28 മാരിവില്ലുപോലെ മനതാരിലൊന്നു വന്നു

 From Bhakthapriya Magazine June 2010

27 പീലിത്തിരുമുടി പീതാംബരം

From the Bhakthapriya Magazine July 2009

26 വക്തവ്യമല്ലഹോ ചിദ് പുരുഷാനന്ദം

വക്തവ്യമല്ലഹോ

വക്തവ്യമല്ലഹോ ചില്‍പുരുഷാനന്ദ
മെങ്കിലും ഞാന്‍ പാടുന്നു
ക്ഷന്തവ്യമല്ലവയെങ്കിലും
നിന്നെയെന്‍ വാക്കിനാല്‍ ഞാന്‍ വര്‍ണ്ണിച്ചു
എന്നെ കാണിക്കയായ്‌ സമര്‍പ്പിച്ചു

കേശാദി പാദം ദിവ്യപ്രഭയെന്നു
കേവലന്‍ ഞാന്‍ പുകഴ്ത്തി, നിന്നെ
കാണാതെ കണ്ടെന്നു നിനച്ചു
ഉള്ളിലിരുന്നു നീ പുഞ്ചിരി തൂകുമ്പോള്‍
ഉള്ളം തുറന്നു ഞാന്‍ പാടീ വീണ്ടും
ഉയിരിനെ ഉണര്‍ത്തുന്ന പ്രഭ തേടി.

എങ്ങും തിരയാതെ തന്നെത്തിരഞ്ഞപ്പോള്‍
ഉള്ളിലെ ഉലയിലും കനല്‍തെളിഞ്ഞൂ
തിങ്ങുന്ന സംസാര വേപഥു പോലുമീ
തല്‍സ്വരൂപത്തില്‍ സുകൃതമായീ ഞാനും
തല്‍സ്വരൂപത്താല്‍ പവിത്രമായി

25 സന്മയനേ ചിന്മയനേ

സന്മയനേ ചിന്മയനേ

സന്മയനേ ചിന്മയനേ
മാമലയില്‍ വാഴും നായകനേ
മഹിഷീ മര്‍ദ്ദന കന്മഷ നാശന
മാമക രക്ഷകനയ്യപ്പനേ

ഷണ്മുഖ സോദരഭഗവാനേ
കലി ദോഷമകറ്റും ചിദ്‌ പൊരുളേ
ചിന്മുദ്രകാട്ടി വിരാജിക്കും താരക
ബ്രഹ്മമേ കണ്‍കണ്ട ദൈവതമേ

കായബലത്തോടെ ബോധബലം നല്‍കും
കാനനം താണ്ടി ഞാനെത്തുമ്പോള്‍
എന്‍പുണ്യ പാപച്ചുമടുകളെല്ലാമേ
നടയിലര്‍പ്പിക്കുവാനാകണമേ

വന്‍പുലിയേറിയ ദേവ ദേവാ
മമ മനസ കാനനമേറിയാലും
അവിടുള്ള കാട്ടു മൃഗമാകും ഞാനെന്ന
ഭാവത്തിന്‍ പുറമേറി വാണാലും

പ്രത്യക്ഷമൂര്‍ത്തിയായ്‌ ശബരിമലയിതില്‍
വാണരുളുന്ന പരം പൊരുളേ
കൈവല്യമേകുമാ ദര്‍ശന പുണ്യത്തി-
നാളാക്കിയെന്നെ നയിക്കേണമേ

24 സ്വാമീ ശരണം അയ്യപ്പാ

സ്വാമീ  ശരണം അയ്യപ്പാ

സ്വാമീ  ശരണം അയ്യപ്പാ
ശബരി ഗിരീശാ മണികണ്ഠാ
ശരണാഗതരാം അടിയങ്ങള്‍
ചരണം തേടി വരുന്നയ്യാ

പമ്പാ ഗണപതി സോദരനയ്യന്‍
പന്തള രാജ കുമാരന്‍ ദേവന്‍
പാപ വിനാശക ചിന്മയ രൂപന്‍
പാരിന്‍ പരമ പൊരുളാം അയ്യന്‍

ഹരിഹര തനയന്‍ മാമല വാസന്‍
കര്‍പ്പൂര പ്രിയ ജ്യോതി സ്വരൂപന്‍
ശരണം തരുവോന്‍ മമ മണികണ്ഠന്‍
വരമായെന്നും ചരണം ശരണം

23 തിരുസന്നിധാനം

തിരുസന്നിധാനം  Audio


തിരു സന്നിധാനം


തിരു സന്നിധാനം തിരുസന്നിധാനം
ഹൃദയാഭിരാമന്റെ സന്നിധാനം
ചിന്മുദ്രയേന്തീ...
ചിന്മുദ്രയേന്തിയൊരയ്യപ്പ ചരണം
ഭക്തകോടികള്‍ക്കും പരമപദം
സര്‍വ്വ സിദ്ധിപ്രദായകം സന്നിധാനം

അയ്യപ്പന്മാരൊത്തു വിരിവെച്ചു പമ്പയില്‍
മൃഷ്ടാന്നമായൊരു സദ്യയുണ്ടു
സദ്യോദയം ഗുരുസ്വാമിയില്‍ നിന്നുമാ
ചില്‍പുരുഷന്‍ തന്‍ കഥകള്‍ കേട്ടു
അരവണപ്പായസം അളവോടെയുണ്ടു-
മുള്‍ത്താരുമൊരല്‍പ്പം പവിത്രമാക്കി
സന്നിധാനത്തിന്‍ വിശുദ്ധി കൊണ്ടയ്യനാം
അയ്യപ്പനാമാധികാരിയായി ഞാന്‍
അയ്യപ്പ നാമാധികാരിയായി

ഹരി വരാസനം വിശ്വമോഹനം...

ശബരിഗിരീശ്വര നിന്‍ നാമമല്ലാതെന്‍
നാവിന്റെ തുമ്പിലിന്നൊന്നുമില്ല
അവിടുത്തെ കര്‍പ്പൂര പ്രഭയുള്ളില്‍ തെളിയുന്നു
അടിയന്റെ മാനസം സന്നിധാനം
പാരിതില്‍ നാക സൌഭാഗ്യം വിളയുന്ന
തിരുനടയല്ലയോ സന്നിധാനം
സകല ചിന്താദികള്‍ തീരുന്നിടം
ജന്മ സുകൃത
പൂങ്കാവനം സന്നിധാനം
എന്നും വിമല പൂങ്കാവനം സന്നിധാനം

22 സാമീപ്യം സാരൂപ്യം, സായൂജ്യം

Audio Rendering

സാമീപ്യം, സാരൂപ്യം സായൂജ്യം

അയ്യപ്പനയ്യാ അയ്യപ്പനയ്യാ
ആശ്രിത വത്സല നയ്യാ
ആനന്ദ ജ്യോതി പ്രഭാവ സ്വരൂപാ
അദ്വൈത മൂര്‍ത്തിയാം അയ്യാ

അയ്യപ്പനയ്യാ അയ്യപ്പനയ്യാ

മണ്ഡലമായാല്‍ മന്മനമാകും
മന്ദിരമെല്ലാമണിഞ്ഞൊരുങ്ങും
മണികണ്ഠനയ്യന്‍ മനസ്സില്‍ നിറയും
മനമൊരു മലയിലെത്തും ശബരി
മലയിലെന്‍ മനസ്സുമെത്തും

അയ്യപ്പനയ്യാ അയ്യപ്പനയ്യാ

ശരണമന്ത്രങ്ങള്‍ ഉള്ളില്‍ നിറയും
സകലദുഖങ്ങളുമകലും ഞാന്‍
അയ്യന്റെ സാമീപ്യമറിയും
ധര്‍മ്മശാസ്താവിന്‍ സവിധം തേടും
സാന്ദ്രാനന്ദമറിയും ഞാനും
അയ്യനായ്‌ സാരൂപ്യമണിയും

അയ്യപ്പനയ്യാ അയ്യപ്പനയ്യാ

ഇരുമുടിക്കെട്ടുമായ്‌ മലയില്‍
ശരണം പണിഞ്ഞെത്തുമടിയന്‍
നെയ്യാഭിഷിക്തം ദിവ്യം
ധന്യമയ്യപ്പ ദര്‍ശനം തേടും
സന്നിധാനത്തിലെന്നയ്യനെക്കാണും
ജന്മസായൂജ്യമടയും ഞാന്‍
നരജന്മ സായൂജ്യമടയും

