പ്രണവ പ്രഹര്‍ഷം


പ്രണവ  പ്രഹര്‍ഷം

ഹൃദയത്തിന്‍ തന്ത്രിയില്‍
പ്രണവത്തിന്‍ ശ്രുതിയായി
അറിയുന്നു നിന്നെ ഞാനെന്നും
ഇടനെഞ്ചിലുണരുന്നെന്‍
ഡമരുവിന്‍ ദ്രുതതാളം
ഇടറാതെ മുറിയാതെയെന്നും

ചില്‍സ്വരൂപത്തിന്‍ ആദിമദ്ധ്യാന്തങ്ങള്‍
ഇരുളില്‍ പരതുന്ന നേരം 
അറിവിന്‍റെയറുനാഴി എണ്ണയാടിക്കുവാന്‍
വന്നു നീ സദ്‌ഗുരുവായി.
സിരകളില്‍ തുടിയായും
ഉണര്‍വ്വിന്റെ നിറവായും
എന്നുള്ളിലുണര്‍ത്തുപാട്ടായി

നീയില്ല ഞാനില്ല മറ്റൊന്നായില്ലില്ല
എല്ലാമൊരറിവിന്‍ പ്രഹര്‍ഷം.      
ഉണരുന്നിതെന്നിലും നിന്‍ ലീല നിറവാര്‍ന്ന
ചില്‍സ്വരൂപത്തിന്‍ പ്രകാശം.
ഇഹവുംപരവു,മെന്നകവും പുറവും
വേറല്ലയെന്നറിഞ്ഞാലും
വാഴ്വാം കിനാവിനു നിറഭംഗിയേറ്റുവാന്‍
ആരുണ്ടെനിക്കു നീയല്ലാതെ?
നീയെന്ന ഞാനല്ലാതെ?

അയ്യപ്പ തൃപ്പാദ പങ്കജ പൂജ

അയ്യപ്പ തൃപ്പാദ പങ്കജ പൂജ

അയ്യപ്പസ്വാമിയുടെ മേല്‍ശാന്തിയാവാന്‍ അവസരം കിട്ടുന്നയാള്‍ പുറപ്പെടാ ശാന്തിയാണ്. അദ്ദേഹത്തിന് അയ്യപ്പന്‍ തന്‍റെ പ്രിയപുത്രനെന്നപോലെ സത്യമായ, പൊന്നുപതിനെട്ടാം പടിയില്‍  വാണരുളുന്ന, കണ്മുന്നില്‍  ദിവസവും കണി കാണുന്ന പ്രത്യക്ഷദൈവതമാണ്. അതിരാവിലെ ശ്രീകോവില്‍ തുറക്കുന്നതുമുതല്‍ വൈകുന്നേരം അയ്യപ്പനെ ഉറക്കി നടയടച്ച്  ഹരിവരാസനം പാടി പടിയിറങ്ങി മടങ്ങി പോകുന്നതുവരെയുള്ള സഗുണോപാസന മേല്‍ശാന്തിയ്ക്ക് കൈവല്യമാണ്. മുജ്ജന്മ സുകൃതമാണ്! ഭക്തജനസുകൃതമാണ്!


---------------------------------------------
അയ്യപ്പ തൃപ്പാദ പങ്കജ പൂജയില്‍
ആത്മാര്‍പ്പണം ചെയ്ത സാഫല്യം
ആര്‍ജ്ജിത പുണ്യസാഫല്യം
തിരുനടവീണു വണങ്ങി മണികൊട്ടുമ്പോള്‍
എപ്പോഴും എന്നുള്ളിലാനന്ദ നിര്‍വൃതി

ശ്രീകോവിലെത്തിയാലടിമുടി മന്ത്ര-
മുഖരിതം അയ്യപ്പ നാമജപം
നഭസ്സിലും മനസ്സിലും ശരണമന്ത്രങ്ങള്‍
ശ്രീകോവില്‍ നിറയും തിരുശംഖ നാദം

തുയിലുണര്‍ന്നേറ്റൊരാ ചിന്മയരൂപം
എണ്ണയും വാകയും തേച്ചൊരുക്കി
പുണ്യാഹമോടെ പുരുഷസൂക്തവും ചൊല്ലി
രുദ്രജപത്തോടെ അഭിഷേകമാടി
തുളസിയും ചന്ദനവുമാവോളം ചാര്‍ത്തി
അയ്യപ്പദര്‍ശനമൊരുക്കി വച്ചാല്‍
ഭക്തഹൃദയങ്ങള്‍ പുളകച്ചാര്‍ത്തണിയും
ദര്‍ശനപുണ്യ പ്രഭാതപൂജ
മന്നില്‍ അയ്യനയ്യപ്പനല്ലോ പൊന്‍കണി

