62 മനസാ സ്മരാമി

മനസാ സ്മരാമി
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി
ബാലം മുകുന്ദം ശിരസാ നമാമി

മനസാ സ്മരാമി സദാ മുഖാരവിന്ദം
മുകുന്ദ മുഖാരവിന്ദം
ശിരസാ നമാമി മുദാ പാദാരവിന്ദം
യദു നന്ദന പാദാരവിന്ദം
ഭജരേ യദു നന്ദകുമാരം...

നിഗമാഗമ സാരാമൃത ഗേഹം
ചിത്തവിലാസം ചിന്മയ രൂപം
മായാ മാനവ രൂപധാരിണം
നിത്യ നിരാമയ നിര്‍ഗുണ ഭാവം
ഭജരേ യദു നന്ദകുമാരം...

ഏതെന്‍ സഗുണാരാധക ദേവം
അവ്യയമഭയം ഗോപകുമാരം
നിത്യ വിരാജിത മമ മനവാസം
വ്യാധിത്രയ ദൂരീകൃത സുകൃതം
ഭജരേ യദു നന്ദകുമാരം...

സര്‍വ്വാലംകൃത പീത ധാരിണം
വംശിവാദകം മാനസ ചോരം
നവനീതാമൃത ഗന്ധ പൂരിതം
ശ്രീ ഗുരുവായുര്‍പുര വിലാസിതം
ഭജരേ യദു നന്ദകുമാരം....

61. ഭഗവന്തം കൃഷ്ണം

ഭഗവന്തം കൃഷ്ണം

ഭഗവന്തം കൃഷ്ണം
ചേതോഹരമാണാ രൂപം
ചേതനയില്‍ കളിയാടീടുന്നൊരു
പീലിക്കതിരാണാ ഭാവം

അംബരമാകാശമണ്ഡകടാഹമിതെല്ലാ
മവിടുത്തെ ദിവ്യ പ്രഭാവം
അതിലൊരു നാന്മുഖ പ്രതിഭയാലല്ലോ
പ്രപഞ്ചസൃഷ്ടി പ്രതിഭാസം
വിശ്വം നിറഞ്ഞും ഭരിച്ചും വിളങ്ങും
വിഷ്‌ണുവല്ലോ വിരാട്‌ പുരുഷന്‍

പരമാണുതാണ്ഡവ ധ്രുതതാളം
പ്രപഞ്ചജീവന ഡമരു രവം
ആ സംഹാരതാളത്തിലാനന്ദ നൃത്തമാടും
വിശ്വൈകമൂര്‍ത്തിയല്ലോ പരമേശന്‍

നേരിന്റെ നേരറിഞ്ഞറിവുണര്‍വ്വാകുവാന്‍
സകലേശാ നീയരുളേണം
പ്രപഞ്ച സത്യ പ്രഭയിലലിയാന്‍ വെമ്പും
തിരിനാളമല്ലോ ഞാന്‍

60. കണ്ണനെ കാണുമ്പോള്‍

കണ്ണനെ കാണുമ്പോള്‍
കണ്ണനെ കാണുമ്പോളെന്തു തോന്നീ ?
       കായാമ്പൂവിതളെന്നുതോന്നി
മായാമയനാം കണ്ണനെക്കണ്ടപ്പോള്‍
      കരിമുകിലെന്തോ കുറുമ്പുചൊല്ലി

മംഗളമധുരിമയോടെ പ്രിയരാധ
കണ്ണന്റെ കാതിലന്നെന്തുചൊല്ലീ?
     വെണ്ണിലാപ്പൊയ്കയില്‍ സഖീമാരുമായി നീ
     നര്‍ത്തനമാടുവാന്‍ വരുമോ കണ്ണാ ?

യമുനതന്‍ പുളിനത്തിലാരാത്രിയെന്തിനേ
പൂനിലാവോടിയൊളിച്ചുപോയി ?
    കണ്ണന്റെ രാസവിലാസങ്ങള്‍ കണ്ടിട്ട്‌
    പൂനിലാച്ചന്ദ്രിക നാണിച്ചുപോയ്‌

ആരാത്രിയെന്തിനേ പൂങ്കുയില്‍ക്കൂട്ടങ്ങള്‍
പാടാതെ കാതോര്‍ത്തു കാത്തിരുന്നൂ?
    കണ്ണന്റെ പുല്ലാങ്കുഴല്‍പ്പാട്ടുകേള്‍ക്കുവാന്‍
    മന്ത്രസ്വനം ധ്യാനിച്ചിരിക്കയാവാം

