന്നെന്റെ ചുവടുകളെ
നിത്യ പ്രദിക്ഷിണമാക്കേണം
അശനം ചെയ്യുന്നതെല്ലാമെന്നുള്ളില്‍
നിന്‍പുണ്യ ഹോമമതാകേണം
എന്നും മതികെട്ടു വീണുറങ്ങുമ്പോളതും
നിന്‍ നമസ്കാരമായ്‌ മാറേണം
എന്‍ സുഖ കാമനാ കര്‍മ്മങ്ങളെല്ലാം
നിന്നെപ്പണിയാനാകേണം നിന്‍
സാധനാ സാന്നിദ്ധ്യമാകേണം
എന്‍ ധ്യാനസപര്യകളാകേണം

36 വേദ വേദാന്തപ്പൊരുളെന്റെ അയ്യന്‍



വേദ വേദാന്തപ്പൊരുളെന്റെ അയ്യന്‍

പന്തളത്തരചന്റെ മണികണ്ഠനയ്യന്‍
ഹരിഹരതനയനാം മോഹിനീസുതന്‍
ശരണാഗതരുടെ കണ്‍കണ്ട ദൈവം
ഓങ്കാരപ്പൊരുളിന്റെ കൈവല്യമൂലം
കൈവന്നപുണ്യത്തിന്‍ സായൂജ്യമയ്യന്‍
കൂപ്പിടും കൈകളിലനവരതം
ചൊരിയുന്നു കാരുണ്യവര്‍ഷ മനന്തനയ്യപ്പനയ്യന്‍
അയ്യപ്പനയ്യന്‍ .......അയ്യപ്പനയ്യന്‍

വേദ വേദാന്തപ്പൊരുളെന്റെ അയ്യന്‍
വേദന തീര്‍ക്കുന്ന കാരുണ്യമയ്യന്‍
വേദങ്ങളയ്യന്‍ ശാസ്ര്തങ്ങളയ്യന്‍
വേപഥുവാറ്റുന്ന സാന്ത്വനമയ്യന്‍

മഞ്ഞുമലയില്‍ തപസ്സിരിക്കും
മാളികപ്പുറത്തമ്മതന്‍ വരദാനമയ്യന്‍
മാനസഗര്‍വ്വമാം മഞ്ഞുരുകും
മാമലയിലെത്തി എന്‍ അയ്യനെത്തൊഴുതാല്‍

പതിനെട്ടു പടികളാം ശാസ്ത്രങ്ങളും
പടി പടിയായി പഠിച്ചു കേറി
സവിധത്തിലെത്തുമ്പോള്‍
അറിയുന്നു ഞാന്‍ എന്റെ
അറിവൊക്കെ അയ്യനാണെന്ന സത്യം
ഓരോ അയ്യപ്പനുമയ്യനാണെന്ന സത്യം

35 വെണ്ണയല്ലേ ഉണ്ണിക്കണ്ണനല്ലേ

വെണ്ണയല്ലേ ഉണ്ണിക്കണ്ണനല്ലേ


വെണ്ണയല്ലേ ഉണ്ണിക്കണ്ണനല്ലേ
കായാമ്പൂവര്‍ണ്ണനെന്‍ പുണ്യമല്ലേ

നല്‍നറും പാലതില്‍ വെണ്ണയീമട്ടില്‍
കണ്ണനുലാവുന്നുണ്ടെല്ലാടവും
പൈക്കളെ മേക്കുന്ന ഭാവത്തിലീ വിശ്വം
കാക്കുന്നതും കണ്ണനെന്നുമെന്നും

ഗോപികാനാരിമാരെല്ലാരുമമ്മമാര്‍
കണ്ണന്നു പീയൂഷമേകിയവര്‍
ഗോക്കളുമമ്മമാര്‍ ശ്യാമളവര്‍ണ്ണന്നു
പാലമൃതൂട്ടിയും ധന്യരായി

