6 അകത്തിരുന്നാരോ ശരണം വിളിക്കുന്നു

അകത്തിരുന്നാരോ ശരണം വിളിക്കുന്നു 


അകത്തിരുന്നാരോ ശരണം വിളിക്കുന്നു
അയ്യപ്പ സ്വാമിയോ ഞാനോ
പുറത്തിരുന്നന്‍പോടെ കാലമാം മാന്ത്രികന്‍
മണ്ഡലക്കുളിരണിയിക്കുന്നു
വൃശ്ചികപ്പുറമേറി വ്രതം നോല്‍ക്കുന്നു
മുറ തെറ്റാതെ ശരണം മുഴക്കുന്നു

ശരണമന്ത്രങ്ങള്‍ അനുസ്യൂതമെന്നില്‍
പ്രണവമോ ശ്വാസനിശ്വാസമോ
അയ്യപ്പ ദര്‍ശന സായൂജ്യ ചിന്തകള്‍
ഉള്‍ത്താരിനുള്ളില്‍ കുളിരോ
വാനില്‍ നിറദീപമംബിളിമലരോ

വൃശ്ചികക്കുളിരിലാ ദിവ്യ ജ്യോതിസ്സിന്‍
കിരണമൊന്നുള്ളില്‍ തെളിഞ്ഞോ
പശ്ചിമ ദിക്കില്‍ തെളിഞ്ഞുവോ ദീപം
സന്ധ്യക്കു സൂര്യന്‍ പോയ്മറയുന്നതു
മലയ്ക്കുപോയ്‌ അയ്യനെ കാണാനോ ദിനം
പടി പൂജ ചെയ്തു മടങ്ങാനോ

പത്തിന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും
ചിത്തവും ബുദ്ധ്യഹങ്കാരങ്ങളും
ഹരിഹരതനയന്റെ തിരുമുന്നില്‍ ഞാന്‍ കേറും
പതിനെട്ടു പടികളാണല്ലോ
മലകേറി പടി കേറി പടി പിറകോട്ടിറങ്ങി
മടങ്ങുമ്പോള്‍ ഞാന്‍ ധന്യധന്യന്‍
അഹമൊടുങ്ങുമ്പോള്‍ ഞാന്‍ സ്വാമി ഭക്തന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