കളകളമൊഴുകുമാ കാട്ടാറുമെന്തിനേ
കണ്ണനെകാത്തുകാത്തന്നു കൊഞ്ചി ?
    മായാമയനവന്‍ പാടുന്ന പാട്ടിന്നു
    താളംപിടിക്കാന്‍ കൊതിക്കയാവാം

കണ്ണനെക്കാണാഞ്ഞിട്ടെന്തുതോന്നി?
ഒന്നുമേ തോന്നാനില്ലെന്നു തോന്നി
   മായക്കണ്ണനെന്‍ കണ്മുന്നിലില്ലെങ്കില്‍
   ഞാനില്ല ജീവതരംഗമില്ല

59. സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍

സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍

സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍ കണ്ടൂ
കണ്ണാ നിന്‍ രൂപം
മോഹന സങ്കല്‍പ്പസൌന്ദര്യമൊത്തൊരാ
കൈവല്യകേദാരം

പീലിത്തിരുമുടി തെല്ലഴിഞ്ഞും
മയില്‍പ്പീലിയിലാകവേ പൊടിയണിഞ്ഞും
കാടിന്റെ നോവുകളെല്ലാമകറ്റുന്ന
കോലക്കുഴലിന്റെ സാന്ത്വനമായ്‌

കൂട്ടരുമൊത്തുള്ള തുള്ളിത്തിമിര്‍ക്കലും
കാട്ടിലൊന്നിച്ചുള്ള ഭോജനവും
ഏട്ടന്‍ ബലരാമനോടൊത്തൊരു നാട്യവും
ഭാഗവതാമൃതസൌന്ദര്യമായ്‌

രജനീ യമുനാ പുളിനങ്ങളെല്ലാം
നീലനിലാവു നിറഞ്ഞു നില്‍ക്കേ
രാസകേളീലയഭാവങ്ങളെല്ലാം
രാധയില്‍ രാഗനിറം ചാര്‍ത്തി നിന്നു
മാധവനൊരു സ്വപ്നച്ചിമിഴില്‍ മറഞ്ഞു
ഞാനുമെന്‍ കണ്ണനെക്കാണാതലഞ്ഞു

സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍ കണ്ണാ
കാണണം നിന്‍ രൂപം
മോഹന സങ്കല്‍പ്പ സൌന്ദര്യമൊത്തൊരാ
കൈവല്യകേദാരം

58. ഗേയമതൊന്നേ നാരായണനാമം

ഗേയമതൊന്നേ നാരായണനാമം

ഗേയമതൊന്നേ നാരായണനാമം
ധ്യേയമതൊന്നേ നാരായണം..
നരായണാ എന്ന നാമ മന്ത്രം
മന്നില്‍ നാനാ ദു:ഖ നിവാരകം
നര ഹരി രൂപ സ്മരണമെന്നുള്ളില്‍
ഈശാവാസ്യ സുദര്‍ശനം

തൂണില്‍ തുരുമ്പില്‍ പുല്‍ക്കൊടിയില്‍
പ്രണവ സുനാദത്തിന്‍ നിര്‍ഝരി
പ്രത്യക്ഷ രൂപമായ്‌ താവക ചൈതന്യ
ധാരയില്‍ ഞാനുമൊരു വൈഖരി
നിത്യമനന്ത നഭസ്സില്‍ നിറയുമൊ-
രോങ്കാര മന്ത്ര സ്വരമഞ്ജരി
എന്‍ സപ്തസ്വര നീരാഞ്ജലി

ആയിരം രാഗങ്ങളാല്‍ വര്‍ണ്ണിച്ചുവെന്നാലും
ആകുമോ നിന്‍ മഹിമാ കഥനം
ആയിരം നാമങ്ങള്‍ നിത്യം ജപിച്ചാലും
തീരുമോ മാനസ താപത്രയം
കലിമലമകറ്റും നാരായണ മന്ത്ര
സ്മരണയിതാകട്ടെ എന്‍ സാധകം

57. ആഞ്ഞമല്ലല്ലോ

ആഞ്ഞമല്ലല്ലോ ഞാന്‍... 