പട്ടുടയാടയാല്‍ അലങ്കാരമാടി,
നൈവേദ്യമുണ്ണവേ മനം മയങ്ങീ
ചിന്മുദ്രയേന്തിയ കലിയുഗവരദന്‍
മേല്‍ശാന്തിയിവനോ പ്രിയതനയന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയതാതന്‍

ആയിരമായിരം ഭക്തഹൃദയങ്ങള്‍
ദര്‍ശനസൌഭാഗ്യമാര്‍ന്നു
അത്താഴപ്പൂജയും കഴിഞ്ഞു
പാരില്‍ പുകള്‍ പെറ്റ ഹരിവരാസനം
പാടിയാ സോപാനപ്പടിയിറങ്ങി
മനസ്സിലെ പടിപൂജ നൂറ്റൊന്നാവൃതം
നോല്‍ക്കവേ നരജന്മസാഫല്യമായ്‌

കുഞ്ഞിനെ താരാട്ടു പാടിയുറക്കിയപോല്‍
നിര്‍വൃതിയടയുന്ന സേവകന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍..

73. അയ്യനെക്കാണാന്‍


അയ്യനെക്കാണാന്‍ 
സ്വാമി അയ്യനെക്കാണാന്‍
പടികള്‍ പതിനെട്ടൊന്നുകേറി 
കെട്ടിറക്കി നമിക്കുവാന്‍


സ്വാമി ശരണം സ്വാമി ശരണം 
സ്വാമിയേ ശരണം
സ്വാമി ശരണം സ്വാമി ശരണം 
അയ്യനേ അഭയം
             സ്വാമി ശരണം സ്വാമി ശരണം 

പത്തുമെട്ടും മലകള്‍ ചുറ്റി
സ്വാമിതന്‍ പൂങ്കാവനം
സ്വാമി മലയില്‍ ശബരിമലയില്‍ 
ശരണഘോഷം ആരവം
             സ്വാമി ശരണം സ്വാമി ശരണം

പടികള്‍ പതിനെട്ടാണു കോവിലില്‍
അയ്യനരുളും ശ്രീലകം
തത്ത്വമസിയുടെ തത്ത്വമുറയും
സ്വാമി അയ്യന്‍ ശ്രീപദം
            സ്വാമി ശരണം സ്വാമി ശരണം

ശരമെടുത്തൊരു കന്നിയായ്‌ മല 
കയറി ഞാനും ധന്യനായ്‌
വിഗത ദുഖം ശരണ രുചിരം
പരമ ശാന്തിയിലഭയമായ്‌
           സ്വാമി ശരണം സ്വാമി ശരണം

72. ശരണം ശരണം ശബരിമാമല


ശരണം ശരണം ശബരിമാമല
വാഴുമയ്യന്‍ ശ്രീപദം
സകലദുഖ: ദുരിതഹരണം
ശരണദം ഹരിഹരസുതം
                                      ശരണം ശരണം

മണ്ഡലത്തിന്‍ മഹിമയെല്ലാം
വിണ്ടലത്തില്‍ നിറയവേ
കയറി ഞാനും തനുവില്‍ വ്രതമായ്‌
ശബരി മലയില്‍ പലവുരു
എങ്കിലും എന്നയ്യനേ 
എന്നുള്ളം, അഹമൊരു കാനനം
അരികള്‍ തിങ്ങിയും ഇരുളടഞ്ഞും
ജ്യോതി തേടും മാനസം
                                       ശരണം ശരണം

അരികിലടിവെച്ചഹമുടയ്ക്കാന്‍
അയ്യനെന്‍ ഗുരുവാകുകില്‍
മറ്റുപടികളതേറുവാന്‍ കൃപ
യിറ്റു വരുമെന്നായിടും
അനിശ,മവിടുന്ന,ണുവിടയ്ക്കെന്‍
നേര്‍ക്കു ദൃഷ്ടിപൊഴിക്കുകില്‍
പാപപുണ്യക്കെട്ടുകള്‍തന്‍
ഭാരമൊക്കെയൊഴിഞ്ഞിടും
                                        ശരണം ശരണം

71. അയ്യപ്പ നാമമുള്ളില്‍

http://www.youtube.com/watch?v=7oJIuwQwAXw


അയ്യപ്പ നാമമുള്ളില്‍

അയ്യപ്പ നാമമുള്ളില്‍ അനിശം മുഴങ്ങുമ്പോള്‍
അഴലുകള്‍ അകലുന്നു അകം നിറയുന്നു
സ്വാമിയേ ശരണം, ശരണമെന്നുരുകുമ്പോള്‍
വഴി കാട്ടുന്നൂ സ്വാമി ഗുരുവാകുന്നു

