65. ശ്രീ ഗുരുവായൂ പുരമതി രമണീയം

ശ്രീ ഗുരുവായൂ പുരമതി രമണീയം


ശ്രീ ഗുരുവായൂ പുരമതി രമണീയം
ഭൂലോകവൈകുണ്ഠം ശ്രീകൃഷ്ണ സാന്നിദ്ധ്യം
ഭക്തപരായണം നാരായണനാമം
നിത്യം മുഴങ്ങും ഗേഹമിതതിപുണ്യം

തംബുരു ശ്രുതിയൊത്ത സ്വരമൊന്നിടറിയപ്പോള്‍
തുമ്പമകറ്റി ചെമ്പയ്ക്കു സ്വരമായി
ഏകാദശീ പുണ്യ സാന്നിദ്ധ്യമായിന്നും
ചെമ്പൈസംഗീത സദിരുമിന്നതി പുണ്യം

അദ്വൈതസാരസര്‍വ്വം ജ്ഞാനപ്പാനയായി
പൂന്താനഭക്തിയേവം മുക്തിനിദാനമായി
ഭക്തി വിഭക്തി സര്‍വ്വം നര നാരായണീയം
വന്ദിത ചരണയുഗം അതിരുചിരാഭലോലം

ചന്ദന ചര്‍ച്ചിതം രൂപമതിമംഗളം
തുളസീദള പരിവേഷിതം അംഗോപാംഗം
പുഞ്ചിരി കളിയാടും കൃഷ്ണശില മോഹനം
കൃഷ്ണനാമം മുഴങ്ങും നഭസ്സുമിന്നഭിരാമം

64. പാഹി ജഗജ്ജനനി..

പാഹി ജഗജ്ജനനി..
 പാഹി ജഗജ്ജനനി.. അമ്മേ
പാഹി ജഗജ്ജനനി
പരമാനന്ദ ദായിനി നാരായണി
അക്ഷര മാലയാല്‍ കോര്‍ത്തിടാം
ഞാനെന്റെ അശ്രുകണമാകും
അക്ഷതനൈവേദ്യം

വിദ്യാവിശേഷ ബുദ്ധിപ്രദായനി
വീണാപ്രവീണ വാദ്യവിനോദിനി
നിഗമാഗമ സൂത്ര സവിശേഷമലംകൃത
സുകൃതാദികാരിണി കാലാതിവര്‍ത്തിനീ

വാസന്ത പഞ്ചമി നാളിലുമെന്നുമെന്നും
സാരസ്വതമന്ത്ര ആരതിയായ്‌ മനം
അന്തരമന്തരേ അക്ഷരമെന്നിലെ
അക്ഷരാതീതപ്പൊരുളായരുളണേ
ചിത്തത്തിലാ ദിവ്യ പ്രഭയാം ഭാസുര
ദീപ്തിയതെല്ലാം വിദ്യയായ്‌ തെളിയണേ

63. വില്വ പത്രങ്ങളാല്‍ വിണ്ണവര്‍ പൂജിക്കും

വില്വ പത്രങ്ങളാല്‍ വിണ്ണവര്‍ പൂജിക്കും
ഓം നമഃ ശിവായ...
വില്വ പത്രങ്ങളാല്‍ വിണ്ണവര്‍ പൂജിക്കും
വില്വാദ്രി നാഥാ പ്രണാമം
കാമാരിയെങ്കിലും മാതാ മഹേശ്വരിതന്‍
മഹിമയെഴും നാഥാ വന്ദനം
സാഷ്ടാംഗ ദണ്ഡ നമസ്കാരം

കാളിക്കു ദാസനാം കവി പണ്ടു പാടീ
പാര്‍വ്വതീ പ: രമേശ്വരൌ
പാര്‍വ്വതീപരമേശ നാമങ്ങള്‍ക്കുള്ളിലും
ലക്ഷ്മീ സമേതം വൈകുണ്ഠ നാഥന്‍
ആദി ഗുരുവായ ശങ്കരനും തേടി
ശങ്കര നാരായണ സദ്‌ ദര്‍ശനം
വില്വ പത്രങ്ങളും തുളസിക്കതിരും
ശ്രീലകമുള്ളിലലങ്കാരം.. അവിടെ
ശങ്കര നാരായണ സത്യ ദര്‍ശനം

അര്‍ദ്ധനാരീശ്വര നിന്നുടല്‍ പാതിയില്‍
സര്‍വ്വചരാചര പ്രാണന്‍
പ്രകൃതിയും മായയും ഒരു മറവാക്കി നിന്‍
നടരാജ നടനം തുടരുമ്പോള്‍
താണ്ഡവ നൃത്തത്തിന്‍ താളക്രമമാണീ

അണ്ഡകടാഹത്തിന്‍ ഹൃദ്‌ സ്പന്ദനം