ആഞ്ഞമല്ലല്ലോ ഞാനെന്നകതാരിനുള്ളില്‍
കണ്ണനെക്കണ്ടുണരാന്‍
സാന്ദ്രാനന്ദം പാടി പുകഴ്ത്തിയ
ചെമ്പെയുമല്ലല്ലോ ഞാന്‍.
കണ്ണാ.....

ഭക്തയാം മഞ്ജുള നിത്യവും കണ്ടതും
കാര്‍മുകില്‍ വര്‍ണ്ണനെയല്ലോ
ആ തിരുമാറിലണിഞ്ഞുവിലസുന്ന
വനമാലയായതവള്‍
കണ്ണന്റെ ഗോപികയായതവള്‍


കണ്ണന്റെ ശിരസ്സിലെ വേപഥുപോക്കാന്‍
ഗോപികതന്‍ പദധൂളി
ദ്വാരകാനാഥന്റെ പൈദാഹമകറ്റാന്‍
വിയര്‍പ്പില്‍ കുതിര്‍ന്നോരവില്‍പ്പൊതി
ഭക്തിനിറച്ചെന്തു നീട്ടിയാലും കണ്ണന്‍
കൈനീട്ടി വാങ്ങുന്നൂ...  ആ
മലര്‍ക്കന്യാമണവാളനൊക്കെയുമാവാം

56. അപ്രതീക്ഷിതം

അപ്രതീക്ഷിതം

അപ്രതീക്ഷിതം സുപ്രസന്നമീ സുപ്രസാദ സങ്കീര്‍ത്തനം
അപ്രമേയ നിന്നാത്മ ചൈതന്യമാകവേ ഭുവി പൂരിതം
സര്‍വ്വസാഗര മന്തരീക്ഷ ധ്യോവിലും ക്ഷീര പഥത്തിലും
സത്യമാനന്ദ ചിന്തയാലുന്നതം നിന്‍ സ്മരണയും

അര്‍ക്ക ചന്ദ്രാതിയൊക്കെയും നിന്‍പ്രഭാപൂര നിര്‍ഭരം
നിര്‍മ്മലാനന്ദ സ്നേഹമൊക്കെയും നിര്‍മ്മമത നിറഞ്ഞതാം
നമ്മിലാകവേ പൂത്തുനില്‍പ്പൂ വിശുദ്ധി കൈക്കൊണ്ട പൂവുകള്‍
കാവുതോറും പറന്നു പാടി നടക്കയാണീ ചെറു പക്ഷിയും

താവകാനന്ദ മൂര്‍ഝയില്‍ ഞാനുമാക്കണി കണ്ടുണര്‍ ന്നുവോ
കേവലം മര്‍ത്ത്യ രൂപമെന്നതുമേവം ഞാനും മറന്നുവോ
ആത്മചൈതന്യ ധാരയിലൊരു കാല്‍പ്പനീക കവിതപോല്‍
നിത്യമാനന്ദ ചിന്തയില്‍ മനം എന്നുമെന്നുണര്‍ന്നേല്‍ ക്കുമോ

ദേഹബുദ്ധിയില്‍ ഞാനവിടുത്തെ ദാസനായി കൃതാര്‍ദ്ധനായ്‌
ജീവഭാവത്തില്‍ താവകാത്മാവിന്‍ ഭാഗമായ്‌ ഞാന്‍ വിലോലനായ്‌
ആത്മഭാവേന ഞാനവിടുത്തെ സത്തയില്‍ വിലയിക്കവേ
ഞാനും ചൈതന്യധാരയും എന്നുമേകമാം സത്തതൊന്നല്ലോ

55. ആന മുഖനേ ശ്രീ ഗണനായക

ആന മുഖനേ ശ്രീ ഗണനായക


ആന മുഖനേ ശ്രീ ഗണനായക
പാഹിമാം വിഘ്നേശ്വരാ
പരിപാലയാം ലംബോധരാ

വേദാദിവന്ദ്യ പ്രഭോ തവ ബുദ്ധിയില്‍
വേദാന്ത വിദ്യയവിദ്യയുമെല്ലാം
ഏകദന്തമാം എഴുത്താണിയാല്‍ തീര്‍ത്തു
വേദാതിപൂര്‍ണ്ണം കാവ്യമനേകം.....
അക്ഷരാതീതം ജ്ഞാനപ്പഴം മമ
കല്‍പ്പനാതീതം ചരണയുഗം

പരമേശ്വരതനയാ പരിപാലയ
പാഹിമാം പരം പൊരുളേ ഗണനായക
ദുര്‍ഘടസംസാര പദ്ധതി മദ്ധ്യേ
വിഘ്നേശ്വരാ തുമ്പിക്കയ്യാണവലംബനം

54. രാമാ ശ്രീ രഘുരാമാ

രാമാ ശ്രീ രഘുരാമാ
രാമാ ശ്രീ രഘുരാമാ
പൂര്‍ണ്ണദിവാകര ശോഭിത ധാമാ
ദാശരഥീ രഘു രാമാ രാമാ..

