71. അയ്യപ്പ നാമമുള്ളില്‍

http://www.youtube.com/watch?v=7oJIuwQwAXw


അയ്യപ്പ നാമമുള്ളില്‍

അയ്യപ്പ നാമമുള്ളില്‍ അനിശം മുഴങ്ങുമ്പോള്‍
അഴലുകള്‍ അകലുന്നു അകം നിറയുന്നു
സ്വാമിയേ ശരണം, ശരണമെന്നുരുകുമ്പോള്‍
വഴി കാട്ടുന്നൂ സ്വാമി ഗുരുവാകുന്നു

ഹരിഹരസംയുതം ദേവി പരിസേവിതം
ശബരിഗിരീശ്വര നിന്‍ തിരുനട സുരലോകം
ദ്വൈതമദ്വൈതങ്ങള്‍ തന്‍ പതിനെട്ടുപടി താണ്ടി
സ്വാമിയും ഭക്തനും ഒന്നായ്‌ മാറുന്നിടം
നാമ രൂപങ്ങള്‍ മായുന്നിടം

തത്ത്വമസീ മന്ത്രം... സ്വാമീ നിന്‍ നടയില്‍
പ്രത്യക്ഷ ഭാവത്തില്‍ പ്രണവ സ്വരം
നിത്യവുമെന്‍ നെഞ്ചില്‍ സ്പന്ദിതമാവതു
സത്യ സ്വരൂപാ നിന്‍ ശരണമന്ത്രം
സ്വാമിയേ അയ്യപ്പാ..ശരണമന്ത്രം

70. കാല്‍ വിരലുണ്ടു കിടപ്പൂ

കാല്‍ വിരലുണ്ടു കിടപ്പൂ

കാല്‍ വിരലുണ്ടു കിടപ്പൂ കണ്ണാ നീ
പ്രളയപയോധിയില്‍ ആലിലയില്‍
ശ്യാമള വര്‍ണ്ണനു മാത്രമോ ആലില
ത്തോണിയിലെന്നെയും കേറ്റുകില്ലേ?
ഗുരുവും വായുവും കൂട്ടിനുണ്ടെന്നാലും
തുണയായി ഞാന്‍ വന്നാല്‍ ചേര്‍ക്കില്ലേ?
കണ്ണാ...

സിദ്ധരും മുക്തരും മുനിവരരും വാഴ്ത്തും
തൃക്കാലിണകളിലെന്താവോ
കാല്‍ക്കല്‍ വീഴുന്നവര്‍ നിവൃതിയോടെയാ
കഴലിണ ചുംബിച്ചു മയങ്ങുന്നൂ
ഇത്രയ്ക്കു മധുരമോ നിന്‍ കാല്‍നഖകാന്തിയില്‍
ഇത്രപേര്‍ മയങ്ങാന്‍ എന്താവാം
കരാരവിന്ദേ പദാരവിന്ദം ചേര്‍ത്തു
നീയും കാല്‍ വിരലുണ്ണുന്നു

കാല്‍നഖമമര്‍ത്തിപ്പണ്ടു ത്രിവക്രയെ
സുന്ദരിയാക്കിച്ചമച്ചില്ലയോ
എന്നിട്ടും ശങ്കയോ ഗോപാല ബാലാ നിന്‍
നഖമുന തന്‍ മധു മാധുര്യം
ഇറ്റു മധുരമായാ മധുരിമ തന്‍
മുഗ്ധത ഞാനും നുകര്‍ന്നോട്ടെ
ആ സ്നിഗ്ധതയില്‍ ഞാനലിഞ്ഞോട്ടേ?

69. കണ്ണനെക്കാണാന്‍ മോഹം

കണ്ണനെക്കാണാന്‍ മോഹം


കണ്ണനെക്കാണാന്‍ മോഹം
ആ കഴലിണ തഴുകാന്‍ മോഹം
ഗുരുവായൂരിലെ കണ്ണന്റെ മുന്നില്‍
നിന്നു മുഴുകാന്‍ മോഹം
ചന്ദനം ചാര്‍ത്തിയ പൂമേനിയഴകില്‍
ഒന്നു തൊടാനൊരു മോഹം


കിങ്ങിണിചാര്‍ത്തിക്കാണുവാന്‍ മോഹം
കോലരക്കാലൊരു ചാന്തിടാന്‍ മോഹം
അണിവാകച്ചാര്‍ത്തുകഴിഞ്ഞൊരു കണ്ണന്റെ
കഴലിണ കാണാന്‍ എന്നുമേ മോഹം
ആര്‍ക്കും തൊടുവാനരുതാത്ത ദിവ്യമാം
മുത്തെന്നറിഞ്ഞിട്ടും മോഹം


ആര്‍ക്കും തിരിയാ രഹസ്യമാണെകിലും
ഗീതാ സരിത്തിനെയറിയാന്‍ മോഹം
പാലതില്‍ വെണ്ണപോല്‍ എല്ലാടവും നിറ-
സത്തെന്നറിഞ്ഞിട്ടും മോഹം

ജനി മൃതിമോക്ഷം കിട്ടിയാലും മന്നില്‍
ഈ മോഹമൊഴിയണമെന്നില്ല മോഹം

68. മാധവാ സുന്ദരാ മന മോഹനാ

മാധവാ സുന്ദരാ മന മോഹനാ


മാധവാ സുന്ദരാ മന മോഹനാ
രഞ്ജകാ മന രഞ്ജകാ മുരളീധരാ
കാളിയ മര്‍ദ്ദനാ കരുണാകരാ
നന്ദനാ യദുനന്ദനാ നന്ദലാലാ

ഗോപികാ ഗീതമോ മധുസൂദനാ...
നിനക്കായിരം ഗോപികള്‍തന്‍ മധുരോക്തിയോ

ഗോപസ്ത്രീകള്‍ തന്‍ പദ ധൂളിയോ 
നൂറു വേദാദി കര്‍മ്മാദി ശാസ്ത്രങ്ങളോ
ഏറെയിഷ്ടമെന്തെന്റെ വാസുദേവാ
നിനക്കേറെയിഷ്ടമെന്തെന്‍ മന മോഹനാ

പാവം കുചേലന്റെ കല്ലവിലോ

തുളസീ തീർത്ഥത്തിൻ നൈർമ്മല്യമോ 
ചെമ്പൈസ്വാമിതന്‍ സ്വരസാരമോ
പൂന്താനപ്പാനതന്‍ പനിനീരോ
നിനക്കായ്‌ തുടിക്കുമെന്‍ ഹൃത്താളമോ
നിറകണ്ണിലൂറുന്ന സാഫല്യമോ
ഏറെയിഷ്ടമെന്തെന്റെ വാസുദേവാ
നിനക്കേറെയിഷ്ടമെന്തെന്‍ മന മോഹനാ

67. വാതാലയേശന്റെ വാതില്‍ക്കല്‍

വാതാലയേശന്റെ വാതില്‍ക്കല്‍

വാതാലയേശന്റെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍
ഭവദുരിതം മറക്കും
ഞാനെന്‍ ഭവദുരിതം മറക്കും
വാകച്ചാര്‍ത്തിനെന്‍ കണ്ണനൊരുങ്ങുമ്പോള്‍
ചന്ദനഗന്ധം പരക്കും മനസ്സില്‍
നിര്‍വൃതി നീരണയും
ഉഷപ്പൂജയിലെ കണ്ണനെ കണ്ടാല്‍
മതിമറന്നുള്ളം തുടിക്കും എന്റെ
മതിമറന്നുള്ളം തുടിക്കും
വാതാലയേശന്റെ

കാനനഛായയും കാര്‍മുകിലും എന്നില്‍
കണ്ണന്റെ രൂപമാവും
മാനസമന്ദിരമാതിരരാവുപോല്‍
സാദരമണിഞ്ഞൊരുങ്ങും
ഞാനൊരു ഗോപികയായ്‌ ചമയും
 തിരുനട വൃന്ദാവനമാവും
വാതാലയേശന്റെ

കാടിന്റെ രോമാഞ്ചമെല്ലാമണിയുന്ന
പൂക്കടമ്പിന്‍ ചോട്ടില്‍
കണ്ണന്റെ കന്നായി മാറിയെന്നാലോ
കോലക്കുഴല്‍ കേള്‍ക്കാം
അമൃതുപോല്‍ നല്‍നറും പാല്‍ ചുരത്താം
ഭക്തര്‍ തന്‍ ജന്മസാഫല്യമാകുന്നൊരീ
നടയില്‍ വന്നൊന്നു നിന്നാല്‍
മായമൊക്കെ കളയാം മനസ്സിന്റെ
മോഹമൊക്കെത്തീര്‍ക്കാം
നാകങ്ങള്‍തോല്‍ക്കുന്ന ശ്രീഗുരുവായൂരില്‍
അഭയം തേടിയെന്നാല്‍
നടതുറക്കുമ്പോളെന്‍ കണ്ണനെ കണ്ടാല്‍
കാണാന്‍ മറ്റൊന്നുമില്ല

66. ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുമ്പോള്‍

ഗുരുവായൂരില്‍ തൊഴുതു നില്‍ ക്കുമ്പോള്‍

ഗുരുവായൂരില്‍ തൊഴുതു നില്‍ ക്കുമ്പോള്‍
ജപമായി നാവില്‍ നിന്‍ സഹസ്രനാമം
ആയിരം നാമത്താല്‍ എങ്ങിനെ വാഴ്ത്തും
ശതകോടിസൂര്യപ്രഭയാണു നീ
ലീലാവിലാസങ്ങള്‍ എങ്ങിനെയറിയും
ധ്യാന സ്വരൂപമെനിക്കപ്രാപ്യം

ചന്ദനച്ചാര്‍ത്തണിഞ്ഞാ ദിവ്യരൂപമെന്നു-
ള്ളില്‍ നിറയ്ക്കാന്‍ വെമ്പല്‍ പൂണ്ടും
കേശാദി പാദമെന്‍  കണ്ണില്‍ നിറയ്ക്കാന്‍
പലവുരു തിരക്കില്‍ എത്തി നോക്കിയും
നടയ്ക്കലെത്തുമ്പോള്‍ എന്തേ കണ്ണാ
കണ്ണുകള്‍ താനെ അടഞ്ഞുപോയീ.. എന്റെ
കണ്ണുകളെന്തേ അടഞ്ഞു പോയി
ശ്രീകോവില്‍ ചുറ്റി പ്രദക്ഷിണം വെയ്ക്കുമ്പോള്‍
ആ മുഖമോര്‍മ്മയില്‍ മറഞ്ഞും പോയീ

കാണിക്കയിട്ടിടാന്‍ ഇന്നും മറന്നു ഞാന്‍
എന്നിലെ ഞാനെന്ന ഭാവം
എന്നിനിക്കാണും കണ്ണാ.. എന്നിനിയാകുമീ
കാണിക്കയാമഹം നല്‍കാന്‍
അല്ലെങ്കില്‍ കണ്ണാ എടുത്താലുമെന്നഹം
നിന്റേതുമാത്രമല്ലേ കണ്ണാ ഇതും
നിന്‍ കൃപ മാത്രമല്ലേ