ഹരിഹരസംയുതം ദേവി പരിസേവിതം
ശബരിഗിരീശ്വര നിന്‍ തിരുനട സുരലോകം
ദ്വൈതമദ്വൈതങ്ങള്‍ തന്‍ പതിനെട്ടുപടി താണ്ടി
സ്വാമിയും ഭക്തനും ഒന്നായ്‌ മാറുന്നിടം
നാമ രൂപങ്ങള്‍ മായുന്നിടം

തത്ത്വമസീ മന്ത്രം... സ്വാമീ നിന്‍ നടയില്‍
പ്രത്യക്ഷ ഭാവത്തില്‍ പ്രണവ സ്വരം
നിത്യവുമെന്‍ നെഞ്ചില്‍ സ്പന്ദിതമാവതു
സത്യ സ്വരൂപാ നിന്‍ ശരണമന്ത്രം
സ്വാമിയേ അയ്യപ്പാ..ശരണമന്ത്രം

70. കാല്‍ വിരലുണ്ടു കിടപ്പൂ

കാല്‍ വിരലുണ്ടു കിടപ്പൂ

കാല്‍ വിരലുണ്ടു കിടപ്പൂ കണ്ണാ നീ
പ്രളയപയോധിയില്‍ ആലിലയില്‍
ശ്യാമള വര്‍ണ്ണനു മാത്രമോ ആലില
ത്തോണിയിലെന്നെയും കേറ്റുകില്ലേ?
ഗുരുവും വായുവും കൂട്ടിനുണ്ടെന്നാലും
തുണയായി ഞാന്‍ വന്നാല്‍ ചേര്‍ക്കില്ലേ?
കണ്ണാ...

സിദ്ധരും മുക്തരും മുനിവരരും വാഴ്ത്തും
തൃക്കാലിണകളിലെന്താവോ
കാല്‍ക്കല്‍ വീഴുന്നവര്‍ നിവൃതിയോടെയാ
കഴലിണ ചുംബിച്ചു മയങ്ങുന്നൂ
ഇത്രയ്ക്കു മധുരമോ നിന്‍ കാല്‍നഖകാന്തിയില്‍
ഇത്രപേര്‍ മയങ്ങാന്‍ എന്താവാം
കരാരവിന്ദേ പദാരവിന്ദം ചേര്‍ത്തു
നീയും കാല്‍ വിരലുണ്ണുന്നു

കാല്‍നഖമമര്‍ത്തിപ്പണ്ടു ത്രിവക്രയെ
സുന്ദരിയാക്കിച്ചമച്ചില്ലയോ
എന്നിട്ടും ശങ്കയോ ഗോപാല ബാലാ നിന്‍
നഖമുന തന്‍ മധു മാധുര്യം
ഇറ്റു മധുരമായാ മധുരിമ തന്‍
മുഗ്ധത ഞാനും നുകര്‍ന്നോട്ടെ
ആ സ്നിഗ്ധതയില്‍ ഞാനലിഞ്ഞോട്ടേ?

69. കണ്ണനെക്കാണാന്‍ മോഹം

കണ്ണനെക്കാണാന്‍ മോഹം


കണ്ണനെക്കാണാന്‍ മോഹം
ആ കഴലിണ തഴുകാന്‍ മോഹം
ഗുരുവായൂരിലെ കണ്ണന്റെ മുന്നില്‍
നിന്നു മുഴുകാന്‍ മോഹം
ചന്ദനം ചാര്‍ത്തിയ പൂമേനിയഴകില്‍
ഒന്നു തൊടാനൊരു മോഹം


കിങ്ങിണിചാര്‍ത്തിക്കാണുവാന്‍ മോഹം
കോലരക്കാലൊരു ചാന്തിടാന്‍ മോഹം
അണിവാകച്ചാര്‍ത്തുകഴിഞ്ഞൊരു കണ്ണന്റെ
കഴലിണ കാണാന്‍ എന്നുമേ മോഹം
ആര്‍ക്കും തൊടുവാനരുതാത്ത ദിവ്യമാം
മുത്തെന്നറിഞ്ഞിട്ടും മോഹം


ആര്‍ക്കും തിരിയാ രഹസ്യമാണെകിലും
ഗീതാ സരിത്തിനെയറിയാന്‍ മോഹം
പാലതില്‍ വെണ്ണപോല്‍ എല്ലാടവും നിറ-
സത്തെന്നറിഞ്ഞിട്ടും മോഹം

ജനി മൃതിമോക്ഷം കിട്ടിയാലും മന്നില്‍
ഈ മോഹമൊഴിയണമെന്നില്ല മോഹം