രാമാ അത്മാഭിരാമാ
യോഗവാസിഷ്ട പ്രകീര്‍ത്തിത ധാമാ
മാമുനിസേവിത രാമാ രാമാ..

രാമാ ധനുര്‍ദ്ധര വീരാ
കാമാരി ചാപ വിഭഞ്ജക രാമാ
സീതാ വല്ലഭ രാമാ രാമാ..

രാമാ ഹൃദയാഭിരാമാ
കാനന വാസ നിയോഗിത രാമാ
ലക്ഷ്മണ ഗീതാ രാമാ രാമാ..

ഭക്തപരായണ ധാമാ
ഹനുമത സേവിതനദ്വയ രാമാ
ശബരീ പാലക രാമാ രാമാ..

രാമാ ഉമാപതിസ്സേവ്യാ
ത്രിപുരാന്തകപ്രിയ, രാവണ ഹന്താ
പാഹി ജഗല്‍പ്പതേ രാമാ രാമാ..

രാമാ പട്ടാഭി രാമാ
രാമരാജ്യ സ്ഥിതി സ്ഥാപിത രാജാ
രാമാ ശ്രീരാമചന്ദ്രാ രാമാ..

53. പ്രണവാധാര പ്രഭ

പ്രണവാധാര പ്രഭ
അറിയാതെയെന്നുടെ അകതാരിനുള്ളില്‍
അനവരതമുണരുന്നു പ്രണവ ധ്വനി
അകമലര്‍കൊണ്ടു ഞാന്‍ അനുദിനം അര്‍ച്ചിപ്പൂ
അവിടുത്തെ ദിവ്യമാം ചില്‍സ്വരൂപം
അതില്‍ ദര്‍ശിതമാകുമോ തല്‍സ്വരൂപം?
എന്നില്‍ അറിവിന്റെ നിറമാല നിറവാകുമോ?

ആധാരശിലയില്‍ ഞാനുറപ്പിച്ചതാ
ണവിടുത്തെ ദിവ്യമാം രൂപ ഭംഗി
അഞ്ജന ശിലയില്‍ അവതീര്‍ണ്ണയാം നീ
അക്ഷരബ്രഹ്മ പൊരുളല്ലയോ?
അക്ഷരാതീതമാം ഉണ്മയല്ലോ
പ്രണവത്തിന്‍ പ്രത്യക്ഷ ലക്ഷ്യമായ്‌ മേവിയ
സാധനയ്ക്കാധാരവും നീയല്ലയോ?

പ്രതിദിനവുമവിടുത്തെ തിരുവെഴുന്നള്ളത്തി-
ന്നറിവോടെയെടുക്കാം പൊന്‍ തിടമ്പ്‌
അനുപദമെന്നുള്ളില്‍ അനുരണനം ചെയ്യും
പ്രണവം പ്രാണന്റെ നിജ സ്പന്ദനമായ്‌
അറിവായുണര്‍വ്വായി ഉര്‍വ്വരമാകുന്നൊ
രുണ്മയ്ക്കു മുണ്മയായ്‌ തെളിയേണമേ
എന്നകതാരുമവിടുത്തെ പ്രഭചൂഴണേ

52. അന്‍പേ ശിവം


അന്‍പേ ശിവം
അന്‍പേ ശിവം, അന്‍പേ ശിവം
അന്‍പേ ശിവം ശങ്കരം
അന്‍പേ ശിവം, അന്‍പേ ശിവം
അന്‍പേ ശിവം സുന്ദരം

ആനന്ദമായ്‌ അല്‍ഭുതമായയായ്‌
ചിദാനന്ദമായ്‌ ചിന്മയ ഭാവമായ്‌
നവ്യാനുഭൂതിതന്‍ ഉത്തുംഗശൃംഗത്തില്‍
പ്രണവത്തിലുണരുന്ന ചില്‍സ്വരൂപം
അന്‍പേ ശിവം, അന്‍പേ ശിവം
അന്‍പേ ശിവം ശങ്കരം
അന്‍പേ ശിവം സുന്ദരം