വേദവേദാന്തിക്കുമീശ്വരനാം കണ്ണന്‍
വേദാന്തസാരസര്‍വ്വസ്വം ഭവാന്‍
നാദനിരാമയമോങ്കാരമാണല്ലോ
ഗീതാമനോഹര ദുഗ്ധ ധാര

34 നമോ നമ: ശിവായ

നമോ നമ: ശിവായ
നമോ നമ: ശിവായ
നമ നമോ നമ: ശിവായ

വരനാരദ മുനി പൂജിത ശംഭോ
ത്രിപുരാന്തക ഭവനാശന സിന്ധോ
ഭവസാഗര തരണാശ്രയ ബന്ധോ
കരുണാകര വരദായക ശംഭോ

പരിപാഹി സദാ മംഗള മൂര്‍ത്തേ
വരദാഭയ ഭയനാശന കീര്‍ത്തേ
ഭാനുപ്രിയ ചന്ദ്ര
ലാ ധാരീ
മനോ  താപത്രയ ദുരിതാദി ഹാരീ

പഞ്ചാക്ഷര മന്ത്രാധികാരീ
സ്വര സഞ്ചാര വിഹംഗ വിഹാരീ
താളക്രമ നാട്യാധികാരീ
മഹാ  വാക്യാദി വേദാധികാരീ

33 അയ്യപ്പ സ്വാമിതന്‍ ശരണ മന്ത്രം

അയ്യപ്പസ്വാമിതന്‍ ശരണമന്ത്രം

അയ്യപ്പസ്വാമിതന്‍ ശരണമന്ത്രം
ശാശ്വത സാന്ത്വന ശാന്തി മന്ത്രം

അഭയ വരദമാണയ്യപ്പ ചരണം
അഭീഷ്ടദായകം ശരണഘോഷം
ആനന്ദ ദായകം അയ്യപ്പ ചരിതം
ആത്മാനന്ദമീ സന്നിധാനം

ഇരുമുടിക്കെട്ടിലെന്‍ കദനഭാരങ്ങളെ
കരുതലോടേറ്റി മല ചവിട്ടേ
ഇരുളില്‍ തെളിയുന്നോരാ ദിവ്യ ജ്യോതിയെന്‍
കരളിലൊരമ്പിളിയായുയര്‍ന്നു
കദനങ്ങളെല്ലാം കാരുണ്യരൂപന്റെ
കാല്‍ക്കലര്‍പ്പിക്കവേ മനമുണര്‍ന്നു

വിളിപ്പുറത്തെത്തുന്ന കാരുണ്യ ദീപം
കലിയുഗതാപക്ലേശ ദൂരീകൃതം
മാമല മേലേ പള്ളികൊള്ളും സ്വാമീ
അയ്യപ്പദര്‍ശനം ആത്മസന്ദായകം

32 അയ്യപ്പാഅയ്യപ്പാ അയ്യപ്പ ശരണമേ



അയ്യപ്പാ ...അയ്യപ്പാ... അയ്യപ്പ ശരണമേ.
അയ്യപ്പാ ...അയ്യപ്പാ... അയ്യപ്പശരണമേ.
സ്വാമി അയ്യപ്പ ശരണമേ.
മാമല കേറി വരുന്നവര്‍ ഞങ്ങള്‍ക്കു 
നേര്‍വഴി കാണമേ കാരുണ്യം തൂകണമേ







നോമ്പും നോറ്റിട്ടു മാലയുമിട്ടു ഞാന്‍
അയ്യനെത്തേടി വന്നൂ
കല്ലുകള്‍ മുള്ളുകള്‍ കാനനവീഥികള്‍
എല്ലാമേ താണ്ടിവന്നൂ
ഉള്ളിലിരുന്നരൂളും നാമസങ്കീര്‍ത്തനത്താല്‍
വേദനയെല്ലാം പോയ്‌മറഞ്ഞാലതും
അയ്യപ്പ കാരുണ്യം
ദര്‍ശന സാഫല്യം

പമ്പാ ഗണപതി ഷണ്മുഖസോദരന്‍
വിഘ്നമുടച്ചുവെന്നാല്‍
ഇരുമുടിയേറ്റിത്തരുന്നതെന്നച്ഛനാം
ഗുരുസ്വാമിയാണെന്നാല്‍
പൊന്‍പ്രഭ തൂകുന്നൊരാ
പടികളിലോരോന്നിലും
കാണിക്ക വെയ്ക്കുവാന്‍ എന്നുള്ളിലുള്ളതു
മെന്നിലെ ഞാന്‍ മാത്രം
എന്നിലെ ഞാന്‍ മാത്രം

നെയ്യഭിഷേകം ചെയ്തു വിളങ്ങുന്ന
ചിന്മയമാം രൂപം
കര്‍പ്പൂരാരതി പൊന്‍പ്രഭ തൂകിയ
അയ്യപ്പ ദിവഗേഹം
ധാനസ്വരൂപത്തിലും സ്വപ്ന സുഷുപ്തിയിലും
കണ്ടു നിറയുവാന്‍ എല്ലാമറിയുന്ന
നിന്‍ കൃപ തന്നെപോരും
കാരു
ണ്യം തന്നെ പോരും

31 അയ്യപ്പ തൃപ്പാദ പങ്കജ പൂജയില്‍



അയ്യപ്പ തൃപ്പാദ പങ്കജ പൂജയില്‍
ആത്മാര്‍പ്പണം ചെയ്ത സാഫല്യം
ആര്‍ജ്ജിത പുണ്യസാഫല്യം
തിരുനടവീണു വണങ്ങി മണികൊട്ടുമ്പോള്‍
എപ്പോഴും എന്നുള്ളിലാനന്ദ നിര്‍വൃതി

ശ്രീകോവിലെത്തിയാലടിമുടി മന്ത്ര-
മുഖരിതം അയ്യപ്പ നാമജപം
നഭസ്സിലും മനസ്സിലും ശരണമന്ത്രങ്ങള്‍
ശ്രീകോവില്‍ നിറയും തിരുശംഖ നാദം

തുയിലുണര്‍ന്നേറ്റൊരാ ചിന്മയ രൂപം
എണ്ണയും വാകയും തേച്ചൊരുക്കി
പുണ്യാഹമോടെ പുരുഷ സൂക്തവും ചൊല്ലി
രുദ്രജപത്തോടെ അഭിഷേകമാടി
തുളസിയും ചന്ദനവുമാവോളം ചാര്‍ത്തി
അയ്യപ്പ ദര്‍ശനമൊരുക്കി വച്ചാല്‍
ഭക്തഹൃദയങ്ങള്‍ പുളകച്ചാര്‍ത്തണിയും
ദര്‍ശനപുണ്യ പ്രഭാത പൂജ
മന്നില്‍ അയ്യനയ്യപ്പനല്ലോ പൊന്‍കണി

പട്ടുടയാടയാല്‍ അലങ്കാരമാടി
നൈവേദ്യമുണ്ണവേ മനം മയങ്ങീ
ചിന്മുദ്രയേന്തിയ കലിയുഗ വരദന്‍
മേല്‍ശാന്തിയിവനോ പ്രിയ തനയന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍

ആയിരമായിരം ഭക്തഹൃദയങ്ങള്‍
ദര്‍ശനസൌഭാഗ്യമാര്‍ന്നു
അത്താഴപ്പൂജ കഴിഞ്ഞു
പാരില്‍ പുകള്‍ പെറ്റ ഹരിവരാസനം
പാടിയാ സോപാനപ്പടിയിറങ്ങി
മനസ്സിലെ പടിപൂജ നൂറ്റൊന്നാവൃതം
ജപിക്കവേ ജന്മ സാഫല്യമായ്‌
കുഞ്ഞിനെ താരാട്ടു പാടിയുറക്കിയപോല്‍
നിര്‍വൃതിയടയുന്നീ സേവകന്‍
അമ്മ ചൊരിയുമ്പോല്‍ 
വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍...