അയ്യപ്പനയ്യാ അയ്യപ്പനയ്യാ

21 മലയില്‍ മകരജ്യോതി

മലയില്‍ മകരജ്യോതി


അയ്യനേ അയ്യപ്പനേ ശാസ്താവേ ശരണം
അയ്യനേ അയ്യപ്പനേ ശരണം നീ മാത്രം
സ്വാമീ ശരണം നീ മാത്രം

മലയില്‍ മകരജ്യോതി പരത്തും
ആനന്ദപ്പൊരുളേ - സ്വാമീ
മനസ്സില്‍ പ്രേമപ്പൊരുളു നിറയ്ക്കും
അദ്വൈതക്കനിയേ - സ്വാമീ
ഉണരും പ്രണവപ്പൊരുളില്‍ വിശ്വം
നിറയും ഹരിഹരനേ - സ്വാമീ
ഇരുമുടി താങ്ങിയ ഭക്തമനസ്സിനു
ശരണം നീ മാത്രം സ്വാമീ
ശരണം നീ മാത്രം

ഉയര്‍ന്നുയര്‍ന്നു വരുന്നു കാട്ടില്‍
ശരണഘോഷങ്ങള്‍ -  സ്വാമീ
അകന്നകന്നു പോയ്‌ അഴലുകളെല്ലാം
അയ്യന്‍ തിരുനടയില്‍ - സ്വാമീ
വാനില്‍ ഉയരെ പറന്നു ചുറ്റും
പരുന്തു പോലെന്നും - സ്വാമീ
ആമയമില്ലാതാ തിരുനടയില്‍
അടിയനുമെത്തേണം - സ്വാമീ
അടിയനുമെത്തേണം

പതിനെട്ടാം പടികേറിയിറങ്ങി
ഭക്ത മന കോടി- സ്വാമീ
നെയ്യഭിഷേകം ചെയ്തു വിളങ്ങി
അയ്യന്‍ തിരുമേനി - സ്വാമീ
നെയ്യഭിഷേകം കണ്ടു കുളുര്‍ന്നു
കണ്ണുമകക്കണും - സ്വാമീ
തത്ത്വമസിക്കൊരു പ്രത്യക്ഷം നീ
ആത്മപരം ജ്യോതി - സ്വാമീ
മാമല വാഴും അയ്യന്‍ പോലെ
ഞാനുമൊരയ്യപ്പന്‍ - സ്വാമീ
ആത്മപരം ജ്യോതി

20 മന്ദിരമെന്‍ മനം

മന്ദിരമെന്‍ മനം

മന്ദിരമെന്‍ മനം
മാമലവാസന്റെ സന്നിഭമാണിന്നെന്റെ മനം
സുന്ദരമെന്‍ തനു
ഹരിഹരതനയന്റെ സാരൂപ്യമാണു
ഞാന്‍ മാലയിട്ടാല്‍
ശബരീ മല കേറാന്‍ മാലയിട്ടാല്‍

വന്‍ പുലി വാഴും കാനനമെങ്കിലും
അയ്യപ്പനുണ്ടെന്നാല്‍ വനം മന്ദിരം
പാപ പുണ്യങ്ങള്‍ തന്‍ ദ്വന്ദമുണ്ടെങ്കിലും
ശരണം പണിഞ്ഞാല്‍ മനം മന്ദിരം
സ്വാമി ശരണം പണിഞ്ഞാല്‍ മനം മന്ദിരം

കാനന നീലിമയൊക്കെയും അയ്യന്റെ
കാമനയ്ക്കൊത്തങ്ങു നില്‍ക്കുന്നു
വാനവും ഭൂമിയുമൊക്കവേ അയ്യന്റെ
കാലിണ പണിയാന്‍ കാക്കുന്നു
അയ്യപ്പകോടികള്‍ ചേര്‍ന്നു വിളിക്കുന്നൂ
ശരണം അയ്യപ്പാ ശരണം സ്വാമി
ശരണം അയ്യപ്പാ ശരണം

കാനനം മന്ദിരമാക്കിയെടുത്തപോല്‍
എന്‍ മനം ഇന്നൊരു കോവിലായി
വന്യ മൃഗങ്ങള്‍ തന്‍ ഹുങ്കാരമല്ലുള്ളില്‍
ശരണ മന്ത്ര ധ്വനിയാം ഓംകാരം
ദീപജോതിയില്‍ ഒരു കിരണം എന്‍
ഹൃദ്‌ കമലത്തില്‍ പതിക്കേ
അയ്യപ്പ നാമമെന്നുള്ളില്‍ മുഴങ്ങീ
ഓങ്കാരമായി നാം ഒന്നായി
തത്ത്വമസിയെന്ന ഗുരുവാക്യമയ്യപ്പന്‍
പ്രത്യക്ഷ മാത്രപ്പൊരുളാക്കി

19 പൊന്മല പൊന്മല

പൊന്‍മല പൊന്‍മല പുണ്യമല

പൊന്‍ മല പൊന്‍ മല പുണ്യമല
ധര്‍മ്മ ശാസ്താവിരിക്കും ശബരിമല
സ്വാമി ശരണമെന്നൊത്തുവിളിച്ചാല്‍
വീളിപ്പുറത്തെത്തുമെന്നയ്യപ്പന്‍

താരക ബ്രഹ്മമാണയ്യപ്പന്‍
പാരിന്നാരാദ്ധ്യ ദൈവതമയ്യപ്പന്‍
ധര്‍മ്മ ശാസ്താവിന്‍ അവതാരം
സര്‍വ്വ ധര്‍മ്മ തത്ത്വത്തിന്‍ കേദാരം

മഹിഷിയെയടക്കീ മദമടക്കി
മാളികപ്പുറത്തമ്മയായ്‌ കുടിയിരുത്തി
വന്‍പുലി വാഹനമേറി വന്നയ്യപ്പന്‍
അന്‍പോടരുളുന്നു പൊന്‍ മലയില്‍

ഭക്തകണ്ഠങ്ങളില്‍ അയ്യപ്പനാമം
ചിത്തത്തില്‍ മണികണ്ഠ തൃപ്പാദ പദ്മം
ജീവിത കാനന പാതയിലെന്നും
പാദബലം തരും ആ ദിവ നാമം

കര്‍പ്പൂര ദീപപ്രഭ ചാര്‍ത്തി
തിരുവാഭരണത്താല്‍ അലങ്കരിച്ചും
നെയ്യഭിഷേകത്താല്‍ അകം നിറഞ്ഞയ്യപ്പന്‍
ചിന്മുദ്ര കാട്ടി വിളങ്ങുന്നു

ആരിയങ്കാവിലെ ആരാദ്ധ്യ ദേവന്‍
അച്ചന്‍ കോവിലില്‍ അരചനാമയ്യന്‍
ആര്‍ത്ത പരായണന്‍ അദ്വൈതമൂര്‍ത്തി
ശബരീ ശൈ ലത്തില്‍ കലിയുഗവരദന്‍

18 സ്വാമി ശരണം പാടും

സ്വാമിശരണം പാടും 


സ്വാമിശരണം പാടും വ്രതശുദ്ധമായ മനസ്സില്‍
ഉടുക്കുപാട്ടിന്‍ തുണയായൊരു തുടിയായ്‌ ശരണം
സ്വാമിതന്‍ പ്രസാദം ശരണംവിളി ഘോഷം
അയ്യപ്പ പൂങ്കാവനത്തില്‍ വരദാഭയ ദര്‍ശനം
വരദാഭയ ദര്‍ശനം

പമ്പയില്‍ നീരാടിയെത്തി ഗണേശ ചരണം പൂകി
കാനന പാതകള്‍ കണ്ടും കാട്ടുപൂഞ്ചോലകള്‍ കേട്ടും
അയ്യപ്പ പൂങ്കാവനത്തില്‍ ഞാനാദ്യമായി എത്തി
ആരുടെ സുകൃതപുണ്യം ആര്‍ജ്ജിത ജന്മസുകൃതം
ആരുടെ സുകൃതപുണ്യം ആര്‍ജ്ജിത ജന്മസുകൃതം

നീലിമലകേറാന്‍ ശരംകുത്തി തൊഴുകാന്‍
കനിയുക വേണം പ്രഭോ കന്നിയയ്യപ്പന്‍ ഞാന്‍
കനിയുക വേണം പ്രഭോ കന്നിയയ്യപ്പന്‍ ഞാന്‍
ഇരുമുടിക്കെട്ടിലെ ഉരുക്കിയ നെയ്യുപോല്‍
ഉണര്‍വാകണം ഉള്ളില്‍ നിറവാകണം
ശരണവഴിയാകണം മനമോടും പാതകള്‍
ശരണവഴിയാകണം മനമോടും പാതകള്‍