ഓങ്കാര സാന്ദ്രദം സച്ചിദാനന്ദം
സാകാരം അക്ഷരം അവ്യയമാനം
നിരാകാര ബ്രഹ്മം നിരീഹം നിദാനം
സംസാര കര്‍മ്മാദി വീതം പവിത്രം
അന്‍പേ ശിവം, അന്‍പേ ശിവം
അന്‍പേ ശിവം ശങ്കരം

അന്‍പേ ശിവം സുന്ദരം

51. വാര്‍ മഴവില്ലിന്നേഴുനിറം

വാര്‍ മഴവില്ലിന്നേഴുനിറം


വാര്‍ മഴവില്ലിന്നേഴുനിറം ആ
കാര്‍മുകില്‍ വര്‍ണ്ണനുമേഴഴക്‌
കാലില്‍ ചിലമ്പിന്നേഴു ജതി ആ
കോലക്കുഴലിലിന്നേഴു സ്വരം
രാഗ മാലികാ പ്രപഞ്ച ലയം

ഏഴു നിറങ്ങളും ചേര്‍ന്നാല്‍ ധവളിമ
ഏഴു സ്വരങ്ങളില്‍ പാട്ടിന്‍ സരിഗമ
രാഗപരാഗം തൂവാന്‍ കണ്ണന്റെ
കോലക്കുഴലിന്‍ നാദ മധുരിമ
രാഗ സുധാ രസ ലാസ്യ ലയം

മോഹന രാഗത്തിന്‍ മോഹിതവലയം
ലീലാനടനത്തിന്‍ ലയ ലാസ്യ ഭാവം
രാധാ മാധവ ലയമധുരിമയില്‍
പൂത്തുലഞ്ഞതു നീലക്കടമ്പോ
ഹര്‍ഷപുളകത്തിന്‍ പുതു മലരോ

50. ആധാരശ്രുതി

ആധാരശ്രുതി
https://www.youtube.com/watch?v=goA5P9-uNso#t=32


ആധാരശ്രുതിയായെന്നില്‍
എപ്പോഴും നിറവല്ലോ
കോലക്കുഴല്‍ വഴിയും രാഗരസം
കണ്ണന്റെ വേണുവിലൂറും നാദലയം
ആധാരശിലയായി നിത്യമുള്ളിലുണ്ടല്ലോ
കാര്‍മുകില്‍ വര്‍ണ്ണന്റെ രൂപഭംഗി
കോമളം ശ്യാമളമാ തിരുമേനി

രാധാ പ്രണയം കണ്ണന്റെ പാട്ടുപോല്‍
ശ്രുതിശുദ്ധം ഹാ.. ലയ ഭരിതം
രാധയ്ക്കു തന്നുള്ളില്‍ നിത്യവും ധാരയായ്‌
പെയ്തിറങ്ങുന്നൂ രാഗരസം
യമുനയില്‍ കണ്ണനൊപ്പം നീന്തിത്തുടിക്കുമ്പോള്‍
അപ്പൊഴും അവള്‍ കേള്‍പ്പതാലാപനം
മധുരമധുരമാമാലാപനം

ഹരി ഹരിയെന്‍ മനം പാടുന്നതെല്ലാം
ഹരികാംബോജിയില്‍ പ്രണവ രവം

പ്രാണനില്‍ നിസ്തന്ദ്രം ശ്രുതിയായീ പ്രണവം
ആനന്ദവേണുനാദം സുകൃതലയം
രാധയിലെന്നപോല്‍ എന്നിലും നിന്‍ രൂപം
ജീവന്റെ ആധാര ശിലയായീ - അതു
ഹരി ഹരിനാമ ജപമല്ലോ

49. വേലെടുത്തെന്നുള്ളില്‍

വേലെടുത്തെന്നുള്ളില്‍ 

വേലെടുത്തെന്നുള്ളില്‍ വിളയാടി നില്‍ക്കുന്നു 
വേലായുധ സ്വാമി കാര്‍ത്തികേയന്‍
മാമയിലേറിയും മലയിതിലമര്‍ന്നും
ഉലകം കാക്കുന്നു സേനാപതി
വേദന തീര്‍ക്കുവാന്‍ വേദപാരംഗതന്‍
സാമോദമരുളുന്നു പളനിതന്നില്‍
എന്നെ കാത്തിരിക്കുന്നൂ വേലായുധന്‍

ആണ്ടിയായ്‌ പണ്ടാര ഭാണ്ഡങ്ങള്‍ താങ്ങിയും
ജീവിതക്കാവടിയാടിയാടിയും
പാതകള്‍ താണ്ടി ഞാന്‍ വന്നണയുന്നേരം
കാത്തുകൊള്ളും എന്നെ വള്ളി കാന്തന്‍
കാമാദിയായുള്ളോരാറു വൈരങ്ങളെ
വേരോടറുത്തു തരും ആറുമുഖന്‍
ഒരു നുള്ളു ചാരവും പഞ്ചാമൃതവും
എനിക്കായ്‌ കരുതും തിരുമുരുകന്‍
എനിക്കെന്നെന്നുമാശ്രയം വേലായുധന്‍

ഏട്ടന്‍ ജയിച്ചു കാണാന്‍ ജ്ഞാനപ്പഴത്തിനെ
പോട്ടെന്നു വച്ചതീ മയില്‍ വാഹനന്‍
ജ്ഞാന വിജ്ഞാനത്തിന്‍ തത്ത്വപ്പരം പൊരുള്‍
താതന്നു കാതിലോതിക്കൊടുത്തൂ കന്തന്‍
നെറ്റിക്കണ്ണുടയോന്റെ ധ്യാന സപര്യതന്‍
സാകല്യ മൂര്‍ത്തിയീ ഷണ്മുഖനാഥന്‍
നെറ്റിമേലിട്ടൂള്ള ഭസ്മക്കുറിപോലെ
പ്രത്യക്ഷ ദൈവതം ശ്രീ മുരുകന്‍ 

എന്‍ പ്രത്യക്ഷ ദൈവതം വേലായുധന്‍

48. ഗോലോക വൃന്ദാവനം












ഗോലോക വൃന്ദാവനം

ഗോലോക വൃന്ദാവനം ഈ
ഭൂലോക വൈകുണ്ഠം
ശ്രീ ഗുരുവായൂരെന്നും മനസ്സിലെ
ഗോലോകവൃന്ദാവനം


ഊര്‍ത്ഥമൂലം മഞ്ജുളാല്‍ ഉലയുന്നു
കാടിന്റെ രോമാഞ്ചം പൂക്കടമ്പേല്‍ക്കുന്നു
ഗീതാസാരത്തില്‍ ഗോലോകമുണരുന്നു
ശ്രീ ഗുരുവായൂരില്‍ നാകങ്ങള്‍ തോല്‍ക്കുന്നു


ഉഷപ്പൂജയിലെ കണ്ണനെ കാണാന്‍
മതിമറന്നെന്നുള്ളമാകെ തുടിക്കവേ
നടതുറക്കുമ്പോളെന്‍ കണ്ണനെ കണ്ടെന്നാല്‍
കാണാന്‍ മറ്റൊന്നുമില്ല മന്നില്‍
കാണാന്‍ മറ്റൊന്നുമില്ല

47. ഹരി ഗോവിന്ദം




















ഹരി ഗോവിന്ദം
ഗോകുലബാലം ഹരി ഗോവിന്ദം
ഗോവര്‍ദ്ധനഗിരിധാരി മുകുന്ദം
ഗോപീഹൃദയാവര്‍ജ്ജക ഗാത്രം
താപനിവാരക ഭാസുര രൂപം

ആത്മാനാത്മ വിവേകവിശേഷം
ആര്‍ജ്ജിത കര്‍മ്മഫലാദിവിദൂരം
അര്‍ജ്ജുന മാനസവീതവിഷാദം
ഗീതാമൃത മധുധാരാ സുകൃതം

മണിഗണനാദാലംകൃത വസനം
വനമാലാധര സുന്ദര ദേഹം
സ്വേദമണീപരിശോഭിത ഫാലം
നവനീതാമൃത പൂരിത വക്ത്രം

ആഗമനിഗമ പ്രകീര്‍ത്തിതരൂപം
ആത്മസ്വരൂപമനാദിമധ്യാന്തം
അനന്ദപ്രദ കൈശോരവേഷം
ആത്മാനന്ദ വിലോലവിശേഷം