അയ്യപ്പസ്വാമിയുടെ മേല്‍ശാന്തിയാവാന്‍ അവസരം കിട്ടുന്നയാള്‍ പുറപ്പെടാ ശാന്തിയാണ്. അദ്ദേഹത്തിന്  അയ്യപ്പന്‍ തന്റെ പ്രിയ പുത്രനെന്നപോലെ സത്യമായ, പൊന്നുപതിനെട്ടാം പടിയില്‍  വാണരുളുന്ന, കണ്മുന്നില്‍  ദിവസവും കാണുന്ന ഒരാളാണ്. രാവിലെ ശ്രീ കോവില്‍ തുറക്കുന്നതുമുതല്‍ വൈകുന്നേരം അയ്യപ്പനെ ഉറക്കി നടയടച്ച്  പോകുന്നതുവരെയുള്ള സഗുണോപാസന മേല്‍ ശാന്തിയ്ക്ക് കൈവല്യപ്രദമാണ്. മുജ്ജന്മ സുകൃതം!ഭക്തജനസുകൃതം!

30 നമോ നമ: ശിവായ


നമോ നമ: ശിവായ


നമോ നമ: ശിവായ
നമ നമോ നമ: ശിവായ

വരനാരദ മുനി പൂജിത ശംഭോ
ത്രിപുരാന്തക ഭവനാശന സിന്ധോ
ഭവസാഗര തരണാശ്രയ ബന്ധോ
കരുണാകര വരദായക ശംഭോ

പരിപാഹി സദാ മംഗള മൂര്‍ത്തേ
വരദാഭയ ഭയനാശന കീര്‍ത്തേ
ഭാനുപ്രിയ ചന്ദ്രക്കലാ ധാരീ
മനോ താപത്രയ ദുരിതാദി ഹാരീ

പഞ്ചാക്ഷര മന്ത്രാധികാരീ
സ്വര സഞ്ചാര വിഹംഗ വിഹാരീ
താളക്രമ നാട്യാധികാരീ
മഹാ വാക്യാദി വേദാധികാരീ

29 ആരാദ്ധ്യനായുള്ളതാര്


ആരാദ്ധ്യനായുള്ളതാര്‌

ആരാദ്ധ്യനായുള്ളതാര്‌
നിത്യമാനന്ദചിത്തനാമയ്യന്‍
ആപത്തിലാര്‍ക്കും അഭയമയാണയ്യന്‍
അശരണര്‍ക്കാശ്രയമയ്യന്‍ അയ്യന്‍
അശരണര്‍ക്കാശ്രയമയ്യന്‍

ആദിത്യ ബിംബം പോലും
അയ്യനെയൊരുനോക്കു കാണാന്‍
ഇരുളാമിരുമുടി നീക്കി വരുന്നൂ
പടിപൂജയ്ക്കൊരുങ്ങുന്നു എന്നും
പടിപൂജയ്ക്കൊരുങ്ങുന്നു

അവിടുത്തെ നടയിലെ പടി പതിനെട്ടും
കര്‍പ്പൂരപ്രഭയാളുന്നൂ
മനസ്സിലാ ചിന്മുദ്ര തെളിയുമ്പോള്‍
കനലെല്ലാമെരിഞ്ഞടങ്ങുന്നു
ഉള്ളിലെ കനലെല്ലാമെരിഞ്ഞടങ്ങുന്നു
വിഘ്നമെറിഞ്ഞുടച്ചാ തിരുനടയില്‍
കൈകൂപ്പിനില്‍ക്കുമ്പോള്‍
അഹമാം മഞ്ഞുരുകുന്നൂ
എന്നുള്ളിലെ അഹമാം മഞ്ഞുരുകുന്നൂ