അയ്യപ്പ തൃപ്പാദ പങ്കജ പൂജ

അയ്യപ്പ തൃപ്പാദ പങ്കജ പൂജ

അയ്യപ്പസ്വാമിയുടെ മേല്‍ശാന്തിയാവാന്‍ അവസരം കിട്ടുന്നയാള്‍ പുറപ്പെടാ ശാന്തിയാണ്. അദ്ദേഹത്തിന് അയ്യപ്പന്‍ തന്‍റെ പ്രിയപുത്രനെന്നപോലെ സത്യമായ, പൊന്നുപതിനെട്ടാം പടിയില്‍  വാണരുളുന്ന, കണ്മുന്നില്‍  ദിവസവും കണി കാണുന്ന പ്രത്യക്ഷദൈവതമാണ്. അതിരാവിലെ ശ്രീകോവില്‍ തുറക്കുന്നതുമുതല്‍ വൈകുന്നേരം അയ്യപ്പനെ ഉറക്കി നടയടച്ച്  ഹരിവരാസനം പാടി പടിയിറങ്ങി മടങ്ങി പോകുന്നതുവരെയുള്ള സഗുണോപാസന മേല്‍ശാന്തിയ്ക്ക് കൈവല്യമാണ്. മുജ്ജന്മ സുകൃതമാണ്! ഭക്തജനസുകൃതമാണ്!


---------------------------------------------
അയ്യപ്പ തൃപ്പാദ പങ്കജ പൂജയില്‍
ആത്മാര്‍പ്പണം ചെയ്ത സാഫല്യം
ആര്‍ജ്ജിത പുണ്യസാഫല്യം
തിരുനടവീണു വണങ്ങി മണികൊട്ടുമ്പോള്‍
എപ്പോഴും എന്നുള്ളിലാനന്ദ നിര്‍വൃതി

ശ്രീകോവിലെത്തിയാലടിമുടി മന്ത്ര-
മുഖരിതം അയ്യപ്പ നാമജപം
നഭസ്സിലും മനസ്സിലും ശരണമന്ത്രങ്ങള്‍
ശ്രീകോവില്‍ നിറയും തിരുശംഖ നാദം

തുയിലുണര്‍ന്നേറ്റൊരാ ചിന്മയരൂപം
എണ്ണയും വാകയും തേച്ചൊരുക്കി
പുണ്യാഹമോടെ പുരുഷസൂക്തവും ചൊല്ലി
രുദ്രജപത്തോടെ അഭിഷേകമാടി
തുളസിയും ചന്ദനവുമാവോളം ചാര്‍ത്തി
അയ്യപ്പദര്‍ശനമൊരുക്കി വച്ചാല്‍
ഭക്തഹൃദയങ്ങള്‍ പുളകച്ചാര്‍ത്തണിയും
ദര്‍ശനപുണ്യ പ്രഭാതപൂജ
മന്നില്‍ അയ്യനയ്യപ്പനല്ലോ പൊന്‍കണി

പട്ടുടയാടയാല്‍ അലങ്കാരമാടി,
നൈവേദ്യമുണ്ണവേ മനം മയങ്ങീ
ചിന്മുദ്രയേന്തിയ കലിയുഗവരദന്‍
മേല്‍ശാന്തിയിവനോ പ്രിയതനയന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയതാതന്‍

ആയിരമായിരം ഭക്തഹൃദയങ്ങള്‍
ദര്‍ശനസൌഭാഗ്യമാര്‍ന്നു
അത്താഴപ്പൂജയും കഴിഞ്ഞു
പാരില്‍ പുകള്‍ പെറ്റ ഹരിവരാസനം
പാടിയാ സോപാനപ്പടിയിറങ്ങി
മനസ്സിലെ പടിപൂജ നൂറ്റൊന്നാവൃതം
നോല്‍ക്കവേ നരജന്മസാഫല്യമായ്‌

കുഞ്ഞിനെ താരാട്ടു പാടിയുറക്കിയപോല്‍
നിര്‍വൃതിയടയുന്ന സേവകന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍..